ഫലസ്തീനീ പോരാട്ടവും പ്രവാചക പാതയും

അതിഭീകരമായ വംശോന്മൂലന പ്രക്രിയയാണ് ഫലസ്തീനിൽ നടപ്പാക്കുന്നത്. ആശുപത്രികൾ, വീടുകൾ, വിദ്യാലയങ്ങളുമൊക്കെയും നിലംപതിച്ചു. വൃദ്ധരെന്നോ, യുവാക്കളെന്നോ, സ്ത്രീകളെന്നോ നോക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാമാവശേഷമാക്കപ്പെട്ടു. ഒപ്പം ഈ മനുഷ്യക്കുരുതിയെ ചെറുത്തുനിൽക്കേണ്ട ആഗോള നിയമസംവിധാനങ്ങളും നിരർത്ഥകമായി മാറിക്കഴിഞ്ഞു. ഒരു മുസ്ലിം ജനത പൂർണ്ണമായും വംശോന്മൂലനത്തിനരികെ സംഘർഷത്തിലായിരിക്കെ, ഇടപെടാനുള്ള മുസ്ലിം-അറബ് രാജ്യങ്ങളുടെ സന്നദ്ധതയും ഇവിടെ അളക്കപ്പെടുകയാണ്; ശുദ്ധ ശൂന്യതയാണ് ഇതുവരെയുള്ള ഫലം.

ഫലസ്തീൻ ഒരു മതകീയ പ്രശ്നമാണോ? ഫലസ്തീൻ പോരാട്ടത്തോട് ഇസ്ലാമിലെ കാഴ്ചപ്പാടിൽ എങ്ങനെ പ്രതികരിക്കും? പ്രവാചകരുടെ നിലപാട് എപ്രകാരമായിരിക്കും? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയാണ് ഈ ലേഖനം. പ്രവാചകർ (സ) സ്വീകരിച്ച ചട്ടങ്ങളും യുദ്ധമുറകളും ശ്രദ്ധേയമാണ്. ഭൂമിയിൽ ഒരു ജനതയ്ക്ക് നേരിടാവുന്ന ഏറ്റവും തീവ്രമായ അനുഭവങ്ങളും പരീക്ഷണങ്ങളും നേരിട്ടവരാണ് ആദ്യകാല മുസ്ലിം ജനത. സ്വഹാബികളുടെ പോരാട്ട-പ്രക്ഷോഭ ചരിത്രങ്ങൾ ഇന്നും വായിക്കപ്പെടേണ്ടതാണ്.

ഇസ്ലാമിലെ പോരാട്ട ചരിത്രങ്ങൾ മൂന്നായി വിഭജിക്കാം. ആദ്യഘട്ടത്തിൽ പ്രവാചകരും അനുചരരും അനുഭവിച്ച കഠിനതകൾ അനിർവ്വചനീയമാണ്. ക്രൂരതകളുടെ പാറക്കെട്ടുകൾ പേറുമ്പോഴും, മദീനയിലേക്ക് ഹിജ്റ പോകേണ്ടി വന്നപ്പോഴും, ഖുറൈശികളോട് അവർ സംയമനം പാലിച്ചിരുന്നു. ദൈവത്തിങ്കൽ നിന്നും ലഭിച്ചിരുന്ന പാഠങ്ങളും മൂല്യങ്ങളും മനുഷ്യ പ്രകൃതവുമായി (ഫിത്റ) ആഴത്തിൽ പ്രതിധ്വനിക്കുന്നവയാണ്. ലിബറേഷന് (സ്വാതന്ത്ര്യം) വേണ്ടി ശക്തമായി വാദിക്കുന്ന മതമാണ് ഇസ്ലാമെങ്കിലും, അതൊരിക്കലും കീഴടങ്ങലിനും ദുഷ്പ്രഭുത്വത്തെ അംഗീകരിക്കലിനൊന്നും പ്രോത്സാഹിപ്പിക്കുന്നില്ല. ഫലസ്തീനിൽ മനുഷ്യരാശിയുടെ ഭാഗമായ ഒരു ജനതയെ ആസൂത്രിതമായി കൊന്നുതീർക്കുകയും പുറന്തള്ളുകയുമാണ് ഇസ്രായേൽ. ശുദ്ധവായു ലഭിക്കുന്ന ജയലറയേക്കാൾ ഭയാനകമാണ് അവിടുത്തെ അവസ്ഥ.

ഇസ്ലാമിക ശ്രേണിയിൽ മൂന്നാം സ്ഥാനത്തുള്ള മസ്ജിദുൽ അഖ്സയിലേക്കുള്ള പ്രവേശനത്തെ തടയുകയാണ് സയണിസ്റ്റ് രാഷ്ട്രം. ഹെബ്രോണിലെ ഇബ്രാഹീമിയ്യ പള്ളി കീഴടക്കിയ പോലെ ഒരാവർത്തനം സ്വപ്നം കാണുകയാണവർ. മുസ്ലിംകളെ കൊന്നൊടുക്കുന്നതിൽ താല്പര്യക്കാരായ ഇന്ത്യ പോലുള്ള ഭരണ വ്യവസ്ഥകളെ പ്രോത്സാഹിപ്പിക്കുന്നതിലും ഇസ്രായേലിന് പങ്കുണ്ട്.

ഫലസ്തീൻ ഒരു മുസ്ലിം പ്രശ്നമാണെന്ന് തീർത്തു പറയുകയല്ല. എങ്കിലും ഇസ്ലാമും ഫലസ്തീനിയൻ ചോദ്യവും ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, പവിത്രമായ അൽ അഖ്സ പള്ളിയും അതിന്റെ പരിസര പ്രദേശങ്ങളും ഇസ്രായേലികളാൽ കയ്യേറ്റം ചെയ്യപ്പെടുക എന്നത് – ഒരു സ്വേച്ഛാധിപതി വരികയും മദീന പിടിച്ചടക്കുകയും, ജനങ്ങളെ കൂട്ടക്കുരുതി നടത്തുകയും, നിവാസികളെ നാടുകടത്തുകയും, ലോക ജനതയെ സന്ദർശനത്തിൽ നിന്നും തടയിടുന്നതിനെ പറ്റിയും ആലോചിക്കുക. മദീനയുടെ വിമോചനമെന്നത് ലോക മുസ്ലിംകളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമായിരിക്കും; അഖ്സ പള്ളിയും അങ്ങനെ തന്നെ.

ജീവൻ, അഭിമാനം, വിശ്വാസം, സ്വാതന്ത്ര്യം എന്നിവ ആഗോള അംഗീകൃത മനുഷ്യാവകാശങ്ങളാണ്. ഇസ്ലാമിനും ഇത്തരം അവകാശങ്ങളെ സംരക്ഷിക്കുന്നതിൽ ചില നയങ്ങളുണ്ട്; പ്രത്യേകിച്ചും ആക്രമിക്കപ്പെടുന്നത് മുസ്ലിംകളാണെങ്കിൽ. അഖ്സ പള്ളിക്കുള്ള സ്ഥാനം ഇതിനെ കൂടുതൽ ഹൃദയസ്പൃക്കാക്കുന്നു. അഞ്ചു നേര നമസ്കാരങ്ങൾ തടയുന്നതും പരിശുദ്ധ പ്രവാചകരെ അവഹേളിക്കുന്നതും ഇസ്ലാമിന്റെ പ്രശ്നമായി തന്നെ ഗണിക്കും. ഈ ലേഖനത്തിലൂടെ അൽ അഖ്സ പള്ളി സംരക്ഷിക്കുവാനുള്ള ഫലസ്തീനി പ്രക്ഷോഭങ്ങൾ പ്രവാചക മാതൃകകളുമായി എത്ര ആഴത്തിൽ നിഴലിക്കുന്നു എന്ന് അന്വേഷിക്കുന്നു.

യുദ്ധങ്ങളുടെ തുടക്കം

ഇസ്ലാമിന്റെ പ്രാരംഭം മുതൽ, നീണ്ട പതിമൂന്നു വർഷം നബിയേയും അനുയായികളെയും പീഡിപ്പിക്കുകയും, അവരുടെ വീടുകളിൽ നിന്നും ആട്ടിയോടിക്കുകയും ചെയ്തുകൊണ്ടേയിരുന്നു മക്ക ഖുറൈശികൾ. പ്രവാചകരാകട്ടെ മദീനയിലേക്ക് പലായനം ചെയ്ത് അവിടം സ്വതന്ത്രമായി ഒരു ജനതയെ വാർത്തെടുത്തു. മാസങ്ങൾക്കൊടുവിൽ, മക്കക്കാർക്കെതിരെ തിരിച്ചടിക്കാനുള്ള പ്രഖ്യാപനങ്ങൾ ആദ്യമായി അവതരിക്കപ്പെട്ടു. ഈ വചനങ്ങളിൽ തിരിച്ചാക്രമണത്തിന്റെ അനുമതിക്കുള്ള കാരണമായി കരുതുന്നത്; പീഡനം, നാടുകടത്തൽ, സമ്പത്ത് പിടിച്ചെടുക്കൽ, പരിശുദ്ധ കഅബയിലേക്കുള്ള പ്രവേശനം തടയൽ തുടങ്ങിയവയാണെന്ന് കാണാം. ഫലസ്തീനിലെ സ്ഥിതി മറിച്ചാണെന്ന് കാണാനാകില്ല.

വ്യക്തമാക്കി പറഞ്ഞാൽ പ്രവാചകർ മുഹമ്മദ് (സ) തങ്ങൾ മദീനയിലെത്തി, രണ്ടു വർഷത്തിന് ശേഷം നടന്ന ബദ്ർ യുദ്ധത്തിന്റെ കാരണങ്ങളും നിലവിലെ ഫലസ്തീനിലെ അവസ്ഥയും തമ്മിൽ വിചിത്രമായ ചില സാദൃശ്യതകളുണ്ട്. ഹിജ്റ രണ്ടാം വർഷം റമദാൻ 17ന്, വെറും മുന്നൂറ്റിചില്ലാനം വരുന്ന ബലഹീന സമൂഹം നേരിട്ടത് അവരുടേതിനേക്കാൾ മൂന്നോ അതിലധികമോ ഇരട്ടി വരുന്ന ശക്തരായ മക്ക സൈന്യത്തെയാണ്. ഈ യുദ്ധത്തിനുള്ള കാരണങ്ങൾ അല്ലാഹു വ്യക്തമായി വിശദീകരിക്കുന്നുണ്ട്:

“പോരാളികൾക്ക് അവർ മർദ്ദിക്കപ്പെട്ട കാരണത്താൽ യുദ്ധം ചെയ്യാനുള്ള സമ്മതം നൽകപ്പെട്ടിരിക്കുന്നു. അവർക്ക് വിജയം കൊടുക്കാൻ കഴിവുള്ളവനാണ് ദൈവം. സ്വന്തം വീടുകളിൽ നിന്ന് അന്യായമായി പുറത്താക്കപ്പെട്ട ജനതയാണ്. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു ആണെന്ന് പറഞ്ഞ അവരെ പുറത്താക്കാൻ മറ്റൊരു കാരണവുമുണ്ടായിരുന്നില്ല.”

അല്ലാഹു ഈ വാക്യങ്ങളിലൂടെ യുദ്ധാനുമതി നൽകുക മാത്രമല്ല, അതിനുള്ള കാരണങ്ങളും വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള അടിച്ചമർത്തലുകളെ തടയാൻ ചിലരെ നിയോഗിച്ചില്ലായിരുന്നുവെങ്കിൽ സ്വേച്ഛാധിപതികൾ പള്ളികളെ മാത്രമല്ല, ദൈവം ആരാധിക്കപ്പെടുന്ന എല്ലായിടങ്ങളും നശിപ്പിക്കുമായിരുന്നു. ပണ്ഡിതർ പറയുന്നത് പ്രകാരം വിശുദ്ധ ഖുർആനിലെ അധ്യായങ്ങൾ സാർവ്വത്രിക ബാധകമായല്ല ഇറങ്ങുക, എന്നാൽ മേൽപ്പറഞ്ഞ അധ്യായങ്ങൾ പോലുള്ളത് പൊതുവായ സ്വഭാവം കൈക്കൊള്ളുന്നവയാണ്. അനീതികളെയും ആധിപത്യത്തെയും അംഗീകരിക്കുന്നതൊക്കെ മതത്തെയും വിശ്വാസത്തെയും തകർക്കുന്നതിലേക്ക് നയിക്കുന്നു.

സാമ്പത്തിക ഉപരോധവും ദുഷ്പ്രഭുത്വത്തിനെതിരെയുള്ള പ്രവാചക പോരാട്ടവും

ബദ്ർ യുദ്ധത്തിന് മുമ്പ് തന്നെ പ്രവാചകർ (സ) തങ്ങൾ നാലോളം പര്യവേഷണങ്ങളും (സാരിയ / സറായ), കൂടാതെ പ്രവാചകരാൽ നയിക്കപ്പെട്ട നാല് പോരാട്ടങ്ങളും നടന്നിരുന്നു. വലിയ സുരക്ഷാ മാർഗ്ഗങ്ങളൊന്നും സ്വീകരിക്കാതെയായിരുന്നു ഖുറൈശികൾ സിറിയയുമായി കച്ചവടം നടത്തിയിരുന്നത്. മറ്റു നാടുകളും കച്ചവടത്തിനായി ഖുറൈശികൾ തെരഞ്ഞെടുത്തിരുന്നു. ഇത്തരത്തിൽ യമനിൽ നിന്നും വരുന്ന ഒരു സമൂഹത്തെ അബ്ദുള്ളാഹിബ്നു ജഹ്ഷിന്റെ നേതൃത്വത്തിൽ കീഴടക്കുകയുണ്ടായി (അറബികളിൽ യുദ്ധം നിഷിദ്ധമായ സമയങ്ങളിൽ ഒന്നായിരുന്നു അപ്പോൾ). പ്രവാചകൻ അതിൽ നിരുത്സാഹിതനായപ്പോൾ ഒരു അധ്യായം അവതീർണ്ണമാവുകയുണ്ടായി:

“അവർ നിന്നെ വിശുദ്ധ മാസത്തെ കുറിച്ചും അതിൽ നടന്ന യുദ്ധത്തെക്കുറിച്ചും ചോദ്യം ചെയ്യുകയാണ്. പറയുക, ആ മാസത്തിൽ യുദ്ധം ചെയ്യൽ പാതകമത്രേ; എന്നാൽ ദൈവമാർഗ്ഗത്തിൽ മനുഷ്യരെ തടയലും അവന്റെ നേരെയും വിശുദ്ധ ഗേഹത്തിനു നേരെയും നിന്ദ കാട്ടലും അവിടെ നിന്ന് ദൈവത്തിന്റെ ഭക്തജനങ്ങളെ ആട്ടിപ്പുറത്താക്കലും ദൈവത്തിന്റെ അടുക്കൽ അതിനേക്കാൾ വലിയ കൊടും പാതകമാണ്. പീഡനം കൊലയേക്കാൾ ഭയാനകമാകുന്നു”

ഖുറൈശികൾക്കെതിരായ പ്രതിക്രിയാരൂപമായ പ്രവർത്തനത്തിനും, കച്ചവടമുതൽ കണ്ടുകെട്ടലിനെ വിശദീകരിക്കുന്നതിനും പുറമേ അത്തരം പ്രവർത്തനങ്ങളിലേക്ക് നയിച്ച കാരണങ്ങളെയും ഈ അധ്യായം ചൂണ്ടിക്കാട്ടുന്നു. മനുഷ്യകുലത്തിന് സാധിക്കുന്ന ഏറ്റവും കൊടിയ അനീതി എന്നുള്ളത് ദൈവത്തിന്റെ ആരാധിക്കപ്പെടാനുള്ള അവകാശത്തിന് എതിരെ പ്രവർത്തിക്കുക എന്നതാണ്. മക്കക്കാർ പ്രവാചകരുടെ വാക്കുകളെ കളവാക്കിയത് മാത്രമല്ല ബദ്ർ പോലുള്ള സായുധ പോരാട്ടത്തിന് കാരണമായത്. ഒരു അധ്യായം വിവരിക്കുന്നത് കാണുക:

“മതകാര്യങ്ങളിൽ നിങ്ങളോട് അങ്കംവെട്ടാതിരിക്കുകയും സ്വഭവനങ്ങളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ പറ്റി, അവർക്ക് നന്മയും നീതിയും ചെയ്യുന്നതിൽ അല്ലാഹു നിങ്ങളെ തടയുന്നില്ല: നീതിപാലകരെ അവൻ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു”

ഇസ്‌ലാമുമായി സമാധാനത്തിൽ കഴിയുന്ന അവിശ്വാസികൾക്ക് നീതി (ഖിസ്ത്) മാത്രമല്ല മര്യാദയും സ്നേഹവും (ബിറ്ർ) ലഭിച്ചിരുന്നു.

ഹുദൈബിയാ സന്ധി: ദീർഘവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണം

ഇസ്‌ലാമിലെ പോരാട്ട ചരിത്രത്തിന്റെ രണ്ടാം ഘട്ടം ഹിജ്റയുടെ പ്രാരംഭം മുതലാണ്. അതാവട്ടെ ഹിജ്റ എട്ടാം വർഷം മക്കാ വിജയം കൈവരിക്കുന്നത് വരെയാണെന്നും കാണാം. ബദ്റിന് ശേഷം നബി (സ) തങ്ങൾ കൈക്കൊണ്ട തന്ത്രപ്രധാന നീക്കങ്ങളെല്ലാം വളരെ ഉത്തമമായിരുന്നു. ബദ്റിന് ശേഷം ഇസ്‌ലാമിനോടും മുസ്ലിമിങ്ങളോടുമുള്ള കടുത്ത വിദ്വേഷം തീർക്കാൻ ഖുറൈശികൾ തുനിയുകയുണ്ടായി.

ഹിജ്റ അഞ്ചാം വർഷം മദീന കീഴടക്കാൻ അരക്കച്ച കെട്ടി വലിയ സന്നാഹവുമായി വന്ന മക്ക നിവാസികൾ പേർഷ്യക്കാരനായ സൽമാനുൽ ഫാരിസിന് മുന്നിൽ മുട്ടുമടക്കുകയുണ്ടായി. ഒരു നേതാവ് എന്ന നിലയിൽ ജനങ്ങളെ ഒരുമിച്ചു കൂട്ടി ഭാവി പരിപാടികൾ ചർച്ച ചെയ്തിരുന്നു പ്രവാചകർ. ഏറ്റവും നല്ല പ്രതിരോധ രീതികൾ എന്തായിരിക്കണം എന്നാണ് ചർച്ചയുടെ മർമ്മം. പേർഷ്യയിൽ അശ്വസൈനിക ആക്രമണം ഭയപ്പെടുമ്പോൾ കിടങ്ങു കുഴിക്കാറുണ്ടെന്ന സൽമാന്റെ അഭിപ്രായം സ്വീകരിച്ച്, സൗർ പർവ്വതത്തിന് ചുറ്റും താവളമടിക്കാൻ തീരുമാനിച്ചു. ജനങ്ങളാൽ ആ ഉപരോധം വിജയകരമായി. മുസ്ലിങ്ങളെ ഖുറൈശികൾ ഭയക്കുക തന്നെ ചെയ്തിരുന്നു.

പിന്നീടുണ്ടായ ഹുദൈബിയ സന്ധിയിൽ, പത്തു വർഷം നീണ്ടുനിൽക്കുന്ന ഒരു കരാറിനു വേണ്ടി ഖുറൈശികളെ നിർബന്ധിപ്പിച്ചു; വരും വർഷത്തിൽ ഉംറക്കുള്ള അനുമതി നേടി; മക്കയിൽ നിന്നുള്ള മുസ്ലിമീങ്ങളെ സ്വീകരിക്കില്ലെന്ന് വാക്കു കൊടുത്തു; ഇസ്‌ലാം മതം വെടിഞ്ഞ് ഖുറൈശികൾക്കൊപ്പം ചേരാൻ ഒരാളെയും തടയില്ലെന്നും ഉറപ്പുനൽകി. മുസ്ലിങ്ങൾക്ക് അതൊരു വലിയ നാണക്കേടും ഹൃദയവേദനയും ആയിരുന്നു. എങ്കിലും അവർ പ്രവാചകരെ അനുസരിച്ചു. പ്രവാചകരാകട്ടെ ഒരിക്കലും തന്റെ കൂട്ടാളികളെ നിരാശപ്പെടുത്തിയില്ല.

മുحمد നബിയുടെ ദീർഘവീക്ഷണവും രാഷ്ട്രീയ തന്ത്രവും ഇതിലൂടെ വ്യക്തമാണ്. നീണ്ടകാലത്തേക്ക് തന്റെ സമൂഹത്തിന് സമാധാനം ഉറപ്പിക്കാൻ സാധിച്ചു, കൂടുതൽ ആളുകൾ ഭയപ്പാടില്ലാതെ ഇസ്‌ലാമിലേക്ക് ആകൃഷ്ടരായി. അന്യദേശങ്ങളിൽ നല്ല നിലക്ക് പ്രബോധനത്തിന് വഴിയൊരുക്കി, സാമ്പത്തികവും ശാരീരികവുമായ നിലക്ക് അഭിവൃദ്ധി കൈവരിക്കാൻ മുസ്ലിങ്ങൾക്ക് സാധിച്ചു.

ഓരോ വിശുദ്ധ യുദ്ധങ്ങളും ദീർഘവീക്ഷണത്തോടെയുള്ള സാഹസികതയാണ്. ഈ കാലത്തേക്കുള്ള പ്രവാചകരുടെ സന്ദേശം വളരെ വ്യക്തമാണ്. സ്വേച്ഛാധിപതികളും കൊളോണിയൽ ഭരണാധികാരികളും അവരുടെ നിലക്ക് സമാധാനം സ്ഥാപിക്കാൻ അനുവദിക്കാതെ, അവരെ സന്ധിയിൽ ഏർപ്പെടുന്നതിലേക്ക് വലിച്ചിഴക്കപ്പെടേണ്ടതായിട്ടുണ്ട്. ചില ന്യായീകരണ വാദികൾ ഇസ്രായേലിനെ പിന്താങ്ങുന്നുണ്ട്; സ്വന്തം താല്പര്യങ്ങളിൽ നിലകൊള്ളുകയും പാശ്ചാത്യ ശക്തികളെ പ്രീതിപ്പെടുത്തുകയും ഇസ്ലാമിനോട് വഞ്ചന നടത്തുകയുമാണവർ. ഇത്തരക്കാരോട് പ്രവാചക മാതൃകയിലൂടെ പോരാടുന്നത് ഉത്തമമാണ്.

ഹുദൈബിയ സന്ധിയിലൂടെയും മറ്റനേകം യുദ്ധത്തിലൂടെയും മുസ്ലിം പക്ഷത്തെ നേരിടാനുള്ള ഖുറൈശികളുടെ മനക്കരുത്തിനെ നിഷ്പ്രഭമാക്കുകയായിരുന്നു പ്രവാചകർ.

“ചരിത്രത്തിൽ ഏറെ അപൂർവ്വതയുള്ള നാടാണ് ഇസ്രായേൽ. ഒരൊറ്റ വലിയ പരാജയമുണ്ടായാൽ മതി, ആ പരാജയം താങ്ങാൻ അതിന് കഴിയില്ല. പ്രഹരിക്കാനും ചുറ്റുമുള്ളവരെ ഭയപ്പെടുത്തി നിർത്താനുമുള്ള അതിന്റെ ശക്തി നഷ്ടപ്പെട്ടാൽ സയണിസ്റ്റ് പദ്ധതിയുടെ അന്ത്യമായെന്ന് മനസ്സിലാക്കാം”

2016-ൽ അന്തരിച്ച പ്രശസ്ത ഈജിപ്ഷ്യൻ പത്രപ്രവർത്തകൻ മുഹമ്മദ് ഹസനൈൻ ഹൈക്കലിന്റെ വാക്കുകളാണിത്.

ബദ്റിലൂടെ നഷ്ടപ്പെട്ട ധൈര്യം പൂർണ്ണമായും തിരിച്ചുപിടിക്കാൻ മക്കക്കാർക്ക് സാധിച്ചിരുന്നില്ല. ഖന്ദഖ് യുദ്ധവേളയിൽ ശത്രുപക്ഷത്തുണ്ടായ കൊടുങ്കാറ്റിന്റെ ദൈവീകതയും അവരെ കൂടുതൽ ഭയവിഹ്വലരാക്കി. ഹമാസ്-ഇസ്രായേൽ ഒന്നാംഘട്ട വെടിനിർത്തൽ ചർച്ചയ്ക്കിടെ ഇത്തരം ചർച്ചകൾ ഒരുപാട് നടന്നതായി റിപ്പോർട്ടുകൾ കാണാം.

സാമ്പത്തിക ഉപരോധം ചരിത്രപാതകളിലൂടെ

മക്കാ നിവാസികളെ ശിക്ഷിക്കാനും അവരെ അനുതപിക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി പ്രവാചകർ കൈക്കൊണ്ട സാമ്പത്തിക ഉപരോധമാണ് ബദ്റിന്റെ പശ്ചാത്തലം. ഈ സാമ്പത്തിക നയതന്ത്രം മക്കാ വിജയം വരെ പല കോലങ്ങളിലായി നമുക്ക് കാണാം. യമാമയിലെ ബനു ഹനീഫ ഗോത്രത്തലവൻ തുമാമ ഇബ്നു ഉഥാലിന്റെ ഉപകഥ ഇതിനൊരു ഉദാഹരണമാണ്. ബദ്ധവൈരിയായ പ്രവാചകരെ വധിക്കാനെത്തി ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു തുമാമ. അദ്ദേഹത്തെ ഉംറ ചെയ്യാൻ അയക്കുകയായിരുന്നു പ്രവാചകരുടെ പ്രഥമ നീക്കം. അദ്ദേഹത്തിന്റെ ഇസ്‌ലാം ആശ്ലേഷണം കാട്ടുതീ പോലെ പടർന്നിരുന്നെങ്കിലും, അദ്ദേഹത്തിനെതിരെ ഒരു ചെറുവിരലനക്കാൻ പോലും ഖുറൈശികൾക്ക് സാധിച്ചില്ല. യമാമയിലെ ഗോത്രതലവൻ എന്ന നിലക്ക് ഇദ്ദേഹം മക്കക്കാരുടെ അന്നം മുട്ടിക്കുമെന്ന് അവർ ഭയന്നു; കാരണം ഖുറൈശികളുടെ ധാന്യവർഗ്ഗങ്ങൾ എത്തിയിരുന്നത് യമാമയിൽ നിന്നായിരുന്നു.

പ്രവാചകർ പറഞ്ഞാലല്ലാതെ ഇനി ഒരിക്കലും ധാന്യം നൽകില്ലെന്ന് പ്രഖ്യാപിക്കലോടുകൂടി, സാമ്പത്തിക ഉപരോധമുയർത്താൻ മുഹമ്മദ് നബിയുടെ കാരുണ്യം തേടുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഖുറൈശികൾക്കുണ്ടായിരുന്നില്ല. തന്റെ സമൂഹത്തിന് ഒരു സ്ഥാനം നൽകാനും പ്രവാചകർക്ക് ഇതിലൂടെ സാധിച്ചു.

ഫലസ്തീനികൾക്കും, അടിച്ചമർത്തപ്പെട്ട മറ്റു ജനതയ്ക്കുമുള്ള പ്രവാചകാധ്യാപനങ്ങൾ

ലോകമെമ്പാടും മതചിന്തയുടെ വിപുലമായ നവജാഗരണങ്ങൾക്ക് പുതുനൂറ്റാണ്ട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്, മതവും യുക്ത്യതിയും ചേർന്ന പ്രവാചകരുടെ നയതന്ത്ര പാഠങ്ങൾ കൂടുതലായി വായിക്കപ്പെടുന്നത്. തന്റെ സമൂഹത്തിന് വന്നുചേരാനിരിക്കുന്ന ദുർഘടസന്ധികളെപ്പറ്റിയും, അതിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങളെ സംബന്ധിച്ചും ആ നേതാവ് പ്രവചിച്ചിരുന്നു. ലൗകിക ജീവിതത്തോടുള്ള പ്രത്യാശയും മരണത്തോടുള്ള വെറുപ്പുമാണ് മനുഷ്യന്റെ ബലഹീനതയായി വിശദീകരിക്കുന്നത്. പരമ സത്യത്തെ ധ്യാനിച്ചിരുന്ന ആദ്യകാല മുസ്ലിം സമൂഹം പ്രാപഞ്ചികതത്വത്തിൽ ഐക്യപ്പെട്ടതിന്റെ ഫലം വിജയമാണെന്ന് കാട്ടിത്തന്നു.

ദുർഘട വീഥിയുടെ ആദ്യ എട്ടു ഹിജ്റ വർഷങ്ങളിൽ പൊലിഞ്ഞത് വെറും ഇരുന്നൂറിനടുത്ത മുസ്ലിം മനുഷ്യ ജീവനുകൾ മാത്രമാണ്. എണ്ണമറ്റ പര്യവേക്ഷണങ്ങളും പോരാട്ടങ്ങളും ഈ ഘട്ടത്തിൽ മുസ്ലിം ജനത നേരിട്ടിരുന്നു. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പാഠങ്ങളോതിയ പ്രവാചകർ ‘അശക്തതയോടുള്ള ഒത്തുതീർപ്പ്’ ശത്രുക്കൾക്ക് ശക്തി പകരുന്നുവെന്ന ആശയം തന്റെ അനുയായികൾക്ക് മനസ്സിലാക്കിക്കൊടുത്തു. അംഗബലത്തിലോ ശക്തിയിലോ അല്ല, ദൈവവിശ്വാസത്തിലാണ് വിജയം എന്ന് വ്യക്തമാക്കിത്തന്നു.

ഒത്തൊരുമയില്ലാത്ത രണ്ടു ബില്യൺ വരുന്ന മുസ്ലിം സമൂഹത്തിന്, അവരുടെ വ്യവഹാരങ്ങൾ ഏകീകരിക്കാനുള്ള ഒരു നേതാവിന്റെ അഭാവം വലിയ ആഘാതം സൃഷ്ടിക്കുന്നു. ഈ അവസരത്തിൽ ദൈവഭക്തി കൈമുതലാക്കി ധീരതയോടെ പോരാടുന്ന ഫലസ്തീനി സഹോദരങ്ങളേക്കാൾ നല്ല നിലക്ക് തീരുമാനമെടുക്കാൻ ഒരു മുസ്ലിമും അർഹനല്ല.

പരിശുദ്ധ ഭവനത്തെ സംരക്ഷിക്കുന്നു, തകർന്നിടത്തുനിന്നും ഉയർത്തെഴുന്നേൽക്കുന്നു, കഠിനതയിലും പുഞ്ചിരി തൂകുന്നു, വേദനയിലും ഖുർആൻ പാരായണം ചെയ്യുന്നു, മാരകമായ തന്റെ മുറിവിലും സഹോദരനെ ശുശ്രൂഷിക്കുന്നു എന്നിങ്ങനെ കൊളോണിയൽ ഭരണത്തെ തീർത്തും അസ്വസ്ഥരാക്കുന്നതിൽ ഫലസ്തീനികൾ വിജയിച്ചിരിക്കുന്നു.

ഈ ഏകീകൃതമല്ലാത്ത സമൂഹത്തിൽ ചില അളന്ന നീക്കങ്ങൾ മാത്രമേ സാധിക്കൂ. പ്രവാചക മാതൃകയായ സാമ്പത്തിക ഉപരോധമാണ് ഫലസ്തീനികൾ കൈക്കൊണ്ടത്. സൗത്ത് ആഫ്രിക്കയിലെ കറുത്ത വംശജർ ഇതേ പാത കാണിച്ചുതന്നവരാണ്. 1950-ൽ വംശീയ ഭരണകൂടത്തിനെതിരെ തുടങ്ങിയ ‘ആന്റി അപ്പാർത്തീഡ് മൂവ്മെന്റ്’, 1993-ൽ വിജയം കാണുകയുണ്ടായി.

ഇതേ ആശയത്തിലാണ് ഫലസ്തീനും 2005-ൽ BDS (BOYCOTT, DIVESTMENT, SANCTION) മുഖേന ഇസ്രായേലിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നത്. ജനങ്ങളാൽ വിജയം കണ്ട പോരാട്ടമാണിത്. ഒരു മഹത്തായ സംസ്കാരവും പുറത്തുനിന്ന് കീഴടക്കപ്പെടുന്നില്ലെന്ന വിൽ ഡ്യൂറന്റിന്റെ ഉദ്ധരണിയെ സത്യമാക്കുന്നതാണ് മുൻകാല ചരിത്രങ്ങൾ. മതചിന്തയുടെ വിപുലമായ നവജാഗരണങ്ങൾക്ക് പുതുനൂറ്റാണ്ട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോൾ പ്രപഞ്ച-പരമ സത്യത്തെ ധ്യാനിച്ചും, ജ്ഞാനസഞ്ചയിയും നയതന്ത്രജ്ഞനുമായ പ്രവാചകരിൽ മാതൃക ഉൾക്കൊണ്ടും നാം മുന്നേറേണ്ടതുണ്ട്; ലോകം മൗനം പാലിച്ച പ്രതിഭാസങ്ങളിൽ ഇളക്കം സൃഷ്ടിച്ചുകൊണ്ട്.

 

Related Posts

നിറങ്ങളുടെ തത്വശാസ്ത്രം; മനുഷ്യാനുഭവങ്ങളും അഭൗതികതയും

ദൃശ്യ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ വർണ്ണാഭമായ ചുറ്റുപാടുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുമ്പോൾ അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആകാശത്തിന്റെ നീല മുതൽ തീജ്വാലയുടെ ചുവപ്പ് വരെ, നിറം യഥാർത്ഥമായി അനുഭവപ്പെടുന്നു. എന്നാൽ, വ്യാപകമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, നിറത്തിന്റെ യഥാർത്ഥ സ്വഭാവം ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഒരുപോലെ ആകർഷിക്കുന്ന രഹസ്യമായി ഇന്നും തുടരുന്നു.

Read More »

സൗന്ദര്യ സങ്കൽപങ്ങളുടെ പരിണാമ ദിശകൾ

സൗന്ദര്യശാസ്ത്രത്തിന്റെ ഗ്രീക്ക് ഫിലോസഫിയിൽ പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്വചിന്തകർ സൗന്ദര്യത്തെ പരിചയപ്പെടുത്തുന്നത് യുക്തിപരമായി ഉരുതിരിഞ്ഞ് വരുന്നതെന്നാണ്. തന്മൂലം, ഇതിനെ സൗന്ദര്യ നിർണ്ണയത്തിലെ റാഷണലിസം എന്ന് വിളിക്കുകയാണ് പ്ലേറ്റോയും അരിസ്റ്റോട്ടിലും. ഈ ചിന്താഗതിയിൽ സൗന്ദര്യത്തെ തികച്ചും വസ്തുനിഷ്ഠമായ ഒരു ഘടകമായി പരിചയപ്പെടുത്തുന്നത് കാണാൻ സാധിക്കും.

Read More »

ഇസ്ലാമും വംശവെറിയും; ഓറിയന്റൽ വായനകളുടെ വികലത

ധാർമ്മിക മൂല്യങ്ങളെയും നീതി വിഷയകമായ കൽപ്പനകളെയും വകവെക്കാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന മനുഷ്യസമൂഹത്തിനിടയിൽ, മതം തൊട്ടുണർത്തിയ നൈതിക ചിന്താവ്യവസ്ഥകൾ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതൊന്നുമല്ല. മതങ്ങൾക്കിടയിലെ ധാർമ്മിക ആശയങ്ങൾ വ്യത്യാസമുണ്ടായിരുന്നെങ്കിലും മതങ്ങൾ അവലംബിക്കുന്ന പ്രാഥമിക ഗ്രന്ഥങ്ങളെന്നും ധാർമ്മിക ചെയ്തികളെയും പ്രത്യയശാസ്ത്രങ്ങളെയുമായിരുന്നു അനുകൂലിച്ചിരുന്നത്. ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളിൽ വർഗ്ഗ-വർണ്ണ വിദ്വേഷങ്ങൾ ഉണ്ടായിരിക്കാൻ സാധ്യത കാണുന്നില്ല.

Read More »

മുംബൈയിലെ നഗര ജീവിതവും ഇന്ദ്രിയ രാഷ്ട്രീയവും

ഗന്ധം, ശബ്ദം, കാഴ്ച എന്നിവയെ വിലയിരുത്തുകയും നഗരത്തിലെ വ്യത്യാസങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന രീതി, ആളുകൾ സ്വയം അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ച് പറയുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. പകരം ഇത് ലോകത്തെ അമൂർത്തമായ രൂപത്തിലൂടെ മനസ്സിലാക്കാനുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. രാഷ്ട്രീയപരമായ അവകാശവാദങ്ങളിലും ദൈനംദിന ജീവിതത്തിലും ഒരാൾ എങ്ങനെ ഇന്ദ്രിയങ്ങളോട് പ്രതികരിക്കുന്നു എന്നത്, എന്താണ് ഒരു ധാർമ്മിക വിഷയമായി (ethical subject) ഉൾപ്പെടുത്തപ്പെടുന്നത്, എന്താണ് ഉൾപ്പെടാത്തത് എന്നിവയുടെ പരിമിതികളെയും അതിരുകളെയും കുറിച്ച് സൂചിപ്പിക്കുന്നു

Read More »

മുഹമ്മദ്(സ്വ); അനശ്വരമാണ് അവിടുത്തെ മാർഗദർശനം

യൂറോപ്പിലും അമേരിക്കയിലും ഉള്ള മുസ്ലിം ഇതര സമുദായം ഇസ്ലാമിനെ മനസ്സിലാക്കുന്നിടത്തും ഇസ്ലാമിനെ ഒരു ആന്റി കൊളോണിയൽ സ്വത്വമായി പരിഷ്കൃത മുസ്ലിം ചിന്തകർ സ്ഥാപിക്കുന്നിടത്തും മുഹമ്മദിനെ (സ്വ) കേവലം ഒരു ചരിത്ര പുരുഷൻ ആയി കാണേണ്ടിവരുന്ന മാനുഷിക പ്രതിഭാസത്തിനും അപ്പുറം പ്രവാചകൻ കൈവരിക്കുന്ന അസാധാരണവും അതിഭൗതികവുമായ പദവിയെ തൊട്ട് സ്വയം അജ്ഞരാവുകയാണ് അക്ഷരാർത്ഥത്തിൽ മുസ്ലിം റിഫോമിസ്റ്റ് ചിന്തകർ. മധ്യകാലത്തെ ക്രൈസ്തവർ ചെയ്തുവെച്ച ഇസ്ലാം വിരുദ്ധതയിലും, മുഹമ്മദ് മോശമായാണെങ്കിലും കേവലം ഒരു രാഷ്ട്രീയ നേതാവായാണോ അവരുടെ എതിർപ്പുകളിൽ സ്ഥാനം കൊണ്ടത്.

Read More »

മുംബൈയിലെ മാപ്പിള മുസ്‌ലിംകളും സാമൂഹിക നിർമ്മിതിയും

മുംബൈയിലെ മലയാളി മുസ്ലിങ്ങളുടെ ജീവിതം കേവലം സാമ്പത്തിക നേട്ടങ്ങളിൽ ഒതുങ്ങിനിന്നില്ല. അതിജീവനത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി അവർ കെട്ടിപ്പടുത്ത സംഘടിത സംവിധാനങ്ങൾ അവരുടെ വിജയത്തിന്റെ നട്ടെല്ലായി വർത്തിച്ചു. ഭേന്ദി ബസാർ, ഡോംഗ്രി, ക്രോഫോർഡ് മാർക്കറ്റ് എന്നിവ അവരുടെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രങ്ങളായി മാറി.

Read More »