മുഹമ്മദ്(സ്വ); അനശ്വരമാണ് അവിടുത്തെ മാർഗദർശനം

പ്രവാചകനെ കുറിച്ചുള്ള ഇന്നത്തെ സമൂഹം കണ്ടു പോകുന്ന വീക്ഷണ കോണുകൾ ഏറെ മാറേണ്ടതായിട്ടുണ്ട്. ചരിത്രത്തിൽ കടന്നുപോയ ഒരു പ്രസ്ഥാന സ്ഥാപകനും പുതിയൊരു ഇസ്ലാമിക് സംസ്കാരമെന്ന ആശയത്തിന് രൂപം നൽകിയ നവോത്ഥാന നേതാവുമാണ് മുഹമ്മദ് (സ്വ) എന്ന അറിവിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ആധുനിക പ്രവാചക ജീവചരിത്രം.

യൂറോപ്പിലും അമേരിക്കയിലും ഉള്ള മുസ്ലിം ഇതര സമുദായം ഇസ്ലാമിനെ മനസ്സിലാക്കുന്നിടത്തും ഇസ്ലാമിനെ ഒരു ആന്റി കൊളോണിയൽ സ്വത്വമായി പരിഷ്കൃത മുസ്ലിം ചിന്തകർ സ്ഥാപിക്കുന്നിടത്തും മുഹമ്മദിനെ (സ്വ) കേവലം ഒരു ചരിത്ര പുരുഷൻ ആയി കാണേണ്ടിവരുന്ന മാനുഷിക പ്രതിഭാസത്തിനും അപ്പുറം പ്രവാചകൻ കൈവരിക്കുന്ന അസാധാരണവും അതിഭൗതികവുമായ പദവിയെ തൊട്ട് സ്വയം അജ്ഞരാവുകയാണ് അക്ഷരാർത്ഥത്തിൽ മുസ്ലിം റിഫോമിസ്റ്റ് ചിന്തകർ. മധ്യകാലത്തെ ക്രൈസ്തവർ ചെയ്തുവെച്ച ഇസ്ലാം വിരുദ്ധതയിലും, മുഹമ്മദ് മോശമായാണെങ്കിലും കേവലം ഒരു രാഷ്ട്രീയ നേതാവായാണോ അവരുടെ എതിർപ്പുകളിൽ സ്ഥാനം കൊണ്ടത്.

ഈ സോഷ്യോ പൊളിറ്റിക്കൽ വീക്ഷണത്തിലുള്ള മുഹമ്മദിനപ്പുറം (സ്വ) നിലകൊള്ളുന്ന മെറ്റാഫിസിക്കൽ മുഹമ്മദ് (സ്വ) ആണ് നവകാലത്ത് വായിക്കപ്പെടേണ്ടത് എന്ന് വിശ്വസിക്കുന്നു. പ്രപഞ്ചത്തിന്റെ ഉൽഭവം പോലും പ്രവാചക നൂറിൽ നിന്നാണെന്ന് വിളിച്ചോതുന്ന മുഹമ്മദൻ റിയാലിറ്റി പോലൊത്തെ സെമി ഫിലോസഫിക്കൽ തത്വങ്ങളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു ആധുനിക ചിന്തകർ. പ്രവാചകന്റെ അവധി ഭൗതികമായ വിശেষണങ്ങളെ പ്രകീർത്തിക്കുന്ന ഒരുപാട് സാഹിത്യ രചനകൾ ലോകത്ത് ഉണ്ടായിട്ടുണ്ടെങ്കിലും തങ്ങളുടെ സർവ്വവിശേഷണവും വെച്ചുകൊണ്ട് മിസ്റ്റിക്കൽ മുഹമ്മദിനെ (സ്വ) പരിചയപ്പെടുത്തുന്നതാണ് ഹല്ലാജിന്റെ കിതാബുൽ ത്വവാസീൻ.

അല്ലാഹുവിന്റെ പ്രകാശം മനുഷ്യകുലവുമായി സംവദിക്കാൻ മധ്യസ്ഥത വഹിക്കുന്ന ഒരു പാലമാണ് മുഹമ്മദ് (സ്വ) എന്ന നിലക്ക് വിശേഷിപ്പിക്കുകയാണ് ഹല്ലാജ്. മുഹമ്മദ് (സ്വ) കേവലം മനുഷ്യരിലെ പ്രവാചകന്മാരിൽ തന്നെ ഉന്നതനായവനല്ല, മറിച്ച് തലകാല ബന്ധനത്തിനുമപ്പുറം നിലകൊള്ളുന്ന ഒരു പ്രത്യേക അസ്തിത്വമാണ്. മുഹമ്മദ് (സ്വ) ദൈവിക ലോകത്തിൽ നിന്നുമുള്ള ഒരു വിളക്കാണെന്ന സമർപ്പിക്കലോടുകൂടി, തങ്ങളുടെ പ്രവർത്തനങ്ങൾ ദൈവിക താല്പര്യങ്ങളുടെ നേർപ്രതിദ്ധ്വനിയാണെന്നും, ദൈവമായി ഐക്യപ്പെട്ടു പോകുന്ന സത്തയാണെന്നും ഹല്ലാജ് പ്രതിപാദിക്കുന്നുണ്ട്.  അദ്ദേഹത്തിന്റെ ഗുരുവായ സഹൽ-അൽ-തുസ്തരി മുഹമ്മദിന്റെ (സ്വ) പ്രകാശത്തെ വ്യാഖ്യാനിക്കുന്നത് വിപ്ലവകരമായ ഒരു സിദ്ധാന്തത്തിലൂടെയാണ്. “ദൈവം മുഹമ്മദിനെ (സ്വ) സൃഷ്ടിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ പ്രകാശത്തിൽ നിന്ന് ഒരു പ്രകാശം വെളിപ്പെടുത്തുകയും തന്റെ സാമ്രാജ്യത്തിൽ ഉടനീളം അത് വ്യാപിപ്പിക്കുകയും ചെയ്തു. ആ പ്രകാശം ദൈവത്തിന്റെ തിരുമുമ്പിൽ വന്നപ്പോൾ അത്യന്തം പ്രണമിച്ചു (സുജൂദ് ചെയ്തു). അതിന്റെ പ്രണാമത്തിൽ നിന്ന് ദൈവം ഒരു സ്ഫടിക/ഗ്ലാസ് പാത്രം പോലെയുള്ള സാന്ദ്രമായ പ്രകാശത്തിന്റെ ഒരു സ്തംഭം സൃഷ്ടിച്ചു. ഈ പ്രകാശ സ്തംഭത്തിൽ, സൃഷ്ടിയുടെ ആരംഭത്തിനും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ മുഹമ്മദ് (സ്വ) ദൈവത്തെ ആദിമവിശ്വാസത്തോടെ ആരാധിച്ചു കൊണ്ടേയിരുന്നു. പിന്നീട് മുഹമ്മദിന്റെ (സ്വ) പ്രകാശത്തിൽ നിന്ന് ദൈവം ആദമിനെ സൃഷ്ടിച്ചു. അതിനുശേഷം ആദമിന്റെ കളിമണ്ണിൽ നിന്ന് മുഹമ്മദിനെയും (സ്വ) ആ കളിമണ്ണ് ആകട്ടെ മുഹമ്മദ് ആരാധിച്ചിരുന്ന അതേ സ്തംഭത്തിൽ നിന്നുള്ള താനും”.

പിൽക്കാല സൂഫി പണ്ഡിതനായ ഇബ്നു അറബിയും അബ്ദുൽ കരീം അൽ ജീലിയും ഈ പ്രകാശ സിദ്ധാന്തത്തെ മുഹമ്മദിയ്യ എന്നൊരു മെറ്റാഫിസിക്കൽ ആശയമായി വികസിപ്പിച്ചു. ഇതിനെ പിന്നീട് ‘അൽ ഇൻസാനുൽ കാമിൽ’ എന്ന സങ്കൽപ്പത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഈ സിദ്ധാന്തമനുസരിച്ച്, മുഹമ്മദ് (സ്വ) കേവലമൊരു ചരിത്ര പുരുഷൻ അല്ല, മറിച്ച് പ്രപഞ്ചത്തിന്റെയും വെളിപാടിന്റെയും കേന്ദ്രബിന്ദുവാണ്.

മുഹമ്മദ് നബിയും ആകാശങ്ങളിലേക്കുള്ള മിഅ്റാജ് അത്ഭുതയാത്ര തങ്ങളുടെ പ്രകാശമയമായ പദവിയെ വിളിച്ചോതുന്നതാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഖുർആനിലെ രണ്ട് ഭാഗങ്ങളിൽ ഇതിനെക്കുറിച്ച സൂചനകൾ ഉണ്ട് – (സൂറത്തുൽ ഇസ്രാഅ് 1, സൂറത്തുന്നജ്മ് 1-11). സൂഫി വ്യാഖ്യാനത്തിൽ ഈ യാത്ര ദൈവവുമായുള്ള പ്രത്യേക സാമീപ്യത്തെയും അദ്ദേഹത്തിന്റെ ആധ്യാത്മിക മേധാവിത്വത്തെയും സൂചിപ്പിക്കുന്നുണ്ട്.

തുസ്തരിയുടെ ഈ പ്രകാശ സിദ്ധാന്തപ്രകാരം എല്ലാ പ്രവാചകന്മാരുടെയും പ്രകാശം മുഹമ്മദ് നബിയുടെ പ്രകാശത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. പ്രവാചകന്മാരുടെ പിന്തുടർച്ചക്കാരായ അല്ലാഹുവിന്റെ ഔലിയാക്കളും ഈ പ്രകാശത്തിന്റെ അനന്തരവകാശികൾ ആയി ഗണിക്കപ്പെടേണ്ടതുണ്ട്. ഇങ്ങനെ മുഹമ്മദ് നബി ചരിത്രത്തിലെ ഒരു വ്യക്തിയെന്നതിൽ ഒതുങ്ങുന്നതിന് പകരം അനശ്വരമായ കാലത്തേക്കുള്ള മാർഗ്ഗദർശനത്തിന്റെ ഉറവിടമായി മാറുന്നു.

ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകൾക്ക് മുഹമ്മദ് (സ്വ) ഒരു പ്രാപഞ്ചിക കേന്ദ്രബിന്ദുവായാണ് നിലകൊള്ളുന്നത്. അവരുടെ മനസ്സിൽ ദൈവവും അവരും തമ്മിലുള്ള ഒരേയൊരു ഏകമാത്ര കണ്ണിയായാണ് സഹവസിക്കുന്നത്. സ്വപ്നങ്ങളിലൂടെയും ദർശനങ്ങളിലൂടെയും അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നതുകൊണ്ട് തന്നെ പ്രവാചകരെ കുറിച്ചുള്ള ഈ പ്രകാശ സങ്കൽപ്പം ഇസ്ലാമിൽ ബാഹ്യ രൂപത്തിനുമപ്പുറമുള്ള ആധ്യാത്മിക അത്ഭുതങ്ങളെ കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. തുടർന്നു തന്നെ മനുഷ്യഹൃദയങ്ങളിൽ ദൈവപ്രകാശം ചൊരിയുന്ന ഒരു വിളക്കുമാടമായി മുഹമ്മദ് നബി സ്ഥാപിക്കപ്പെടുക കൂടി ചെയ്യുകയാണ്.

പ്രവാചകൻ മുഹമ്മദിന്റെ (സ്വ) അസ്തിത്വപരമായിട്ടുള്ള പ്രത്യേകമായ പദവി പ്രകടമാകുന്നത് ഇസ്ലാമിക സാഹിത്യത്തിൽ അദ്ദേഹം കൈക്കൊള്ളുന്ന സൗന്ദര്യത്തിന്റെ ശാരീരികവും ആത്മീയവുമായ മാതൃകയിലാണ്. പ്രവാചകൻ അഖില ലോകർക്ക് ‘ഉസ്‌വത്തുൽ ഹസന’ ആയി പരിചിതമാവുമ്പോൾ അവിടുത്തെ പൂർണ്ണത പകൽ പോലെ പ്രകടമാണ്. മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയിൽ പ്രവാചകനും അബൂബക്കറിനും ആതിഥേയത്വം നൽകിയ ഉമ്മു മഅ്ബദ് നൽകുന്ന വിവരണം പ്രവാചകന്റെ ശാരീരിക സൗന്ദര്യത്തിന്റെ ക്ലാസിക് ആയ ചിത്രീകരണമാണ്:

“ഞാൻ പവിത്രതയും വെടിപ്പുമുള്ളതായ ഒരു പുരുഷനെ കണ്ടു. മെലിഞ്ഞ ശരീരമോ ചെറിയ തലയോ കഴുത്തോ അദ്ദേഹത്തിന്റെ ഒരു ന്യൂനതയായി നിലനിന്നില്ല. അദ്ദേഹവും ഗാംഭീര്യവും ചാരുതയും ഉള്ളവൻ ആയിരുന്നു. അഗാധമായ കറുത്ത കണ്ണുകളും കട്ടിയുള്ള കൺപോളകളും ഉണ്ടായിരുന്നു. ദൂരെ നിന്ന് കാണുമ്പോൾ ഏറ്റവും സുന്ദരനും മഹത്വമുള്ളവനും അടുത്തുനിന്ന് കാണുമ്പോൾ ഏറ്റവും മാധുര്യവും പ്രിയപ്പെട്ടവനുമായിരുന്നു”.

ഈ വിവരണം പിൽക്കാലത്ത് ‘ഹില്യത്തുനബി’ (പ്രവാചകാലങ്കാരം) എന്ന കാലിഗ്രഫിക് കലാരൂപത്തിലേക്ക് പരിണമിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിൽ ഇത് ഉയർന്ന വികാസം പ്രാപിച്ചു. ഈ കലാരൂപം നാല് ഖലീഫമാരുടെ പേരുകൾ അടങ്ങിയ മെഡലിയനുകളും പ്രവാചകന്റെ കോസ്മിക് പ്രാധാന്യങ്ങളെ കുറിച്ചുള്ള ഖുർആനിക വചനങ്ങളുമായി ചുറ്റപ്പെട്ടിരുന്നു. ഈയൊരു വാചികമായ വിവരണം ദൃശ്യപ്രതിനിധാനം മൂലം സംഭവിക്കുന്ന വിഗ്രഹാരാധനയിൽ നിന്നും ഒഴിവായി, മനസ്സിൽ പ്രവാചകന്റെ സങ്കൽപ്പചിത്രം സൃഷ്ടിക്കുന്ന ഒരുവിധ ഐക്കൺ ആയി മനസ്സിലാക്കപ്പെടുന്നു.

പ്രവാചകന്റെ ശാരീരിക പൂർണ്ണതയോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് അദ്ദേഹത്തിന്റെ ആത്മീയ പൂർണ്ണത. അതിന് ഊന്നൽ നൽകുന്നതാണ് മറ്റുള്ളവർക്ക് വേണ്ടി ദൈവത്തോട് മധ്യസ്ഥത വഹിക്കുന്ന പ്രവാചകന്റെ ആത്മീയമായ ഇടപെടൽ. മറ്റുള്ളവരുടെ പാപങ്ങൾക്ക് ദൈവത്തിന്റെ ക്ഷമാപണം നേടിക്കൊടുക്കാൻ കഴിയുന്ന മധ്യസ്ഥനായി മുഹമ്മദിനെ (സ്വ) കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

മിസ്രിലെ പ്രശസ്ത കവിയായ imam ബൂസ്വീരിയുടെ ഖസീദത്തുൽ ബുർദ പ്രവാചകനോടുള്ള ഭക്തിപൂർവ്വമായ ഒരു ആത്മനിഷ്ഠയാണ്. രോഗത്തിൽ നിന്നുള്ള അത്ഭുതകരമായ സുഖം പ്രവാചകന്റെ ഇടപെടൽ കാരണമാണെന്ന് വിശ്വസിച്ച് എഴുതിയ ഈ കാവ്യം സമാഹരിക്കുന്നത് പാപരാഹിത്യത്തെയും മധ്യസ്ഥതയെയുമാണ്. ഈ അറബി കാവ്യത്തിന് തന്നെ അത്ഭുതവും രോഗശാന്തിയും കൊണ്ടുവരാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്; അത് വടക്കേ ആഫ്രിക്ക മുതൽ ഇൻഡോനേഷ്യ വരെയുള്ള വിവിധ പ്രദേശങ്ങളിൽ അതിന്റെ വ്യാപകമായ ജനപ്രീതിക്ക് നിമിത്തം ആയിട്ടുണ്ട്.

 

പാരഡോക്സസ് ഓഫ് മോണോതീസം

ഹെൻറി കോർബിൻ ‘പാരഡോക്സസ് ഓഫ് മോണോതീസം’ എന്ന പേരിൽ ഉന്നയിച്ച അടിസ്ഥാനപരമായ ഒരു പ്രശ്നം ഇവിടെ പ്രസക്തമാണ്. ദൈവം ബുദ്ധിക്കും വിശദീകരണത്തിനും അതീതമായ ഒരു സത്തയാണെങ്കിൽ, അവനുമായി ബന്ധം സ്ഥാപിക്കാൻ മനുഷ്യരാശിക്ക് ഒരു മധ്യസ്ഥൻ അത്യാവശ്യമാണ്. ഈ മധ്യസ്ഥത വഹിക്കുന്ന മുഹമ്മദ് ഒരു മാനവ പ്രവാചകനാണെന്നിരിക്കെ, അദ്ദേഹത്തിന്റെ മരണശേഷമുള്ള അഭാവത്തിൽ വിശ്വാസി സമുദായം എങ്ങനെ മുന്നോട്ട് പോകുമെന്ന ഒരു പ്രതിസന്ധി അവിടെ ഉണ്ടാകുന്നു.

കോർബിൻ ഇങ്ങനെ ഒരു പ്രശ്നം ഉന്നയിക്കുന്നുണ്ടെങ്കിലും, വ്യത്യസ്ത ആശയധാരകളിലൂടെ ഇതിനുള്ള പരിഹാരം അവതരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചക മാർഗ്ഗദർശനത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന രീതിയിൽ, അദ്ദേഹം കൊണ്ടുവന്ന ധാർമ്മികമായ മൂല്യങ്ങളെയും ആരാധനാ വ്യവസ്ഥകളെയും മതഗ്രന്ഥങ്ങളായി ക്രോഡീകരിച്ചുകൊണ്ടുള്ള ഒരു സമീപനം ഇസ്ലാമിക ചരിത്രത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതിലൂടെ പ്രവാചക വിയോഗശേഷവും ആ പാരമ്പര്യം മുസ്ലിം സമൂഹത്തിൽ അതുപോലെ സുഭദ്രമായി നിലനിന്നു പോകുന്നുണ്ട് എന്നതാണ് മറുപടിയെന്നോണം നമുക്ക് വ്യക്തമാകുന്നത്.

എന്നാൽ, പ്രവാചക വിയോഗശേഷമുള്ള ദൗത്യപരമായ ഈ വിടവിനെ, പ്രവാചകന് പകരം നികത്തുന്നത് ഇമാമുകളാണെന്നാണ് ശിയാ വിശ്വാസം. പക്ഷെ, ഇമാമുമാർക്ക് ഏതാനും ചില തലമുറകളിൽ മാത്രമേ ദൗത്യനിർവ്വഹണത്തിന് സാധിക്കുകയുള്ളൂ എന്നത് നമുക്ക് വ്യക്തമാണ്. അതുകൊണ്ടുതന്നെ അവർക്ക് ശേഷം ദൈവവും സൃഷ്ടികളും തമ്മിലുള്ള മധ്യസ്ഥത വഹിക്കുക എന്ന ദൗത്യത്തെ നിർവ്വഹിക്കാൻ, മതപണ്ഡിത സമൂഹം മൊത്തത്തിൽ മധ്യവർത്തികളായി നിലകൊള്ളുന്നു എന്നതാണ് അവർ വിശ്വസിക്കുന്നത്.

അതേസമയം, സൂഫിസം എന്ന വിശാലമായ ആത്മീയ ആശയധാരയിൽ പ്രവാചക വിയോഗശേഷം ദൈവം തന്റെ സാന്നിധ്യം വെളിപ്പെടുത്തുന്നത് ഔലിയാക്കളിലൂടെയാണ്. പ്രവാചകരുടെ പ്രതിനിധികൾ എന്നപോലെ ദിവ്യസന്ദേശത്തെ ജനങ്ങളിൽ പ്രചരിപ്പിക്കാൻ ബാധ്യസ്ഥരായവരാണ് ഔലിയാക്കൾ. പ്രവാചകത്വവും വിലായത്തും പരസ്പരം കൈകോർത്തു നിൽക്കുന്ന രണ്ട് ആശയങ്ങളായി മനസ്സിലാക്കപ്പെടുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്. ചില ഘട്ടങ്ങളിൽ ഈ രണ്ട് ആശയങ്ങളും പരസ്പരം വേർതിരിച്ചു കാണൽ പോലും തികച്ചും പ്രയാസകരമായിരിക്കും. പ്രമുഖ പേർഷ്യൻ സൂഫിവര്യനായ റൂസ്ബിഹാൻ ബഖ്‌ലി പറഞ്ഞതുപോലെ, “വിലായത്തിന്റെയും നുബുവ്വത്തിന്റെയും മഹാസമുദ്രങ്ങൾ പരസ്പരം ഇടകലർന്നു കിടക്കുന്ന രണ്ട് സത്തകളാണ്”.

സൂഫിസം ഇബ്നു അറബിയുടെ കൃതികളിൽ അതിവിപുലമായി ആവിഷ്കരിച്ചതായി നമുക്ക് കാണാം. അൽഹകീം അൽ തിർമിദിയുടെ ആശയങ്ങൾ അടിസ്ഥാനമാക്കിക്കൊണ്ട്, ‘ഖാത്തമുന്നബിയ്യീൻ’ എന്ന മെറ്റാഫിസിക്കൽ പദവിയോട് സമാന്തരമായി അദ്ദേഹം ‘ഖാത്തമുൽ ഔലിയാ’ എന്ന ആശയവും വികസിപ്പിച്ചെടുക്കുന്നുണ്ട്.

ചരിത്രങ്ങളിലെ സൂഫി ആചാരങ്ങളിൽ സൂക്ഷ്മമായി ഒന്ന് വീക്ഷിക്കുകയാണെങ്കിൽ, സൂഫി ഇടങ്ങളിൽ പ്രശോഭിച്ചു നിൽക്കുന്ന ദൈവവുമായുള്ള മിസ്റ്റിക്കൽ സമീപനം തന്നെ പ്രവാചക കേന്ദ്രീകൃതമായി രൂപപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ പറ്റും. സകല ആത്മീയ ജ്ഞാനങ്ങളുടെയും ഒരേയൊരു ഉറവിടമായി അവർ പ്രവാചകരെ കാണുന്നു. നബി (സ) തങ്ങളിൽ നിന്നും ബൈഅത്ത് ചെയ്ത് ആത്മീയ ജ്ഞാനം കൈപ്പറ്റിയവരാണ് സ്വഹാബത്ത്. ആ പ്രവാചക സ്രോതസ്സിൽ നിന്നും ലഭിച്ച അറിവിനെ പിന്നീട് ശൃംഖല (സിൽസില) വഴി സൂഫിവര്യരും ഔലിയാക്കളും ഏറ്റെടുക്കുകയാണ് ചെയ്തത്.

അതേസമയം, ആദ്യകാലം മുതലക്കേ തന്നെ ദൈവികമായ ആശയവിനിമയത്തിന്റെ ചെറിയ പതിപ്പായി മനസ്സിലാക്കപ്പെട്ടിരുന്ന കാര്യമാണ് സ്വപ്നം എന്നുള്ളത്. പ്രവാചകന്റെ സ്വപ്നങ്ങൾക്ക് ആകട്ടെ ആധികാരികതയിൽ പ്രത്യേക പദവിയും കണക്കാക്കപ്പെട്ടിരുന്നു. ഒരു ഹദീസിൽ പറയപ്പെട്ടത് പോലെ, പിശാചിന് ഒരിക്കലും പ്രവാചക രൂപത്തിൽ സ്വപ്നത്തിൽ നുഴഞ്ഞു കയറാൻ സാധിക്കുകയില്ല. അതിനാൽ പ്രവാചകരെ സ്വപ്നം കാണുന്ന സാധാരണ  ജനങ്ങൾക്ക് പോലും, സൂഫി ജ്ഞാന ശൃംഖലയിലല്ലാതെ തന്നെ സ്വപ്നത്തിലൂടെ പ്രവാചകനുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാൻ കഴിയുന്നതാണ്.

Related Posts

നിറങ്ങളുടെ തത്വശാസ്ത്രം; മനുഷ്യാനുഭവങ്ങളും അഭൗതികതയും

ദൃശ്യ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ വർണ്ണാഭമായ ചുറ്റുപാടുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുമ്പോൾ അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആകാശത്തിന്റെ നീല മുതൽ തീജ്വാലയുടെ ചുവപ്പ് വരെ, നിറം യഥാർത്ഥമായി അനുഭവപ്പെടുന്നു. എന്നാൽ, വ്യാപകമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, നിറത്തിന്റെ യഥാർത്ഥ സ്വഭാവം ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഒരുപോലെ ആകർഷിക്കുന്ന രഹസ്യമായി ഇന്നും തുടരുന്നു.

Read More »

ഫലസ്തീനീ പോരാട്ടവും പ്രവാചക പാതയും

അതിഭീകരമായ വംശോന്മൂലന പ്രക്രിയയാണ് ഫലസ്തീനിൽ നടപ്പാക്കുന്നത്. ആശുപത്രികൾ, വീടുകൾ, വിദ്യാലയങ്ങളുമൊക്കെയും നിലംപതിച്ചു. വൃദ്ധരെന്നോ, യുവാക്കളെന്നോ, സ്ത്രീകളെന്നോ നോക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാമാവശേഷമാക്കപ്പെട്ടു. ഒപ്പം ഈ മനുഷ്യക്കുരുതിയെ ചെറുത്തുനിൽക്കേണ്ട ആഗോള നിയമസംവിധാനങ്ങളും നിരർത്ഥകമായി മാറിക്കഴിഞ്ഞു. ഒരു മുസ്ലിം ജനത പൂർണ്ണമായും വംശോന്മൂലനത്തിനരികെ സംഘർഷത്തിലായിരിക്കെ, ഇടപെടാനുള്ള മുസ്ലിം-അറബ് രാജ്യങ്ങളുടെ സന്നദ്ധതയും ഇവിടെ അളക്കപ്പെടുകയാണ്; ശുദ്ധ ശൂന്യതയാണ് ഇതുവരെയുള്ള ഫലം.

Read More »

സൗന്ദര്യ സങ്കൽപങ്ങളുടെ പരിണാമ ദിശകൾ

സൗന്ദര്യശാസ്ത്രത്തിന്റെ ഗ്രീക്ക് ഫിലോസഫിയിൽ പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്വചിന്തകർ സൗന്ദര്യത്തെ പരിചയപ്പെടുത്തുന്നത് യുക്തിപരമായി ഉരുതിരിഞ്ഞ് വരുന്നതെന്നാണ്. തന്മൂലം, ഇതിനെ സൗന്ദര്യ നിർണ്ണയത്തിലെ റാഷണലിസം എന്ന് വിളിക്കുകയാണ് പ്ലേറ്റോയും അരിസ്റ്റോട്ടിലും. ഈ ചിന്താഗതിയിൽ സൗന്ദര്യത്തെ തികച്ചും വസ്തുനിഷ്ഠമായ ഒരു ഘടകമായി പരിചയപ്പെടുത്തുന്നത് കാണാൻ സാധിക്കും.

Read More »

ഇസ്ലാമും വംശവെറിയും; ഓറിയന്റൽ വായനകളുടെ വികലത

ധാർമ്മിക മൂല്യങ്ങളെയും നീതി വിഷയകമായ കൽപ്പനകളെയും വകവെക്കാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന മനുഷ്യസമൂഹത്തിനിടയിൽ, മതം തൊട്ടുണർത്തിയ നൈതിക ചിന്താവ്യവസ്ഥകൾ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതൊന്നുമല്ല. മതങ്ങൾക്കിടയിലെ ധാർമ്മിക ആശയങ്ങൾ വ്യത്യാസമുണ്ടായിരുന്നെങ്കിലും മതങ്ങൾ അവലംബിക്കുന്ന പ്രാഥമിക ഗ്രന്ഥങ്ങളെന്നും ധാർമ്മിക ചെയ്തികളെയും പ്രത്യയശാസ്ത്രങ്ങളെയുമായിരുന്നു അനുകൂലിച്ചിരുന്നത്. ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളിൽ വർഗ്ഗ-വർണ്ണ വിദ്വേഷങ്ങൾ ഉണ്ടായിരിക്കാൻ സാധ്യത കാണുന്നില്ല.

Read More »

മുംബൈയിലെ നഗര ജീവിതവും ഇന്ദ്രിയ രാഷ്ട്രീയവും

ഗന്ധം, ശബ്ദം, കാഴ്ച എന്നിവയെ വിലയിരുത്തുകയും നഗരത്തിലെ വ്യത്യാസങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന രീതി, ആളുകൾ സ്വയം അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ച് പറയുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. പകരം ഇത് ലോകത്തെ അമൂർത്തമായ രൂപത്തിലൂടെ മനസ്സിലാക്കാനുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. രാഷ്ട്രീയപരമായ അവകാശവാദങ്ങളിലും ദൈനംദിന ജീവിതത്തിലും ഒരാൾ എങ്ങനെ ഇന്ദ്രിയങ്ങളോട് പ്രതികരിക്കുന്നു എന്നത്, എന്താണ് ഒരു ധാർമ്മിക വിഷയമായി (ethical subject) ഉൾപ്പെടുത്തപ്പെടുന്നത്, എന്താണ് ഉൾപ്പെടാത്തത് എന്നിവയുടെ പരിമിതികളെയും അതിരുകളെയും കുറിച്ച് സൂചിപ്പിക്കുന്നു

Read More »

മുംബൈയിലെ മാപ്പിള മുസ്‌ലിംകളും സാമൂഹിക നിർമ്മിതിയും

മുംബൈയിലെ മലയാളി മുസ്ലിങ്ങളുടെ ജീവിതം കേവലം സാമ്പത്തിക നേട്ടങ്ങളിൽ ഒതുങ്ങിനിന്നില്ല. അതിജീവനത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി അവർ കെട്ടിപ്പടുത്ത സംഘടിത സംവിധാനങ്ങൾ അവരുടെ വിജയത്തിന്റെ നട്ടെല്ലായി വർത്തിച്ചു. ഭേന്ദി ബസാർ, ഡോംഗ്രി, ക്രോഫോർഡ് മാർക്കറ്റ് എന്നിവ അവരുടെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രങ്ങളായി മാറി.

Read More »