സൗന്ദര്യ സങ്കൽപങ്ങളുടെ പരിണാമ ദിശകൾ

വിമർശകരെക്കൊണ്ട് വരെ ഭംഗിസ്തുതി പാടിപ്പിച്ച അതിസുന്ദരിയായാണ് ചരിത്രത്തിൽ ഗണിക്കപ്പെടുന്നത്. തങ്ങളുടെ സാമ്രാജ്യം വെട്ടിപ്പിടിക്കാൻ വരുന്ന വിവിധ ഇടങ്ങളിലെ സേനാധിപതികൾ വശീകരിക്കപ്പെടുകയും, ‘ഹോളി ക്വീൻ’ (വേശ്യാരാജ്ഞി) എന്ന് വരെ അധിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലുള്ള ആകർഷണീയത ക്ലിയോപാട്രയുടെ രൂപത്തിലും പെരുമാറ്റത്തിലുമുണ്ടായിരുന്നു.

എന്നാൽ, ക്ലിയോപാട്രയുടെ ശരീരസൗന്ദര്യം എല്ലാവർക്കും ഒരുപോലെ ആകർഷണീയമായിരുന്നോ? രാജ്യസുന്ദരിയുടെ സൗന്ദര്യത്തിൽ ഒരു കൂട്ടർ ആകൃഷ്ടരാകുമ്പോഴും അതൊരു ഭംഗിയായി തോന്നാത്ത മറ്റൊരു കൂട്ടർ അവിടെ ഉണ്ടായിക്കാണില്ലേ? ആധുനിക സന്ദർഭത്തിലേക്ക് വരികയാണെങ്കിൽ, ലോകസുന്ദരിപ്പട്ടത്തിന് വേണ്ടി പരസ്പരം കിടകോർത്ത് സൗന്ദര്യമത്സരം നടത്തുന്ന ‘മിസ്സ് യുണിവേഴ്‌സുമാരുടെ’ സൗന്ദര്യവിലയിരുത്താൻ വേണ്ടി ഫേഷ്യൽ സിമ്മെട്രികളുടെ മാത്തമാറ്റിക്കൽ ജഡ്ജ്മെന്റിലേക്ക് വിധികർത്താക്കൾ ആശ്രയിക്കേണ്ടി വരുന്നത്, വ്യക്തിനിഷ്ഠമായ വിലയിരുത്തലുകൾക്ക് പരിമിതികളുണ്ടായത് കൊണ്ടാണോ?

ഇങ്ങനെ തുടങ്ങിയുള്ള അനവധി ചോദ്യങ്ങൾ ഫിലോസഫി ഓഫ് ഏസ്തെറ്റിക്സ് അടിസ്ഥാനമാക്കി നവകാല സൗന്ദര്യ സങ്കല്പത്തിൽ ഉയർന്നു വരുന്നുണ്ട്. സൗന്ദര്യം വസ്തുനിഷ്ഠമായാണോ ആത്മനിഷ്ഠമായാണോ നിർണ്ണയിക്കപ്പെടേണ്ടത് എന്ന അന്വേഷണമാണ് ഈ പഠനത്തിന്റെ അടിത്തറ. എന്താണ് പരമാർത്ഥത്തിൽ സൗന്ദര്യമെന്ന് മനസ്സിലാക്കപ്പെടേണ്ടതിന്റെ ആവശ്യകതയാണ് പ്രസ്തുത വിഷയം ചർച്ച ചെയ്യപ്പെടുമ്പോൾ പ്രകടമാകുന്നത്.

ഫിലോസഫി ഓഫ് ഏസ്തെറ്റിക്സുമായി ബന്ധപ്പെട്ട ദാർശനിക ചിന്തകൾ ഗ്രീക്ക് ഫിലോസഫി മുതൽ പോസ്റ്റ് മോഡേൺ ഫിലോസഫി വരെ നീണ്ടുനിൽക്കുന്ന ദീർഘമായ ഒരു ചിന്താധാരയാണ്. പ്ലാറ്റോയിലും അരിസ്റ്റോട്ടിലിൽ നിന്ന് തുടങ്ങി കാന്റും ഹ്യൂമും വരെ എത്തിനിൽക്കുന്ന തത്വചിന്തകരുടെ വിഖ്യാതമായ ആശയസംഭാവനകളാണ് ഈ മേഖലയിലുള്ളത്.

സൗന്ദര്യശാസ്ത്രത്തിന്റെ ഗ്രീക്ക് ഫിലോസഫിയിൽ പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്വചിന്തകർ സൗന്ദര്യത്തെ പരിചയപ്പെടുത്തുന്നത് യുക്തിപരമായി ഉരുതിരിഞ്ഞ് വരുന്നതെന്നാണ്. തന്മൂലം, ഇതിനെ സൗന്ദര്യ നിർണ്ണയത്തിലെ റാഷണലിസം എന്ന് വിളിക്കുകയാണ് പ്ലേറ്റോയും അരിസ്റ്റോട്ടിലും. ഈ ചിന്താഗതിയിൽ സൗന്ദര്യത്തെ തികച്ചും വസ്തുനിഷ്ഠമായ ഒരു ഘടകമായി പരിചയപ്പെടുത്തുന്നത് കാണാൻ സാധിക്കും.

ഒരു വസ്തുവിനെ നാം സുന്ദരമെന്ന് വിധിക്കുന്നുണ്ടെങ്കിൽ, അത് പ്രത്യേകമായ സൗന്ദര്യ മാനദണ്ഡങ്ങൾ ഉൾക്കൊണ്ടത് കൊണ്ടോ ചില ഐഡിയൽ രൂപങ്ങളോട് സാദൃശ്യം ഉണ്ടായതുകൊണ്ടോ ആണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. പ്ലാറ്റോയുടെ ദാർശനിക ആശയമായ ‘ഐഡിയൽ വേൾഡിന്റെ’ പശ്ചാത്തലത്തിൽ ലോകത്തിലെ സർവ്വ വസ്തുക്കളും നിശ്ചിതമായ സൗന്ദര്യത്തിൽ നിലകൊള്ളുന്നവയാണ്. ఐഡിയൽ വേൾഡിലെ ആശയപരമായ പ്രതിഭാസങ്ങൾ അതിന്റെ ഏറ്റവും സുന്ദര പൂർണ്ണമായ രൂപത്തിലാണ് ഭൂമിയിൽ പ്രതിനിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോ വസ്തുക്കൾക്കും ഈ രീതിയിൽ വസ്തുനിഷ്ഠമായ സൗന്ദര്യരൂപം നൽകപ്പെടുകയും ചെയ്തു. ഇത്തരത്തിൽ ഒബ്ജക്ടിവിറ്റിയെ സൗന്ദര്യ നിർണ്ണയത്തിന്റെ കാതലായി കാണുന്ന ദാർശനിക ചിന്തയാണ് ഗ്രീക്ക് ഫിലോസഫിയിലെ സൗന്ദര്യശാസ്ത്രം ലോകത്തോട് വിളിച്ചോതുന്നത്.

സൗന്ദര്യം പോസ്റ്റ് മോഡേൺ വായനയിൽ

ആധുനികാനന്തര കാലഘട്ടങ്ങളിൽ സൗന്ദര്യനിർണ്ണയത്തോടുള്ള സമീപനങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. സൗന്ദര്യത്തെ മനസ്സിലാക്കൽ തികച്ചും വ്യക്തിനിഷ്ഠമാണെന്നും അത് താൽക്കാലികമായി ലഭിക്കുന്ന ആനന്ദം കൊണ്ടാണെന്നും പലരും വാദിച്ചു തുടങ്ങി. ഭൗതികമായ ഓരോ വസ്തുക്കളും വ്യക്തിപരമായി അനുഭൂതി നൽകുന്നതിനനുസരിച്ച് സൗന്ദര്യം നിർണ്ണയിക്കപ്പെടണമെന്ന നിരൂപണങ്ങൾ പ്രചാരത്തിൽ വന്നു. തന്മൂലം, സൗന്ദര്യത്തെക്കുറിച്ച് പഠിക്കുക എന്നത് അഭിരുചികളെ പറ്റി പഠിക്കുന്നതാണെന്ന് ആഖ്യാനങ്ങൾ വന്നതോടുകൂടിയാണ്, സൗന്ദര്യശാസ്ത്രത്തിന് പുതിയൊരു വീക്ഷണകോൺ കൂടെ രൂപപ്പെടുന്നത്. ഈ മാറ്റങ്ങൾ സൗന്ദര്യത്തിന്റെ സകല മേഖലകളിലും വ്യാപിച്ചതായി നമുക്ക് കാണാൻ സാധിക്കും.

ഭാഷാപശ്ചാത്തലത്തിൽ, സൗന്ദര്യത്തെ ‘ബ്യൂട്ടി’ എന്നതിലുപരി ‘എസ്തെറ്റിക്സ്’ എന്ന വാക്കുമായാണ് കൂടുതൽ ഉപഭോഗം നടന്നിട്ടുള്ളത്. ഇതിലൂടെ തന്നെ, നവീകരിക്കപ്പെട്ട മോഡേൺ സൗന്ദര്യ സങ്കൽപ്പം ഭാഷാമേഖലയിൽ വരുത്തി തീർത്ത വിപ്ലവം മനസ്സിലാക്കാനാവുന്നതാണ്. നൈമിഷികമായ കാലയളവിൽ മനുഷ്യമനസ്സിൽ ഉണ്ടാവുന്ന ഇന്ദ്രിയങ്ങളുടെ ഗ്രാഹ്യ (sensory perception) മാണ് എസ്തെറ്റിക്സ് കൊണ്ട് അർത്ഥമാക്കുന്നത്. സൗന്ദര്യ നിർണ്ണയം എന്ന ആശയത്തെ ഭാഷയിൽ അഭിരുചി (taste) യുടെ ആശയ തലത്തിലേക്ക് മാറ്റുകയാണ് തന്നിമിത്തം സംഭവിച്ചത്. “ബ്യൂട്ടി ലൈസ് ഇൻ ദി ഐസ് ഓഫ് ദി ബിഹോൾഡർ” എന്ന ചിന്ത ഈ രീതിയിൽ രൂപപ്പെട്ടതാണെന്ന് മനസ്സിലാക്കാം.

എന്നാൽ, സൗന്ദര്യനിർണ്ണയത്തിൽ ഉയർന്നു വന്നിട്ടുള്ള ഈ പോസ്റ്റ് മോഡേൺ സബ്ജക്ടിവിറ്റിയിൽ പല പ്രശ്നങ്ങളും ഉള്ളതായി നമുക്ക് കാണാൻ സാധിക്കും. സൗന്ദര്യം എന്നത് തികച്ചും വ്യക്തിനിഷ്ഠമായ താല്പര്യത്തിൽ തീരുമാനിക്കപ്പെടുന്ന ഒരു കാര്യമാണെങ്കിൽ, ഒരു ഭംഗിയുള്ള വസ്തുവിനെ നോക്കി ജനങ്ങൾ പലപ്പോഴും ഐക്യകണ്ഠേന അതിന്റെ സൗന്ദര്യത്തെ അംഗീകരിക്കുന്നത് എങ്ങനെയാണ്? ഇങ്ങനെ തുടങ്ങിയുള്ള പലവിമർശനങ്ങളും ഇതിനെതിരെ വന്നിട്ടുണ്ട്.

തുടർന്ന്, അത്തരം വിമർശനങ്ങളെ കാന്റ്, ഹ്യൂം പോലുള്ള തത്വചിന്തകർ നേരിടുന്നത് ‘the antinomy of taste’ എന്ന ആശയം മുന്നോട്ട് വെച്ചുകൊണ്ടാണ്. ഒരു വസ്തുവിലെ സൗന്ദര്യാനുഭവം മനുഷ്യർക്ക് തികച്ചും വ്യക്തിപരമായതാണെന്ന് തോന്നുമെങ്കിലും, അത് മറ്റൊരു നിലയ്ക്ക് അവർ കൂട്ടമായി അംഗീകരിക്കുന്ന അഭിരുചി (shared sense of taste) യാണെന്നും, ഇതിലൂടെ വ്യക്തിപരമായ അനുഭവവും കൂട്ടായ അനുഭവവും തമ്മിലുള്ള ഒരു പാലം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നുമാണ് ഈ ചിന്തകർ അവകാശപ്പെടുന്നത്. സൗന്ദര്യത്തെ ഒരു സബ്ജക്റ്റീവ് എന്റിറ്റിയായി മനസ്സിലാക്കുന്നിടത്താണ് ഇത്തരം ചിന്തകൾ വിപുലീകരിക്കപ്പെടുന്നത്.

ഇസ്ലാം വായനയിലെ ‘ജമാലിയ്യത്ത്’

സൗന്ദര്യ ബോധത്തിന്റെ വിഷയത്തിൽ വിവിധ ആശയധാരകൾക്കും വ്യത്യസ്തമായ നിലപാടുകളാണുള്ളത്. മുമ്പ് സൂചിപ്പിച്ചതുപോലെ സൗന്ദര്യത്തെ തീർത്തും വസ്തുനിഷ്ഠമായ ഘടകമായി കാണുന്ന ഗ്രീക്ക് ദാർശനിക ചിന്താഗതിയും, ഭംഗി നൈമിഷികാനുഭൂതി നൽകുന്നതാണെന്നിരിക്കെ അത് വ്യക്തിനിഷ്ഠമാണെന്ന് വാദിക്കുന്ന പോസ്റ്റ് എൻലൈറ്റ്‌മെന്റ് ഫിലോസഫിയും നിലനിൽക്കെ, രണ്ട് ആശയങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു മധ്യസ്ഥ നിലപാടാണ് ഇസ്ലാമിക തത്വചിന്ത മുന്നോട്ട് വെക്കുന്നത്.

ദൈവം മനുഷ്യന്റെ സൃഷ്ടിപ്പിൽ തന്നെ സൗന്ദര്യത്തെയും അസൗന്ദര്യത്തേയും വേർതിരിച്ചു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി മനുഷ്യസഹജമായി നൽകിയിട്ടുണ്ട്. തന്നിമിത്തം, അവൻ ലോകത്തിലെ നന്മയെയും തിന്മയെയും മനസ്സിലാക്കിയെടുക്കാനുള്ള കഴിവ് സ്വമേധയാ ഉൾക്കൊണ്ടുകഴിഞ്ഞു. ഖുർആനിൽ വഴികേടിലായവരെ നായയെ കൊണ്ട് ഉപമിക്കുമ്പോഴും, സൂറത്തു ലുഖ്‌മാനിൽ ശബ്ദം താഴ്ത്തി സംസാരിക്കാൻ പറയുന്നിടത്ത് ഏറ്റവും അരോചകമായ ശബ്ദം കഴുതയുടേതാണെന്ന് സമർത്ഥിക്കുമ്പോഴും, മനുഷ്യന് അല്ലാഹു ഭംഗിയേയും ഭംഗികേടിനെയും തിരിച്ചറിയാനുള്ള കഴിവ് നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കാനാവും.

പ്രകൃതിയിലെ മറ്റേത് തെരഞ്ഞെടുപ്പുകളുടെയും പോലെ, സൃഷ്ടാവ് സൃഷ്ടികളിൽ സൗന്ദര്യത്തെയും അസൗന്ദര്യത്തേയും തെരഞ്ഞെടുത്തിരിക്കുന്നു. ചില വസ്തുക്കൾക്ക് അഴകിന്റെയും ആകർഷണീയതയുടെയും പ്രതീകാത്മകത അല്ലാഹു കൽപ്പിക്കുകയും, മറ്റു ചിലതിൽ വെറുപ്പിന്റെയും ഭംഗികേടിന്റെയും വിശേഷണങ്ങൾ വെക്കുകയും ചെയ്തു. തുടർന്ന്, അത്തരം വസ്തുക്കളെ മനുഷ്യൻ വീക്ഷിക്കുന്ന സാഹചര്യത്തിൽ അവന്റെ മനസ്സിൽ അന്തർലീനമായിട്ടുള്ള അവബോധ മനസ്സ് അത് സൗന്ദര്യമാണോ അസൗന്ദര്യമാണോ എന്ന് നിർണ്ണയിച്ചു കൊടുക്കുന്നു.

ഖുർആനിൽ ‘മുഖം കറുത്തിരുളും’ എന്ന പദപ്രയോഗം പല സാഹചര്യങ്ങളിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ കറുപ്പിനെയും വെളുപ്പിനെയും കേവലം വർണ്ണമൂല്യങ്ങൾ എന്നതിലുപരി പ്രകൃതി തന്നെ വിഭാവനം ചെയ്യുന്ന, മനുഷ്യന്റെ വിചാരപ്പെടലുകളുമായി ഇടപഴകുന്ന സാർവത്രികമായ രണ്ട് രൂപകങ്ങളായി മനസ്സിലാക്കേണ്ടതുണ്ട്.

അതുകൊണ്ട്, ഒരു വ്യക്തിക്ക് മനോഹരമായി തോന്നുന്നതെല്ലാം മറ്റുള്ളവർക്കും അതേപോലെ മനോഹരമായിരിക്കുമെന്നോ, വ്യക്തിപരമായ സൗന്ദര്യ സങ്കൽപ്പത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നോ വാദമില്ല. ഒരാൾക്ക് ആകർഷകമായി തോന്നിയത് മറ്റൊരാൾക്ക് അങ്ങനെ തോന്നാത്ത സാഹചര്യങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ സാധാരണമാണ്. സൗന്ദര്യസങ്കൽപ്പത്തിൽ ഇസ്ലാമിക തത്വചിന്ത മുന്നോട്ട് വെക്കുന്ന “ഒബ്ജക്ടിവിറ്റി ഓഫ് ബ്യൂട്ടി” എന്ന സമീപനം വസ്തുവർഗ്ഗങ്ങളിലാണ് മൊത്തത്തിൽ പ്രയോഗിക്കുന്നത്, ഓരോ വസ്തുവിനത്തിലുമല്ല. കഴുത വർഗ്ഗം വിരൂപമാണെന്ന വിഷയത്തിലും മനുഷ്യവർഗ്ഗം ഏറ്റവും സുന്ദരമായ രൂപത്തിലാണെന്ന വിഷയത്തിലും എല്ലാവരും ഐക്യകണ്ഠേന ഒന്നായിരിക്കും. എന്നാൽ മനുഷ്യവർഗ്ഗത്തിനിടയിൽ ആരാണ് സൗന്ദര്യവാനെന്ന വിഷയത്തിൽ ആളുകൾ പലപ്പോഴും അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നു.

ചുരുക്കത്തിൽ, സൗന്ദര്യത്തെ വിലയിരുത്തുന്ന സാഹചര്യത്തിൽ മനുഷ്യൻ ഒബ്ജക്ടീവ് ആവുന്നത് വർഗ്ഗങ്ങളെ (ജിൻസ്) മൊത്തത്തിൽ മനസ്സിലാക്കുമ്പോഴാണ്, എന്നാൽ അതിലെ വ്യക്തികളിലേക്ക് (അഫ്റാദ്) നോക്കുമ്പോൾ തികച്ചും ആത്മനിഷ്ഠമാകുന്നതായാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സൂറത്തുത്തീനിൽ മനുഷ്യനെ ഏറ്റവും ഉദാത്തമായ ആകൃതിയിൽ (അഹ്സനി തഖ്‌വീം) സൃഷ്ടിച്ചിരിക്കുന്നു എന്നാണ് അല്ലാഹു പരാമർശിക്കുന്നത്; ഇവിടെ ഉദ്ദേശമാക്കുന്നത് മനുഷ്യൻ എന്ന വർഗ്ഗത്തെയാണെന്ന് വേണം മനസ്സിലാക്കാൻ.

ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ അന്യസ്ത്രീയെ നോക്കൽ നിരുപാധികം നിഷിദ്ധമാണെങ്കിലും വിവാഹാലോചന സാഹചര്യത്തിൽ സ്ത്രീയുടെ മുഖവും കൈകളും നോക്കാൻ ഇസ്ലാം അനുവദിക്കുന്നുണ്ട്. വിശ്വാസിക്ക് തന്റെ ഭാവി ഇണയുടെ സൗന്ദര്യത്തെ വിലയിരുത്താനും ദാമ്പത്യ ജീവിതത്തിൽ അവന് പൊരുത്തപ്പെടാൻ പറ്റുന്ന സൗന്ദര്യത്തെ തെരഞ്ഞെടുക്കാനും വേണ്ടിയാണത്. ഇവിടെ, തീർത്തും ഹറാമായി വിധിക്കപ്പെട്ട ഒരു പ്രവർത്തനത്തെ സൗന്ദര്യ നിർണ്ണയത്തിന് വേണ്ടി ഫിക്ഹിൽ തഖ്സീസ് ചെയ്യുമ്പോൾ, സൗന്ദര്യത്തിന്റെ മൂല്യ നിർണ്ണയത്തിൽ വ്യക്തിനിഷ്ഠമായ അഭിപ്രായങ്ങൾക്ക് പ്രാധാന്യതയുണ്ടെന്ന് തിരിച്ചറിയാനാവും.

സൗന്ദര്യം കേവലം ഭൗതിക രൂപത്തിലൂടെ മാത്രമല്ല, ഉത്കൃഷ്ടമായ സ്വഭാവത്തിലൂടെയും ആത്മീയ നിഷ്കളങ്കതയിലൂടെയും പ്രകടമാകുന്നുണ്ട് എന്ന മെറ്റാഫിസിക്കൽ വശവും പ്രസ്തുത പഠനത്തിന്റെ ഭാഗമായി പരിഗണിക്കാവുന്നതാണ്. മഹാനായ യൂസഫ് നബി (അ) യുടെ സൗന്ദര്യ തേജസ്സ് കണ്ട് അന്താളിച്ച് കൈകൾ മുറിച്ച മിസ്രിലെ കുലീന സ്ത്രീകൾ അവിടുന്ന് പറഞ്ഞത്, ‘ഇതൊരു മനുഷ്യനേ അല്ല, വിശിഷ്ടനായ ഒരു മലക്ക് (മലക്കുൻ കരീം) തന്നെയാണ്’ എന്നാണ് (യൂസുഫ് 12:31). പരിശുദ്ധ ഖുർആനിലെ പ്രസ്തുത സൂക്തത്തെ ഒന്ന് ആത്മവിചിന്തനം ചെയ്യുകയാണെങ്കിൽ, ഇവിടെ പ്രസ്താവിക്കപ്പെട്ടത് യൂസഫ് നബിയുടെ ശാരീരിക ഭംഗി മാത്രമല്ല, ആത്മീയ വിശുദ്ധി കൂടിയാണെന്ന് മനസ്സിലാക്കാം. സുലൈഖ ബീവിയുടെ വിശിഷ്ടാതിഥികളായ അന്നാട്ടിലെ പ്രമാണി സ്ത്രീകൾ യൂസുഫ് നബി (അ) യെ പരിശുദ്ധാത്മാക്കളായ മാലാഖമാരുമായാണ് സാദൃശ്യപ്പെടുത്തിയത് – നാളിതുവരെ തിന്മ ചെയ്യാത്ത വിശുദ്ധരായ മാലാഖമാരുമായി! സുലൈഖയുടെ കൽപ്പന പ്രകാരം സൽക്കാരവേദിയിലേക്ക് പ്രവേശിച്ച യൂസഫ് നബിയുടെ ആത്മീയ പ്രഭയിൽ കൂടി അവർ ലയിച്ചു പോയി എന്നതാണ് യാഥാർത്ഥ്യം.

പലരും വായിപ്പിച്ച സൗന്ദര്യം

കാലാന്തരങ്ങളിലായി സൗന്ദര്യസങ്കൽപ്പത്തെ തത്വചിന്തകർ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ വിവരിച്ചിട്ടുണ്ട്. എങ്കിലും, ആധുനിക ലോകത്തെ ജനങ്ങളുടെ അവബോധത്തിൽ കടന്നുകൂടിയത് സൗന്ദര്യത്തെ കുറിച്ചുള്ള ഭീകരമായ തെറ്റിദ്ധാരണകളാണ്. താൻ മറ്റുള്ളവരുടെ കണ്ണിൽ ആകർഷണീയമാവണമെന്ന് മർക്കടമുഷ്ടി പിടിപ്പിക്കുന്ന രീതിയിൽ കൗമാരത്തിന്റെയും യുവത്വത്തിന്റെയും മനസ്സുകളെ വളച്ചു കെട്ടിയിരിക്കുകയാണ് ആഗോള കോസ്മെറ്റിക് ഇൻഡസ്ട്രി. തുടർന്ന്, എന്താണ് സൗന്ദര്യമെന്നും എന്താണ് ആകർഷണീയമെന്നും ലോകത്തെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത മട്ടിലാണ് ഇത്തരം ഇൻഡസ്ട്രികളുടെ പ്രകടനങ്ങൾ.

ഈ രീതിയിൽ, യൂറോസെൻട്രിക് ആയ സൗന്ദര്യ മാതൃകകളെ ആഗോള സ്റ്റാൻഡേർഡ് ബ്യൂട്ടിയായി ചിത്രീകരിക്കാൻ കോസ്മെറ്റിക് കമ്പോള വ്യവസ്ഥ ആവോളം പരിശ്രമിച്ചിട്ടുണ്ട്. വെളുത്ത് മിനുങ്ങിയ ചർമ്മവും, നേരിയ മുഖ സവിശേഷതയുമാണ് സൗന്ദര്യം എന്നവർ ലോകമെമ്പാടും തെറ്റിദ്ധരിപ്പിച്ചു. തന്മൂലം, മനുഷ്യബുദ്ധിയിൽ “കൊത്തി വെക്കപ്പെട്ട” ഈ സൗന്ദര്യസങ്കൽപ്പത്തോട് താൻ പര്യാപ്തനാകുന്നില്ല എന്ന അപകർഷതാബോധം ജനങ്ങളിൽ ഉണ്ടാവാനും, ഇതിന്റെ ഏക പരിഹാരം സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രമാണെന്ന നിഗമനത്തിലേക്ക് അവർ എത്തുകയും ചെയ്യുന്നു. ഈ രീതിയിൽ കോസ്മെറ്റിക് ഇൻഡസ്ട്രി ലോകത്ത് ഒരു പുകമറ സൃഷ്ടിക്കുന്ന കാലത്തോളം കൺസ്യൂമറിസം ഒരു തുടർചക്രമായി കറങ്ങിക്കൊണ്ടിരിക്കുമെന്നതിൽ സംശയമില്ല.

സൗന്ദര്യത്തെപ്പറ്റിയുള്ള ഇത്തരം മിത്തുകളെ കൗമാരത്തിന്റെ മേൽ അടിച്ചേൽപ്പിച്ചതിൽ സോഷ്യൽ മീഡിയ ഫിൽട്ടറുകൾക്കും ചെറുതല്ലാത്ത പങ്ക് ഉണ്ട്. ഫിൽട്ടർ എഫക്ടുകൾ ഇല്ലാത്ത ലോകം യാഥാർത്ഥ്യതയിൽ അല്ല എന്ന് വിശ്വസിക്കുമാറ് അത് അവരുടെ അവബോധത്തിൽ ലയിച്ചു ചേർന്നു. സോഷ്യൽ മീഡിയയിൽ പൊതുജനത്തിന് അസൂയ തോന്നിപ്പിക്കുമാറ് ഒരു പ്രൊഫൈൽ നിർമ്മിക്കുക എന്നത് പലരുടെയും ആത്യന്തിക ലക്ഷ്യമായി മാറിയിരിക്കുന്നു; ഹൈ എസ്തെറ്റിക് ആയിട്ടുള്ള ചിത്രങ്ങൾ പങ്കിടാൻ അവർ മത്സരിക്കുന്നു.

പുറമെ ആകർഷണീയമായി ഒരാളുടെ പ്രൊഫൈൽ നാം കാണുമ്പോൾ, അവർക്ക് മറ്റു സൽഗുണങ്ങളുമുണ്ടാകുമെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന ‘ഹാലോ ഇഫക്ട്’ ഓൺലൈൻ ലോകത്തിന് ഒരു ആശങ്ക തന്നെയാണ്. പലപ്പോഴും സൗന്ദര്യമുള്ള വ്യക്തികൾക്ക് നല്ല സ്വഭാവമുണ്ടായിരിക്കുമെന്ന പൊതുവായ വിശ്വാസം നമുക്കിടയിൽ നിലനിൽക്കുന്നത് അതുകൊണ്ടാണ്. തന്മൂലം, ഏത് വ്യക്തിയെയും വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡമായി ബാഹ്യരൂപം മാറുകയാണ്.

ആധുനിക സൗന്ദര്യ സങ്കല്പം സമൂഹത്തിൽ വരുത്തി തീർത്ത ആഘാതങ്ങളെ അടിസ്ഥാനമാക്കി ജോൺ ബർഗർ സംവിധാനം ചെയ്ത “ways of seeing’ എന്ന സീരീസ് ഇവിടെ പ്രസ്താവനർഹമാണ്. നവകാല സൗന്ദര്യബോധത്തിന്റെ കാതലായ പ്രശ്നം നിലകൊള്ളുന്നത് ഫാഷനിലോ ബ്യൂട്ടി പ്രൊഡക്റ്റിലോ അല്ല, മറിച്ച് മനുഷ്യന്റെ സ്വത്വബോധത്തിൽ അതുണ്ടാക്കുന്ന വിള്ളലുകളിലാണെന്നാണ് ബർഗർ സമർത്ഥിക്കുന്നത്. തന്റെ ശരീരത്തിൽ അതിരുകടന്ന സൗന്ദര്യബോധം ചെലുത്തുന്ന യൂറോപ്യൻ കുലസ്ത്രീകൾ ഒരേസമയം താൻ സൗന്ദര്യബോധത്തിൽ സ്വയം നിരീക്ഷിക്കണമെന്നും (surveyor), താൻ മറ്റുള്ളവരാൽ നിരീക്ഷിക്കപ്പെടുന്നുവെന്നും (surveyed) ധരിക്കേണ്ടിവരുന്നു.

പുറം ലോകത്തിൽ നിന്നും അവർക്ക് മേലുണ്ടാകുന്ന വിലയിരുത്തലുകളെ ഭയന്ന്, ആജീവനാന്തം ‘ബ്യൂട്ടി കോൺഷ്യസ്’ ആയി ജീവിക്കുന്നതിൽ ഉണ്ടാകുന്ന പ്രത്യാഘാതം അവരുടെ ജീവിത സ്വാതന്ത്ര്യത്തിന്മേൽ തന്നെയാണ്. സോഷ്യൽ മീഡിയയുടെ അതിവ്യാപനത്തോട് കൂടി ഇവരെ വിലയിരുത്താനുള്ള ‘വിധികർത്താക്കൾ’ ആഗോളതലത്തിലേക്ക് വിശാലമാകുന്നു. താൻ എങ്ങനെ തന്റെ ജീവിതം കൊണ്ടുപോകണമെന്ന സംശയവലയത്തിൽ നെട്ടം തിരിയേണ്ടി വരുന്ന ‘സൗന്ദര്യകുമാരികൾ’ ഇന്ന് ലോകത്ത് വ്യാപകമാണ്.

കപടമായ ഈ ലോകത്തിലെ സൗന്ദര്യ നിരീക്ഷകന്മാരെക്കാൾ സർവ്വജ്ഞാനിയായ ദൈവത്തിന്റെ നിരീക്ഷണത്തെ ഭയന്ന് ജീവിക്കലാവണം ഒരു വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം. പ്രത്യക്ഷത്തിലെ ആകർഷണീയ രൂപത്തിന് പകരം, കർമ്മധിഷ്ഠിതമായ ആന്തരികശുദ്ധി കൊണ്ടാണ് തനിക്ക് ഇരു ലോകത്തിലും മൂല്യമേറുന്നതെന്ന് അവൻ വിശ്വസിക്കേണ്ടിയിരിക്കുന്നു. അതിനവൻ ഭൗതികലോകത്തെ പ്രീതിക്ക് മുകളിൽ അഭൗതികതയിലെ പ്രീതിയെ തെരഞ്ഞെടുക്കട്ടെ.

Related Posts

നിറങ്ങളുടെ തത്വശാസ്ത്രം; മനുഷ്യാനുഭവങ്ങളും അഭൗതികതയും

ദൃശ്യ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ വർണ്ണാഭമായ ചുറ്റുപാടുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുമ്പോൾ അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആകാശത്തിന്റെ നീല മുതൽ തീജ്വാലയുടെ ചുവപ്പ് വരെ, നിറം യഥാർത്ഥമായി അനുഭവപ്പെടുന്നു. എന്നാൽ, വ്യാപകമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, നിറത്തിന്റെ യഥാർത്ഥ സ്വഭാവം ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഒരുപോലെ ആകർഷിക്കുന്ന രഹസ്യമായി ഇന്നും തുടരുന്നു.

Read More »

ഫലസ്തീനീ പോരാട്ടവും പ്രവാചക പാതയും

അതിഭീകരമായ വംശോന്മൂലന പ്രക്രിയയാണ് ഫലസ്തീനിൽ നടപ്പാക്കുന്നത്. ആശുപത്രികൾ, വീടുകൾ, വിദ്യാലയങ്ങളുമൊക്കെയും നിലംപതിച്ചു. വൃദ്ധരെന്നോ, യുവാക്കളെന്നോ, സ്ത്രീകളെന്നോ നോക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാമാവശേഷമാക്കപ്പെട്ടു. ഒപ്പം ഈ മനുഷ്യക്കുരുതിയെ ചെറുത്തുനിൽക്കേണ്ട ആഗോള നിയമസംവിധാനങ്ങളും നിരർത്ഥകമായി മാറിക്കഴിഞ്ഞു. ഒരു മുസ്ലിം ജനത പൂർണ്ണമായും വംശോന്മൂലനത്തിനരികെ സംഘർഷത്തിലായിരിക്കെ, ഇടപെടാനുള്ള മുസ്ലിം-അറബ് രാജ്യങ്ങളുടെ സന്നദ്ധതയും ഇവിടെ അളക്കപ്പെടുകയാണ്; ശുദ്ധ ശൂന്യതയാണ് ഇതുവരെയുള്ള ഫലം.

Read More »

ഇസ്ലാമും വംശവെറിയും; ഓറിയന്റൽ വായനകളുടെ വികലത

ധാർമ്മിക മൂല്യങ്ങളെയും നീതി വിഷയകമായ കൽപ്പനകളെയും വകവെക്കാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന മനുഷ്യസമൂഹത്തിനിടയിൽ, മതം തൊട്ടുണർത്തിയ നൈതിക ചിന്താവ്യവസ്ഥകൾ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതൊന്നുമല്ല. മതങ്ങൾക്കിടയിലെ ധാർമ്മിക ആശയങ്ങൾ വ്യത്യാസമുണ്ടായിരുന്നെങ്കിലും മതങ്ങൾ അവലംബിക്കുന്ന പ്രാഥമിക ഗ്രന്ഥങ്ങളെന്നും ധാർമ്മിക ചെയ്തികളെയും പ്രത്യയശാസ്ത്രങ്ങളെയുമായിരുന്നു അനുകൂലിച്ചിരുന്നത്. ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളിൽ വർഗ്ഗ-വർണ്ണ വിദ്വേഷങ്ങൾ ഉണ്ടായിരിക്കാൻ സാധ്യത കാണുന്നില്ല.

Read More »

മുംബൈയിലെ നഗര ജീവിതവും ഇന്ദ്രിയ രാഷ്ട്രീയവും

ഗന്ധം, ശബ്ദം, കാഴ്ച എന്നിവയെ വിലയിരുത്തുകയും നഗരത്തിലെ വ്യത്യാസങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന രീതി, ആളുകൾ സ്വയം അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ച് പറയുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. പകരം ഇത് ലോകത്തെ അമൂർത്തമായ രൂപത്തിലൂടെ മനസ്സിലാക്കാനുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. രാഷ്ട്രീയപരമായ അവകാശവാദങ്ങളിലും ദൈനംദിന ജീവിതത്തിലും ഒരാൾ എങ്ങനെ ഇന്ദ്രിയങ്ങളോട് പ്രതികരിക്കുന്നു എന്നത്, എന്താണ് ഒരു ധാർമ്മിക വിഷയമായി (ethical subject) ഉൾപ്പെടുത്തപ്പെടുന്നത്, എന്താണ് ഉൾപ്പെടാത്തത് എന്നിവയുടെ പരിമിതികളെയും അതിരുകളെയും കുറിച്ച് സൂചിപ്പിക്കുന്നു

Read More »

മുഹമ്മദ്(സ്വ); അനശ്വരമാണ് അവിടുത്തെ മാർഗദർശനം

യൂറോപ്പിലും അമേരിക്കയിലും ഉള്ള മുസ്ലിം ഇതര സമുദായം ഇസ്ലാമിനെ മനസ്സിലാക്കുന്നിടത്തും ഇസ്ലാമിനെ ഒരു ആന്റി കൊളോണിയൽ സ്വത്വമായി പരിഷ്കൃത മുസ്ലിം ചിന്തകർ സ്ഥാപിക്കുന്നിടത്തും മുഹമ്മദിനെ (സ്വ) കേവലം ഒരു ചരിത്ര പുരുഷൻ ആയി കാണേണ്ടിവരുന്ന മാനുഷിക പ്രതിഭാസത്തിനും അപ്പുറം പ്രവാചകൻ കൈവരിക്കുന്ന അസാധാരണവും അതിഭൗതികവുമായ പദവിയെ തൊട്ട് സ്വയം അജ്ഞരാവുകയാണ് അക്ഷരാർത്ഥത്തിൽ മുസ്ലിം റിഫോമിസ്റ്റ് ചിന്തകർ. മധ്യകാലത്തെ ക്രൈസ്തവർ ചെയ്തുവെച്ച ഇസ്ലാം വിരുദ്ധതയിലും, മുഹമ്മദ് മോശമായാണെങ്കിലും കേവലം ഒരു രാഷ്ട്രീയ നേതാവായാണോ അവരുടെ എതിർപ്പുകളിൽ സ്ഥാനം കൊണ്ടത്.

Read More »

മുംബൈയിലെ മാപ്പിള മുസ്‌ലിംകളും സാമൂഹിക നിർമ്മിതിയും

മുംബൈയിലെ മലയാളി മുസ്ലിങ്ങളുടെ ജീവിതം കേവലം സാമ്പത്തിക നേട്ടങ്ങളിൽ ഒതുങ്ങിനിന്നില്ല. അതിജീവനത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി അവർ കെട്ടിപ്പടുത്ത സംഘടിത സംവിധാനങ്ങൾ അവരുടെ വിജയത്തിന്റെ നട്ടെല്ലായി വർത്തിച്ചു. ഭേന്ദി ബസാർ, ഡോംഗ്രി, ക്രോഫോർഡ് മാർക്കറ്റ് എന്നിവ അവരുടെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രങ്ങളായി മാറി.

Read More »