മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന ഓരോ വസ്തുക്കളും മനസ്സിലാക്കപ്പെടുന്നത് അവയുടെ നിറങ്ങളുടെ സഹായത്തോടുകൂടിയാണ്. ഒരു സുപ്രഭാതത്തിൽ അവയുടെ നിറങ്ങൾ അപ്രത്യക്ഷമാകുന്നത് സങ്കൽപ്പിക്കുക പോലും സാധ്യമല്ല. നമുക്കുചുറ്റും കാണുന്ന നിറങ്ങൾ യഥാർത്ഥത്തിൽ നാം കാണുന്ന രീതിയിൽ തന്നെയാണോ നിലനിൽക്കുന്നത്?
നമ്മൾ കാണുന്ന ചുവപ്പ് യഥാർത്ഥത്തിൽ “ചുവപ്പ്” തന്നെയാണോ? അതോ നമ്മുടെ തലച്ചോറ് നമുക്ക് നൽകുന്ന ഒരു സങ്കല്പം മാത്രമാണോ? മനുഷ്യരെല്ലാം കാണുന്നത് ഒരേ നിറങ്ങളാണോ? അതോ വ്യത്യസ്ത ദൃശ്യ ലോകങ്ങളിൽ അകപ്പെട്ടവരാണോ? നാം കാണുന്ന നിറം, വസ്തുവിൽ യാഥാർത്ഥ്യത്തിലുള്ളതാണോ, അതോ നിരീക്ഷകന്റെ പ്രതിഫലനമാണോ?
ദൃശ്യ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ വർണ്ണാഭമായ ചുറ്റുപാടുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുമ്പോൾ അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആകാശത്തിന്റെ നീല മുതൽ തീജ്വാലയുടെ ചുവപ്പ് വരെ, നിറം യഥാർത്ഥമായി അനുഭവപ്പെടുന്നു. എന്നാൽ, വ്യാപകമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, നിറത്തിന്റെ യഥാർത്ഥ സ്വഭാവം ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഒരുപോലെ ആകർഷിക്കുന്ന രഹസ്യമായി ഇന്നും തുടരുന്നു.
വസ്തുക്കളുടെ ആന്തരിക സവിശേഷതയായി നിറം അനുഭവപ്പെടുന്നു. വാസ്തവത്തിൽ, ഇത് പ്രകാശത്തിന്റെയും നമ്മുടെ ദൃശ്യ സംവിധാനത്തിന്റെയും പ്രതിപ്രവർത്തനത്താൽ സൃഷ്ടിക്കപ്പെട്ടൊരു ധാരണാനുഭവമാണ്. പ്രകാശം ഒരു വസ്തുവിൽ പതിക്കുമ്പോൾ, പ്രകാശ തരംഗങ്ങൾ ഉപരിതലങ്ങളിൽ നിന്ന് പ്രതിഫലിക്കുകയും നമ്മുടെ കണ്ണുകളിലേക്ക് പ്രവേശിക്കുകയും, റെറ്റിനയിലെ കോൺ കോശങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ സിഗ്നലുകൾ നമ്മുടെ മസ്തിഷ്കം പ്രോസസ്സ് ചെയ്യുന്നതിന്റെ ഫലത്തെയാണ് നിറമെന്ന് വിളിക്കുന്നത്. ഒരു വസ്തു, പ്രത്യേക തരംഗദൈർഘ്യങ്ങളെ പ്രതിഫലിപ്പിക്കുമ്പോൾ, നമ്മുടെ ധാരണയിൽ പച്ച, ചുവപ്പ് എന്നിങ്ങനെ നിറങ്ങളായി അനുഭവപ്പെടുന്നു. നിറം വസ്തുനിഷ്ഠമാണെന്ന ആശയത്തെ ഈ യാഥാർത്ഥ്യം വെല്ലുവിളിക്കുന്നു.
കേവലം വിഷ്വൽ ഇൻപുട്ടിനപ്പുറം വ്യാപിക്കുന്ന സങ്കീർണ്ണവും ബഹുമുഖവുമായ അനുഭവമാണ് നിറത്തെക്കുറിച്ചുള്ള ധാരണ. നിറങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണ രൂപപ്പെടുന്നത് നിറങ്ങളാൽ മാത്രമല്ല, മറിച്ച് നമ്മുടെ മനസ്സിന്റെ സ്വാധീനം, പാരിസ്ഥിതിക ചുറ്റുപാടുകൾ, മറ്റ് സെൻസറി രീതികൾ എന്നിവയാൽ കൂടിയാണ്. ഉദാഹരണത്തിന്, വാട്ടർ ടാപ്പുകളുടെ രൂപകൽപ്പനയിലെന്നപോലെ, നാം ചുവപ്പിനെ ചൂടുമായും നീലയെ തണുപ്പുമായും ബന്ധപ്പെടുത്താറുണ്ട്. നമ്മൾ കാണുന്നതും നമ്മൾ അനുഭവിക്കുന്നതും തമ്മിലുള്ള ഈ ബന്ധത്തെ ക്രോസ്-മോഡൽ കറസ്പോണ്ടൻസ് (Cross-modal correspondence) എന്ന് വിളിക്കുന്നു, ഇവിടെ ഒന്നിലധികം ഇന്ദ്രിയങ്ങൾ പരസ്പരം പ്രവർത്തിക്കുന്നു. ആളുകൾക്ക് രണ്ട് എന്ന സംഖ്യ വയലറ്റായോ അഞ്ച് എന്ന സംഖ്യ മഞ്ഞയായോ തോന്നിയേക്കാവുന്ന സിനെസ്തേഷ്യ (synesthesia) എന്ന പ്രതിഭാസം പോലെ. ചില സന്ദർഭങ്ങളിൽ, ഇന്ദ്രിയങ്ങൾ തമ്മിലുള്ള ഈ പരസ്പര ബന്ധം കൂടുതൽ ശക്തമാണ്.
മക്‌ഗർക്ക് (McGurk) എഫക്റ്റ് പോലുള്ള മറ്റു ഗ്രഹണ ശേഷി പഠനങ്ങൾ നാം കേൾക്കുന്നത് നമ്മുടെ കാഴ്ചയ്ക്കനുസരിച്ച് മാറിയേക്കാമെന്ന് വ്യക്തമാക്കുന്നു. ആളുകൾ വൃത്താകൃതിയിലുള്ള രൂപങ്ങളെ മൃദുലമായ ശബ്ദങ്ങളുമായും മൂർച്ചയുള്ള രൂപങ്ങളെ കഠിനമായ ശബ്ദങ്ങളുമായും സ്ഥിരമായി ബന്ധപ്പെടുത്തുന്നതിനെ പറയുന്ന ബുബ-കികി എഫക്റ്റ് (Bouba-Kiki effect) ഇത്തരം പ്രതിഭാസത്തിന്റെ ഉദാഹരണമാണ്. ഇത് ഭാഷകൾക്കും സംസ്കാരങ്ങൾക്കും അതീതമായി നമ്മുടെ മസ്തിഷ്കം സംവേദനാത്മക ഇൻപുട്ടുകളെ സ്ഥിരതയോടെ ക്രോസ്-റഫറൻസ് ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു.
നമ്മുടെ ചുറ്റുമുള്ള പ്രകൃതിദത്തമായ ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഈ യാഥാർത്ഥ്യം സ്വാഭാവികമായി മാറുന്നു. ചൂടാകുമ്പോൾ നമ്മുടെ ചർമ്മം ചുവപ്പായി മാറുന്നു, തണുക്കുമ്പോൾ നീലകലർന്ന നിറം വരുന്നു. ചൂടുള്ള സൂര്യപ്രകാശത്തിൽ പ്രകൃതിദൃശ്യങ്ങൾ ചുവപ്പും സ്വർണ്ണ നിറവും കലർന്നതായും, മേഘാവൃതമായ ദിവസങ്ങളിൽ ചാരനിറവും നീലയും കലർന്നതായും നമുക്ക് അനുഭവപ്പെടുന്നു. നിറങ്ങൾക്ക് വൈകാരികതയും സാംസ്കാരിക പ്രതീകാത്മകതയുമുണ്ടെന്നതാണ് യാഥാർത്ഥ്യം.
ചുവപ്പ് പലപ്പോഴും സ്നേഹം, ദേഷ്യം, അല്ലെങ്കിൽ അപകടം എന്നിവയെ സൂചിപ്പിക്കുന്നു. നീല ശാന്തതയോ ദുഃഖമോ സൂചിപ്പിച്ചേക്കാം. വീഡിയോ ഗെയിമുകളിലും വിഷ്വൽ ഡിസൈനുകളിലും നമ്മുക്ക് ഇത്തരം ബന്ധനങ്ങൾ കാണാൻ സാധിക്കും. ചുവന്ന ഹെൽത്ത് ബാറുകൾ അടിയന്തിര സാഹചര്യത്തെയും, അതേസമയം പച്ച സ്റ്റാമിനയെയോ ജീവനെയോ സൂചിപ്പിക്കുന്നു. ചില സാംസ്കാരിക സാഹചര്യങ്ങളിൽ, നിറങ്ങൾക്ക് വിപരീത അർത്ഥങ്ങളുണ്ട്: ഉദാഹരണത്തിന്, ഓറഞ്ച് പല ആധുനിക ക്രമീകരണങ്ങളിലും സന്തോഷത്തിന്റെയും വിനോദത്തിന്റെയും നിറമാണ്, എന്നാൽ ബുദ്ധമതത്തിൽ ഇത് ആത്മീയ പ്രബുദ്ധതയെ പ്രതീകപ്പെടുത്തുന്നു.
വൈദ്യശാസ്ത്രത്തിൽ പോലും, നിറം ധാരണയെ സ്വാധീനിക്കുന്നു – ചുവപ്പ് അല്ലെങ്കിൽ മഞ്ഞ പോലുള്ള ഊഷ്മള നിറങ്ങളുള്ള പ്ലേസിബോ (Placebo) ഗുളികകൾ ഉത്തേജകങ്ങളായി കൂടുതൽ ഫലപ്രദമാണ്, അതേസമയം നീല അല്ലെങ്കിൽ വയലറ്റ് പോലുള്ള തണുത്ത നിറങ്ങളുള്ള ഗുളികകൾ രോഗിയുടെ മനസ്സിൽ ശാന്തത നൽകുന്നവയായി പ്രവർത്തിക്കുന്നു. ഇത് നിറത്തിന്റെ സ്വാധീനം കാഴ്ചയിൽ മാത്രം ഒതുങ്ങുന്നില്ല – അത് നമ്മുടെ വികാരങ്ങളെയും പ്രതീക്ഷകളെയും പെരുമാറ്റങ്ങളെയും രൂപപ്പെടുത്തുന്നു എന്ന് കാണിക്കുന്നു.
നിറം നമുക്ക് കാണപ്പെടുന്നതിന്റെ അടിസ്ഥാനം എന്താണെന്ന ചോദ്യം വളരെ പ്രസക്തമാണ്. ന്യൂട്ടന്റെ പ്രിസം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വെളുത്ത പ്രകാശത്തിൽ എല്ലാ ദൃശ്യമായ നിറങ്ങളും അടങ്ങിയിരിക്കുന്നുവെന്നും ഓരോ നിറവും ഒരു പ്രത്യേക തരംഗദൈർഘ്യവുമായി യോജിക്കുന്നുവെന്നും തെളിയിച്ചു. അദ്ദേഹം പ്രകാശത്തെ ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതകാന്തിക വികിരണത്തിന്റെ തരംഗങ്ങളായി വിവരിച്ചു. മനുഷ്യന്റെ കണ്ണിന് ഏകദേശം 380 മുതൽ 750 നാനോമീറ്റർ വരെയുള്ള തരംഗദൈർഘ്യങ്ങൾ കാണാൻ കഴിയും. ഇതിന്റെ ഇടയിലുള്ള വ്യത്യസ്ത ശ്രേണിയിൽ പ്രകാശം നാം കാണുന്നതിന് അനുസരിച്ച് വ്യത്യസ്ത നിറങ്ങൾ നമ്മുക്ക് കാണപ്പെടുന്നു. ന്യൂട്ടന്റെ കണ്ടുപിടുത്തം ദർശന ശാസ്ത്രത്തെയും നിറത്തെയും കുറിച്ചുള്ള ശാസ്ത്രീയ ധാരണകൾക്ക് അടിത്തറയിട്ടു. ജർമ്മൻ കവിയും ശാസ്ത്രജ്ഞനുമായ ഗ്യോഥെ ഇതിനെ എതിർത്തുകൊണ്ടൊരാശയം മുന്നോട്ട് വെച്ചതായ് കാണാം.
ന്യൂട്ടന്റെ സമീപനം ദർശന സൗന്ദര്യത്തെ അവഗണിക്കുന്നതായി വാദിക്കുകയും, നിറത്തെ അനുഭവാത്മകമായി വിലയിരുത്തുകയും ചെയ്യുന്ന ഗ്യോഥെ നിറങ്ങളെ നാമെങ്ങനെ മനസ്സിലാക്കുന്നു, വെളിച്ചത്തിൽ നിഴലുകളെങ്ങനെ കാണപ്പെടുന്നു, കണ്ണുകളെങ്ങനെ സന്തുലിതാവസ്ഥക്കായി ശ്രമിക്കുന്നുവെന്നതിനെക്കുറിച്ച് പഠിച്ചു. ഒരു മഞ്ഞ ചിത്രത്തിലേക്ക് നോക്കിയ ശേഷം നമ്മൾ നോക്കുന്നിടത്ത് വയലറ്റ് നിറം കാണാൻ തുടങ്ങുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തി നമ്മുടെ കാഴ്ച സംവിധാനം ദൃശ്യങ്ങളോട് പ്രതികരിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. അദ്ദേഹം വിപരീത നിറങ്ങളെ പരസ്പരം എതിർവശത്ത് സ്ഥാപിച്ച ഒരു വർണ്ണചക്രം രൂപപ്പെടുത്തുകയും അതിലൂടെ നിറങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണ മനസ്സിന്റെ ആഗ്രഹത്താൽ നയിക്കപ്പെടുന്നുവെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഗ്യോഥെയെ സംബന്ധിച്ചിടത്തോളം, നിറമെന്നത് ആഴത്തിലുള്ള മാനസികവും, സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതും, വ്യക്തിപരമായ താല്പര്യങ്ങളുമായി ഇഴചേർന്നതുമായ അനുഭവമാണ്.
തത്ത്വചിന്തകനായ ഫ്രാങ്ക് ജാക്സന്റെ ‘മേരിയുടെ മുറി’ (Mary’s Room) എന്ന പരീക്ഷണം, നിറ സങ്കൽപ്പത്തിലെ വ്യത്യസ്ത കോണുകൾ വ്യക്തമാക്കിത്തരുന്നതാണ്. നിറങ്ങളെ സംബന്ധിച്ച എല്ലാ തിയറികളും അറിയുന്ന, എന്നാൽ കറുപ്പും വെളുപ്പും അല്ലാത്ത മറ്റൊരു നിറം ഇതുവരെ ദർശിച്ചിട്ടില്ലാത്ത മേരി എന്ന ശാസ്ത്രജ്ഞ മുഖേനയാണീ പരീക്ഷണം. മേരി ആ മുറിയിൽ നിന്ന് പുറത്തു വന്ന് യഥാർത്ഥ നിറങ്ങൾ കാണുമ്പോൾ പുതുതായി വല്ലതും പഠിക്കുന്നുണ്ടോ എന്നതാണ് ഈ പരീക്ഷണത്തിന് അടിസ്ഥാനം. ഭൂരിഭാഗം ആളുകളും ഗ്യോഥെയെ പിന്തുടർന്ന് പുതുതായി പലതും അവൾ മനസ്സിലാക്കും എന്ന് അംഗീകരിക്കുന്നു. ഇവർ നിറം ബൗദ്ധിക വിശദീകരണങ്ങൾക്ക് അപ്പുറം അനുഭവിച്ചു മാത്രം അറിയാൻ സാധിക്കുന്ന ഒന്നായി മനസ്സിലാക്കുന്നു.
ഒപ്റ്റിക്കൽ ഇല്യൂഷനുകളും (Optical illusions) ഇതേ ആശയത്തെ ശക്തിപ്പെടുത്തുന്നതാണ്. ഒരേ നിറം ചുറ്റുമുള്ള സാഹചര്യങ്ങളെ ആശ്രയിച്ച് പൂർണ്ണമായും വ്യത്യസ്തമായി കാണപ്പെടാം. ഈയിടയ്ക്ക് സോഷ്യൽ മീഡിയകളിൽ കുപ്രസിദ്ധമായ കളർ കൺഫ്യൂഷൻ ഡ്രസ്സ് നാം കണ്ടതാണ്. അത് വെള്ളയും സ്വർണ്ണവുമായിരുന്നോ അതോ നീലയും കറുപ്പുമായിരുന്നോ എന്നതിനെക്കുറിച്ച് ആഗോള ചർച്ചകൾ ഉയർന്നിട്ടുണ്ട്. നമ്മുടെ മസ്തിഷ്കം പ്രകാശത്തെക്കുറിച്ചുള്ള അനുമാനങ്ങൾ ഉണ്ടാക്കുകയും അതിനനുസരിച്ച് നിറങ്ങൾ തിരുത്തുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. നിഴലിന്റെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഒരേ രൂപത്തിലുള്ള രണ്ട് വസ്തു നമ്മുക്ക് വ്യത്യസ്തമായി തോന്നിയേക്കാം. സത്യമറിയാമെങ്കിൽ പോലും, നമ്മുടെ കണ്ണുകൾ നമ്മെ വഞ്ചിക്കുന്നു. നിറം ഒരു വസ്തുനിഷ്ഠ സത്യമല്ല, മറിച്ച് മനസ്സിനും യാഥാർത്ഥ്യത്തിനും ഇടയിലുള്ള ഒരു ഒത്തുതീർപ്പാണെന്നിത് വ്യക്തമാക്കുന്നു.
ജോൺ ലോക്കിനെപ്പോലുള്ള ചില തത്ത്വചിന്തകർ ഒരു വസ്തുവിന്റെ വിശേഷങ്ങളെ “പ്രാഥമികം” (Primary) എന്നും “ദ്വിതീയം” (Secondary) എന്നും തരം തിരിച്ചതായി കാണാം. പ്രാഥമിക വിശേഷങ്ങളിൽ – രൂപം, ചലനം, എണ്ണം – എന്നത് നിശ്ചയിക്കുന്നതിൽ നിരീക്ഷകന് യാതൊരു സ്വാധീനവുമില്ല. എന്നാൽ ദ്വിതീയ വിശേഷണങ്ങൾ ആയ – മണം, രുചി, ശബ്ദം, നിറം – എന്നത് നിരീക്ഷകന്റെ കാഴ്ചയെ സ്വാധീനിച്ചിരിക്കുന്നു. ഈ കാഴ്ചപ്പാടനുസരിച്ച്, നിറം വസ്തുക്കളിൽ തന്നെ നിലനിൽക്കുന്നില്ല, മറിച്ച് അവയോടുള്ള നമ്മുടെ പ്രതികരണത്തിലാണ്.
ഇവാൻ തോംസൺ, ജെ.ജെ. ഗിബ്‌സൺ എന്നിവരെപ്പോലുള്ള മറ്റു ചില ശാസ്ത്രജ്ഞർ, കൂടുതൽ പാരിസ്ഥിതികമായ കാഴ്ചപ്പാടാണ് മുന്നോട്ട് വെച്ചത്. നിരീക്ഷകനും അവന്റെ പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ് നിറം ഉണ്ടാകുന്നത് എന്ന് അവർ അഭിപ്രായപ്പെട്ടു. അത് കേവലം വസ്തുവിലോ നിരീക്ഷകനിലോ അല്ല, മറിച്ച് രണ്ടിനുമിടയിലുള്ള പരസ്പര പ്രവർത്തനത്തിലാണെന്ന ആശയം ഇവർ മുന്നോട്ടുവെക്കുന്നു. ഈ ആശയം വളരെ സ്വീകാര്യമായതാണ്.
നിറങ്ങളുടെ ഭംഗിയിലും ഇതേ വാസ്തവം സംഭവിക്കുന്നുവെന്ന യാഥാർത്ഥ്യം പലപ്പോഴും നാം ശ്രദ്ധ കൊടുക്കാറില്ല. ഒരാളുടെ കണ്ണിൽ ഭംഗിയനുഭവപ്പെടുന്ന നിറം മറ്റൊരാൾക്ക് രസിക്കില്ല. ലോകം പലപ്പോഴും സൗന്ദര്യ വെളുപ്പാണെന്ന ഗതിയിൽ മുന്നോട്ട് പോകുന്നതായി നമ്മുക്ക് കാണാം. എന്നാൽ യാഥാർത്ഥ്യത്തിൽ വ്യക്തി സൗന്ദര്യത്തിൽ വെള്ള എന്ന നിറത്തിനപ്പുറം കാണുന്നയാളുടെ പ്രകൃതിയാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം.
കാളകൾക്ക് ചുവപ്പ് നിറം കാണുമ്പോൾ ദേഷ്യം വരുമെന്ന് എപ്പോഴും പറയാറുണ്ട്. എന്നാൽ ചുവപ്പ് നിറത്തിലുള്ള പാറുന്ന തുണിക്ക് എന്ത് നിറമാണെന്ന് കാളകൾക്ക് തിരിച്ചറിയാൻ കഴിയില്ല! അവ പൂർണ്ണമായും വർണ്ണാന്ധരാണ്. അവ ഒരു ചലിക്കുന്ന ലക്ഷ്യം (Moving target) മാത്രമാണ് കാണുന്നത്, അതുകൊണ്ടാണ് അവ പാഞ്ഞടുക്കുന്നത്. മൃഗങ്ങൾ അവരുടെ അതിജീവനത്തിന് ഏറ്റവും പ്രസക്തമായ നിറങ്ങൾ കാണുന്ന രീതിയിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ചില മൃഗങ്ങൾക്ക് നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവ് കുറവാണ്. നായ, പൂച്ച, മുയൽ, എലി തുടങ്ങിയ ജീവികൾക്ക് ചാരനിറം, നീല, മഞ്ഞ എന്നീ നിറങ്ങൾ മാത്രമേ കാണാൻ സാധിക്കൂ. മറുവശത്ത്, കുരങ്ങൻ, അണ്ണാൻ, പക്ഷികൾ, പ്രാണികൾ, പലതരം മത്സ്യങ്ങൾ എന്നിവയ്ക്ക് മികച്ച വർണ്ണ കാഴ്ചയുണ്ട്. ഇത് ഭക്ഷണം കണ്ടെത്താനും, ഇണകളെ ആകർഷിക്കാനും, വേട്ടക്കാരെ കണ്ടെത്താനും അവരെ സഹായിക്കുന്നു.
തേനീച്ചകളെയും ചിത്രശലഭങ്ങളെയും പോലുള്ള ജീവികൾക്ക് ഇതിലും ഒരുപടി മുന്നോട്ടുപോയി, പൂക്കളിലെ അൾട്രാവയലറ്റ് പാറ്റേണുകൾ വരെ കാണാൻ കഴിയും; ഇത് അവയ്ക്ക് വഴി കണ്ടെത്താൻ സഹായിക്കുന്നു. കുഴിമണ്ഡലി പോലുള്ള ചില ജീവികൾ കാഴ്ചയെ ആശ്രയിക്കാതെ ചൂട് കണ്ടെത്താൻ തെർമൽ വിഷൻ ഉപയോഗിക്കുന്നു. ആഴക്കടൽ മത്സ്യങ്ങൾ പലപ്പോഴും പ്രകാശത്തിന്റെ അഭാവം കാരണം വസ്തുക്കളെ ഏകവർണ്ണമായി കാണുന്നു. പാകമായ പഴങ്ങൾ, പുതിയ ഇലകൾ, ചർമ്മത്തിന്റെ നിറഭേദങ്ങൾ തുടങ്ങിയവ കണ്ടെത്താൻ പാകത്തിന് വർണ്ണ നേത്രേന്ദ്രിയം വികസിപ്പിക്കപ്പെട്ടിട്ടാണ് മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്. ഇവയെല്ലാം സാമൂഹിക സഹകരണത്തെയും പാരിസ്ഥിതിക അവബോധത്തിനും നിറങ്ങളുടെ ദർശന ശാസ്ത്രത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.
ഒരു പൂവിന് അതിന്റെ ഭംഗി നൽകുന്നത് അതിന്റെ ഘടനയല്ല, മറിച്ച് അതിന്റെ നിറമാണ്. എന്നാൽ ലോകത്തുള്ള ലക്ഷോപലക്ഷം ജീവാജാലങ്ങളിൽ മനുഷ്യർക്ക് മാത്രമാണ് നിറങ്ങളുടെ ഭംഗി ആസ്വദിക്കാനുള്ള കഴിവുള്ളത്. ലോകത്തുള്ള ഓരോ വസ്തുവിനെയും മനുഷ്യന് അതിന്റെ ഭംഗിയടിസ്ഥാനത്തിൽ തരം തിരിക്കാനും അത് പിന്നീട് ഓർത്തെടുക്കാനും സാധിക്കുന്നു. ഇത് മനുഷ്യന് മാത്രമുള്ള എസ്തെറ്റിക് സെൻസ് (Aesthetic sense) കാരണമാണ്.
മനുഷ്യൻ എന്തിനാണ് നിറങ്ങൾ കാണുന്നത് എന്ന ചോദ്യം വളരെ ആഴമേറിയതാണ്. നമ്മുടെ നിലനിൽപ്പിൽ അതിന് എന്ത് ലക്ഷ്യമാണുള്ളത്? ജീവശാസ്ത്രപരമായി, ഇത് അതിജീവനത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നു. മാനസികമായി, ഇത് നമ്മുടെ അനുഭവങ്ങളെ സമ്പുഷ്ടമാക്കുന്നു എന്നതാണ് ഈ ചോദ്യങ്ങൾക്കുള്ള ഒരു ന്യായം. എന്നാൽ ഇതിനൊന്നും മനുഷ്യന് സൗന്ദര്യബോധം (Aesthetic sense) എന്തിനാണെന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ല. ഈ ചോദ്യം നമ്മെ ആത്മീയമായും ദാർശനികമായുമുള്ള ഒരു കാരണം കൂടി ഇതിനുണ്ട് എന്ന ബോധ്യത്തിലെത്തിക്കുന്നു; നിറങ്ങൾ കാണാനുള്ള കഴിവ് യാദൃച്ഛികതയേക്കാൾ കൂടുതലായി ഇതൊരു അത്യുന്നതമായ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്.
മറ്റ് മൃഗങ്ങളെപ്പോലെ നിറങ്ങൾ കാണുക മാത്രമല്ല, അവയ്ക്ക് അർത്ഥം നൽകുകയും, ഓർമ്മകളുമായി ബന്ധപ്പെടുത്തുകയും, അതിന്റെ സൗന്ദര്യത്തിൽ നാഗരികതകൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നവരാണ് മനുഷ്യർ. ഈ കഴിവ് ഒരു ദൈവിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മനസ്സിലാക്കാം. അതിജീവിക്കുക എന്നതിനപ്പുറം, സാക്ഷ്യം വഹിക്കാനും, പ്രതിഫലിക്കാനും, പ്രതികരിക്കാനും നമ്മൾ നിയോഗിക്കപ്പെട്ടവരാണ് എന്നതിന്റെ തെളിവാണിത്. നമ്മൾ മറ്റ് ജീവികളെപ്പോലെയല്ല, സൗന്ദര്യത്തെക്കുറിച്ച് നമുക്ക് ബോധമുണ്ട്; കാരണം അത് തിരിച്ചറിയാനും പരിപാലിക്കാനും നമ്മൾ ബാധ്യസ്ഥരാണ്.
ദൈവശാസ്ത്രപരമായ അർത്ഥത്തിൽ, നിറങ്ങളെ തിരിച്ചറിയാനുള്ള നമ്മുടെ കഴിവ് സൃഷ്ടിയിലുള്ള നമ്മുടെ സ്ഥാനത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. കേവലം മൃഗങ്ങൾ എന്നതിലുപരി, കാഴ്ചയും അർത്ഥവും നൽകപ്പെട്ട ധാർമ്മിക ജീവികളായി നമ്മൾ ലോകം വാഴുന്നു. നമ്മൾ ലോകത്തിൽ നിന്ന് കേവലം നിറം സ്വീകരിക്കുകയല്ല; നമ്മൾ അതിൽ പങ്കുചേരുകയാണ്. നമ്മളാണ് അതിന് അർത്ഥം നൽകുന്നത്. നമ്മൾ അങ്ങനെ കാണുന്ന നിറങ്ങളാണ് നമ്മുടെ ജീവിത ദിശ തന്നെ മാറ്റാൻ കാരണമാകുന്നത്.





