ഇസ്ലാമും വംശവെറിയും; ഓറിയന്റൽ വായനകളുടെ വികലത

മനുഷ്യൻ, വർണ്ണം, വിവേചനം എന്നീ മൂന്ന് ഘടകങ്ങൾക്കിടയിലെ ആശയ വ്യത്യാസം സാർവലൗകിക കാഴ്ചപ്പാടുകളിലും സാഹിത്യ രചനകളിലും ഏറെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യൻ വർണ്ണത്തെ നിർവ്വചിക്കുന്നതിലെ വിവേചനവും വർണ്ണം എങ്ങനെ മനുഷ്യനെ നിർവ്വചിക്കുന്നു എന്നതിലെ വിവേചനവും ഇത്തരം പഠനങ്ങളിൽ ശ്രദ്ധ അർഹിക്കുന്നുണ്ട്. നിറമെന്ന ആശയത്തിന്റെ ആഗമനത്തിലല്ല, മറിച്ച് വ്യത്യസ്ത നിറങ്ങളെന്ന ആശയത്തിന് രൂപം നൽകുന്നതിലൂടെയാണ് വർണ്ണ വിവേചനം പോലെയുള്ള കാഴ്ചപ്പാടുകൾ ഉടലെടുക്കുന്നത്.

ധാർമ്മിക മൂല്യങ്ങളെയും നീതി വിഷയകമായ കൽപ്പനകളെയും വകവെക്കാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന മനുഷ്യസമൂഹത്തിനിടയിൽ, മതം തൊട്ടുണർത്തിയ നൈതിക ചിന്താവ്യവസ്ഥകൾ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതൊന്നുമല്ല. മതങ്ങൾക്കിടയിലെ ധാർമ്മിക ആശയങ്ങൾ വ്യത്യാസമുണ്ടായിരുന്നെങ്കിലും മതങ്ങൾ അവലംബിക്കുന്ന പ്രാഥമിക ഗ്രന്ഥങ്ങളെന്നും ധാർമ്മിക ചെയ്തികളെയും പ്രത്യയശാസ്ത്രങ്ങളെയുമായിരുന്നു അനുകൂലിച്ചിരുന്നത്. ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളിൽ വർഗ്ഗ-വർണ്ണ വിദ്വേഷങ്ങൾ ഉണ്ടായിരിക്കാൻ സാധ്യത കാണുന്നില്ല.

എന്നിരുന്നാലും, ഇസ്‌ലാം മതം വർഗ്ഗീയ മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള തെറ്റിദ്ധാരണകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നുണ്ട്. ‘IS GOD A WHITE RACIST?’ (ദൈവം ഒരു വർഗ്ഗീയ ചിന്താഗതിക്കാരനാണോ) എന്ന പുസ്തകത്തിൽ മതനായകരിൽ നിന്ന് തന്നെ വംശീയപരമായ ചിന്തകൾ ഉണ്ടാക്കപ്പെട്ടിട്ടുണ്ടെന്ന് വില്യം ജോൺസ് പ്രസ്താവിക്കുന്നുണ്ട്. ഇസ്‌ലാം വംശീയ വിരുദ്ധമാണോ എന്ന ചോദ്യത്തിലൂടെയല്ല ഇസ്ലാമിക മനുഷ്യത്വരഹിതമായ കാര്യങ്ങളെ അന്വേഷിക്കേണ്ടത്. പകരം നിയമാടിസ്ഥാന സംവിധാനത്തോടൊപ്പം മുസ്ലിം സമൂഹം എങ്ങനെ വംശീയ വിരുദ്ധ ആശയത്തെ വരുംതലമുറക്ക് പകർന്നു നൽകിയെന്ന ചോദ്യത്തിലൂടെ അന്വേഷിക്കുമ്പോഴാണ് ഇസ്‌ലാമിലെ നിയമ വ്യവസ്ഥകളിലെ നൈതികതയെ മനസ്സിലാക്കാൻ സാധിക്കുന്നത്. നിയമ വ്യവസ്ഥകളുടെ അടിസ്ഥാന സ്രോതസ്സുകളായ ഖുർആനിലും സുന്നത്തിലുമുള്ള വംശീയതയുടെ നിരാകരണവും, അറബ് പാരമ്പര്യത്തിലെ വംശീയതയുടെ ഭാഷാ വൈവിധ്യവുമാണ് ഈ ലേഖനത്തിലെ പ്രധാന ചോദ്യം.

മനുഷ്യ നിർമ്മിത നിറങ്ങളും മതവംശീയതയും

മതങ്ങളോ മതഗ്രന്ഥങ്ങളോ അല്ല വംശീയതയുടെ കാഴ്ചപ്പാടുകൾക്ക് തുടക്കം കുറിക്കുന്നത്. കാരണം, മതങ്ങളിൽ വർണ്ണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനങ്ങളോ ശ്രേണിക്രമങ്ങളോ നിശ്ചയിച്ചിരുന്നില്ല. വർണ്ണ-വിവേചനം ഒരു സാമൂഹിക നിർമ്മിതിയുടെ ഭാഗമായിട്ടാണ് മിഖായേൽ ഹാർഡിമോൻ അവതരിപ്പിക്കുന്നത്. ‘MINIMALIST RACE’ അതായത് പൂർവ്വികരുടെ ജനിതകവും, ഭൂമിശാസ്ത്രപരമായ കാരണങ്ങളുമാണ് മനുഷ്യ ശരീരത്തിലെ സവിശേഷതകളെ നിർണ്ണയിക്കുന്നതെന്ന ആശയത്തെയാണ് ഇദ്ദേഹം മുൻപോട്ട് വെക്കുന്നത്. ഇപ്രകാരം പരിസരങ്ങളാണ് വ്യക്തികളിലെ സവിശേഷതകളെ രൂപപ്പെടുത്തുന്നത് എന്നാണ് ഇബ്‌നു ഖൽദൂനും ‘മുഖദ്ദിമ’യെന്ന തന്റെ രചനയിൽ ഉന്നയിക്കുന്നത്.

ഭരണകൂടവും അധികാരവും ഉണ്ടാക്കിയെടുത്ത വർണ്ണവുമായി ബന്ധപ്പെട്ടുള്ള കാഴ്ചപ്പാടുകളിലൂടെയാണ് നിറം ഒരു സാമൂഹിക നിർമ്മിതിയാവുന്നത്. അടിമത്വവും പാർശ്വവത്കരണവും ഇവയിൽ പ്രധാന പങ്ക് വഹിക്കുന്നു. ആഫ്രിക്കയിൽ നിന്നുള്ള ജനങ്ങളെ അടിമ ഉടമ സംവിധാനത്തിലൂടെ ചൂഷണം ചെയ്യപ്പെട്ടപ്പോഴാണ്, യു.എസ്. പോലെയുള്ള രാജ്യങ്ങളിൽ കറുപ്പ്, വെളുപ്പ് എന്നീ രണ്ട് ദ്വന്ദ്വഭാവങ്ങളിലായി മനുഷ്യർ വിഭജിക്കപ്പെടുന്നത്. നേരെമറിച്ച് പൂർവ്വികരുടെ കാലഘട്ടത്തിലെ സമൂഹങ്ങൾക്കിടയിൽ വ്യക്തികളുടെ മൂല്യം നിർണ്ണയിച്ചിരുന്നത് വംശപരമ്പരയിലൂടെയും, ഗോത്രങ്ങളിലൂടെയുമായിരുന്നു. അതേസമയം, നാടോടികളായ സ്ഥിരവാസമില്ലാത്ത സമൂഹം മറ്റു വർഗ്ഗങ്ങളേയും, വംശങ്ങളെയും തിരിച്ചറിയാൻ കറുപ്പിനെയും വെളുപ്പിനേയും തരംതിരിച്ചിരുന്നു.

റോമക്കാരായിരുന്ന ബിലാലിനെയും (റ) സുഹൈബിനെയും (റ) പേർഷ്യക്കാരനായ സൽമാനുൽ ഫാരിസിനെയും (റ) അറബ് ഖുറൈശി പ്രമാണിമാർക്കിടയിൽ അന്യരായിട്ടായിരുന്നു കണ്ടിരുന്നത്. അതായത്, പേർഷ്യ, റോം തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെ തിരിച്ചറിഞ്ഞിരുന്നത് കറുപ്പ്, വെളുപ്പ് എന്ന രണ്ട് വംശീയ ദ്വന്ദ്വങ്ങളിലൂടെയായിരുന്നു. കറുപ്പ്, വെളുപ്പ് എന്ന വർണ്ണത്തെയല്ല വിവേചിക്കപ്പെട്ടത്, മറിച്ച് ഗോത്രങ്ങളേയും വിദേശികളേയും അടയാളപ്പെടുത്തുന്ന പ്രാദേശികതയെ ആയിരുന്നു. കറുപ്പിനെയോ വെളുപ്പിനെയോ വിഭാഗീയതയുടെ കണ്ണിലൂടെ വെറുപ്പോടെയായിരുന്നില്ല അവർ കണ്ടത്, അതുമൂലം തിരിച്ചറിയപ്പെടുന്ന അവരുടെ അന്യതയും പ്രാദേശികതയുമാണ് അവരിൽ വെറുപ്പുളവാക്കിയത്. ഇത്തരത്തിലുള്ള മനുഷ്യ നിർമ്മിത വർഗ്ഗ-വർണ്ണ ചിന്തകൾക്കിടയിലാണ് മതത്തിലൂടെ കൊണ്ടുവരപ്പെട്ട ധാർമ്മികവും നൈതികപരവുമായ വിജ്ഞാന ശാഖകൾ നിറങ്ങളെ പുതിയ രീതിയിൽ അവതരിപ്പിച്ചു തുടങ്ങിയത്.

ഖുർആനും ഹദീസും വംശീയ വിരുദ്ധ നിലപാടുകളും

ഖുർആനും ഹദീസും, മറ്റു ഇസ്ലാമിക പഠനങ്ങളും ഉന്നയിക്കുന്നത് വെറുമൊരു വംശീയതയുടെ നിരാകരണത്തെ കുറിച്ച് മാത്രമല്ല. മറിച്ച് സമാനതയുടെ ഒരു വ്യവസ്ഥാനുസൃതമായ കാഴ്ചപ്പാടുകളെയും കൂടിയാണ്. ഖുർആനിൽ സൂചിപ്പിക്കുന്നുണ്ട്: “നിങ്ങളുടെ ഭാഷയും വർണ്ണഭേദവും ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളാണ്”. അതുപോലെതന്നെ ഗോത്രങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്: “നിങ്ങളെ ഗോത്രങ്ങളും ദേശങ്ങളുമാക്കിയത് പരസ്പരം പരിചയപ്പെടാനാണ്, നിങ്ങളെ തിരിച്ചറിയാനാണ്”. മനുഷ്യ പ്രകൃതത്തിന് ഏറ്റവും ഉചിതമായ രീതിയിലാണ് അല്ലാഹു അവരുടെ സവിശേഷതകളെയും സൃഷ്ടിച്ചിട്ടുള്ളത്. മേൽപറഞ്ഞ സൂക്തങ്ങളിലൂടെ ഖുർആനിലെ ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് മാത്രമല്ല നമുക്ക് മനസ്സിലാവുന്നത്, അതുമൂലം മനുഷ്യരിൽ പ്രതിഫലിപ്പിക്കപ്പെടുന്ന സാമൂഹ്യശാസ്ത്രത്തെയും കൂടിയാണ്.

ഖുർആനിലെ നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂക്തങ്ങൾ കറുപ്പിനെയും വെളുപ്പിനെയും അവതരിപ്പിക്കുന്നത് ഇരു സ്വഭാവമുള്ള മൂല്യങ്ങളുടെ ആലങ്കാരിക പ്രയോഗങ്ങളായിട്ടാണ്. ശരീര പ്രകൃതിയെ സംബന്ധിച്ചുള്ള നിറങ്ങളെയല്ല, മറിച്ച് പരിശുദ്ധിയുടെ മേൽ അറിയിക്കുന്ന ഒരു അലങ്കാര പദങ്ങളായിട്ടാണ് വെള്ളയെയും പ്രകാശത്തെയും ഖുർആനിൽ അവതരിപ്പിച്ചത്. തെറ്റ് ചെയ്തവരുടെ മുഖം കറുപ്പിക്കുകയും നന്മ ചെയ്തവരിൽ മുഖപ്രസന്നത വർദ്ധിക്കുകയും ചെയ്യുമെന്ന ആശയത്തിലൂടെ ഖുർആൻ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത് സൂക്തങ്ങളിൽ അടങ്ങിയിരിക്കുന്ന അന്തർലീനമായ ‘മെറ്റഫോറിക്കൽ ബൈനറി’ എന്ന ആശയത്തെ വ്യാഖ്യാനിക്കാനാണ്.

ഇത്തരത്തിൽ അക്ഷരാർത്ഥത്തിലുള്ള വായനയ്ക്കപ്പുറം ആലങ്കാരികമായ അർത്ഥങ്ങളിലൂടെയാണ് മുസ്ലിം പണ്ഡിതന്മാരും ഖുർആനിനെ വായിച്ചിരുന്നത്. ദുഃഖവും സന്തോഷവും, നന്മയും തിന്മയും, ചൂടും തണുപ്പും എന്നത് പോലെയുള്ള ഇരു സ്വഭാവമുള്ള, വൈരുദ്ധ്യ ആശയങ്ങൾക്ക് ആലങ്കാരികമായി കറുപ്പിനെയും വെളുപ്പിനെയും അടയാളപ്പെടുത്തുന്നുണ്ട്. ഇതിലൂടെ മനസ്സിലാക്കുന്നത്, ഇസ്ലാമിക വീക്ഷണത്തിൽ കറുപ്പും വെളുപ്പും ഒരു പ്രദേശത്തെയോ വംശീയതെയോ അടയാളമാകുന്നില്ല എന്നതാണ്. അന്ത്യനാളിലെ കറുത്ത മുഖങ്ങൾ അജ്ഞതയുടെ പരിണിതഫലങ്ങളാൽ ഉണ്ടായ ഹൃദയത്തിലെ കറുപ്പാണെന്ന് ഇമാം ഫക്രുദ്ധീൻ അൽ റാസി തങ്ങൾ അദ്ദേഹത്തിന്റെ തഫ്സീറിൽ വ്യാഖ്യാനിക്കുന്നുണ്ട്. വംശീയതയുടെയും വർഗ്ഗീയതയുടെയും ആഫ്രിക്കൻ அடிമത്വത്തെയും പ്രതിനിധാനം ചെയ്യുന്ന കറുപ്പല്ല ഖുർആനിൽ വിഭാവനം ചെയ്യപ്പെട്ട കറുപ്പ്.

ഖുർആനിക സൂക്തങ്ങളിലെ വംശീയ വിരുദ്ധതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യാഖ്യാനിക്കപ്പെട്ടിരുന്നെങ്കിലും, ഇസ്ലാമിക വിജ്ഞാനശാഖയിൽ രണ്ടാമതായി അവലംബിക്കപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങളിൽ വർണ്ണ വിവേചനവും, വംശീയതയും ഉണ്ടെന്ന ഒരുപാട് ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾക്ക് മറുപടിയെന്നോണം ഉസാമ ബിൻ സൈദിന്റെയും (റ) ബിലാൽ ബിൻ റബാഹിന്റെയും (റ) കഥകൾ ഹദീസിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഹജ്ജ് തീർത്ഥാടന വേളയിൽ ഉസാമ ബിൻ സൈദിന്റെ (റ) തിരിച്ചുവരവിന് വേണ്ടി അറഫയിൽ നിന്നുമുള്ള സ്വഹാബാക്കളുടെ മടക്കയാത്രയെ നബി തങ്ങൾ മനഃപൂർവ്വം വൈകിപ്പിച്ചിരുന്നു. ദൗത്യയാത്രയിൽ നിന്ന് മടങ്ങി വരുന്ന കറുത്ത അന്യരൂപമുള്ള ഉസാമയെ കണ്ട സ്വഹാബാക്കൾ നബി തങ്ങളോട് പരാതി പറഞ്ഞു: “നബിയേ, ഇദ്ദേഹത്തിന് വേണ്ടിയായിരുന്നോ തങ്ങൾ മടക്കയാത്രയിൽ നിന്ന് ഞങ്ങളെ തടഞ്ഞുനിർത്തിയത്?”. ഇതിനെ തുടർന്ന് യമനികൾ യുദ്ധങ്ങളിൽ ഇസ്ലാമിനെതിരെ വെറുപ്പ് പ്രകടിപ്പിച്ചിരുന്നു. മേൽപറയപ്പെട്ട ഹദീസിന്റെ ആധികാരികതയിൽ ദുർബലതയുണ്ടായിരുന്നെങ്കിലും, ഈ ഉദ്ധരണി ആദ്യ കാലഘട്ടത്തിലെ മുസ്ലിം സമൂഹങ്ങൾക്കിടയിൽ കറുത്ത വംശീയരോടുള്ള ഒരു വംശീയ വിരുദ്ധതയുടെ (ANTI RACISM) വൈരാഗ്യപരമായ സമീപനമായി മാറിയിരുന്നു.

എന്നിരുന്നാലും ഈ സംഭവത്തിൽ സ്വഹാബാക്കൾക്കിടയിൽ ഉണ്ടായ പ്രശ്നം വർണ്ണ വിവേചനത്തിന്റേതായിരുന്നില്ല, മറിച്ച് ഉസാമ ഒരു അന്യനായ മറുനാട്ടുകാരനായത് കൊണ്ടായിരുന്നു. ഈ സംഭവവികാസത്തെ ജോനാഥൻ എ.സി. ബ്രൗൺ തന്റെ ‘ISLAM AND ANTI-BLACKNESS: LEAVING IGNORANCE BEHIND’ എന്ന പഠനത്തിൽ വിശദീകരിക്കുന്നുണ്ട്.

സമാനമായി ചരിത്രത്തിൽ കറുപ്പിന്റെ പേരിൽ പരിഹസിക്കപ്പെട്ട ബിലാലിനെ (റ) പരിഹസിച്ച മറ്റു സ്വഹാബാക്കളെ നബി തങ്ങൾ ഗുണദോഷിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങൾ ഇസ്ലാമിലെ മതനായകരുടെ വർണ്ണ വിവേചനത്തിനെതിരെയുള്ള ധാർമ്മിക ബോധത്തെ സൂചിപ്പിക്കുന്നു.

ഇതിനെ തുടർന്ന് ഹദീസിലെ അധ്യായങ്ങളിൽ വർണ്ണ വിവേചനവും വംശീയതയും കലർന്നിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. നബി തങ്ങൾ കറുത്ത വർഗ്ഗക്കാരായ ആഫ്രിക്കൻ ജനതയുടെ വികൃത രൂപത്തെയും ന്യൂനതയെയും വെളിപ്പെടുത്തുന്നുണ്ടെന്ന് പല വിമർശകരും വാദിക്കുന്നുണ്ട്. പക്ഷെ അത്തരം ഹദീസുകളിൽ ആധികാരികതയില്ലാത്തത് കാരണത്താൽ തള്ളപ്പെട്ടിട്ടുമുണ്ട്. വംശീയതയെയും വർഗ്ഗീയതയെയും പ്രോത്സാഹിപ്പിക്കുന്ന ഹദീസുകൾ നബി തങ്ങളുടേതായിട്ട് പരിഗണിക്കാറില്ല, മറിച്ച് പിഴവ് സംഭവിച്ചതായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇബ്നു ഖയ്യിം അൽ ജൗസിയും (റ) അബു ദാവൂദും (റ) ഇത്തരം ഹദീസുകളെ വിശ്വാസയോഗ്യമല്ലാത്ത കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്. ആരോപണ വാദം ഉന്നയിക്കുന്ന ഹദീസുകളുടെ ഗ്രന്ഥങ്ങൾ ജനങ്ങൾക്കിടയിൽ വഴിപിഴപ്പിക്കുന്നതിന് കാരണമാവുന്നതിനാൽ പണ്ഡിതന്മാർ അതിനെതിരെ വിമർശനം നടത്തിയിട്ടുണ്ട്.

ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് മക്കയിലുണ്ടായിരുന്ന മനുഷ്യത്വരഹിതമായ ആചാരങ്ങളിൽ പലതും ഖുർആനിലെ സൂക്തങ്ങളാലും, ഹദീസുകളാലും നിരോധിക്കപ്പെട്ടിരുന്നു. ഖുർആനും സുന്നത്തും എങ്ങനെ ഇവയെ അഭിസംബോധന ചെയ്യുന്നു എന്ന് മുസ്ലിം പണ്ഡിതനായ താജുൽ ഇസ്ലാം വിശദീകരിക്കുന്നുണ്ട്. വംശീയ വിരുദ്ധതയുടെ സൂചനകൾ ഒരു ഹദീസിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്; അനറബിയായതിന്റെ പേരിൽ തന്റെ അടിമയെ പരിഹസിച്ചതിനെ തുടർന്ന്, നബി (സ) തങ്ങൾ അബുദർറിനെ ഗുണദോഷിച്ചുകൊണ്ട് പറഞ്ഞുപോലും: “നീ ഇപ്പോഴും ജാഹിലിയ്യത്തിന്റെ വക്താവാണ്”. തുടർന്ന് അബുദർറ് അടിമകളെ എന്നും സഹോദരന്മാരായിട്ടായിരുന്നു കണ്ടിരുന്നത് എന്ന് ഹദീസിൽ കാണാം.

അറബികൾക്കിടയിൽ അജ്ഞതയുടെ കാലഘട്ടമായിരുന്നു “ജാഹിലിയ്യ”. ഗോത്രവർഗ്ഗങ്ങളുടെ പേരിലായിരുന്നു അവർ അഹന്ത നടിച്ചിരുന്നത്. പലപ്പോഴും പല ഗോത്രങ്ങൾക്കിടയിൽ തർക്കങ്ങളും യുദ്ധങ്ങളും ആയിരുന്നത് കൊണ്ട് സ്വയം ഗോത്രങ്ങളുടെ കുടക്കീഴിൽ അവർ സുരക്ഷിതരായി തമ്പടിച്ചിരുന്നു. ഇത്തരത്തിൽ ഗോത്രങ്ങൾക്കിടയിലെ യുദ്ധോത്സുകമായ വർഗ്ഗസ്നേഹത്തെ (tribal chauvinism) നിരാകരിച്ചുകൊണ്ടാണ് ഖുർആൻ അധ്യായങ്ങൾ അവരിൽ ഇറക്കപ്പെട്ടത്. ഖുർആനിൽ സൂചിപ്പിക്കുന്നു: “നിങ്ങളെ ഗോത്രങ്ങളും ദേശങ്ങളുമാക്കിയത് പരസ്പരം പരിചയപ്പെടാനാണ്”. ഇസ്ലാം വർഗ്ഗീയതത്തെ നിഷേധിക്കുന്നതിൽ മാത്രം ഒതുങ്ങിയിരുന്നില്ല, മറിച്ച് അത് മനുഷ്യരുടെ സമഗ്രമായ മാന്യതയ്ക്ക് വേണ്ടിയും വാദിച്ചിരുന്നു.

അറബ് ഭാഷ; വൈവിധ്യങ്ങളും വംശീയതയും

“ഭാഷ” എന്നത് കേവലം ആശയവിനിമയത്തിന്റെ മാധ്യമം മാത്രമല്ലായിരുന്നു, മറിച്ച് ഒരു സമൂഹത്തിന്റെ ചിന്താഗതികളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൂടിയായിരുന്നു. അറബി ഭാഷയിൽ നിലനിൽക്കുന്ന വർണ്ണവിരുദ്ധതയുടെ പ്രയോഗങ്ങൾ ഈ സത്യത്തിന്റെ ഉദാഹരണമാണ്. ഭാഷാപരമായ വ്യതിരിക്തത എന്നത്, വിവിധ വിഭാഗങ്ങളെ വിവരിക്കാൻ ഉപയോഗിക്കുന്ന വാക്കുകളിലൂടെയോ പദപ്രയോഗങ്ങളിലൂടെയോ കാണിക്കുന്ന അസമത്വത്തെയാണ് സൂചിപ്പിക്കുന്നത്.

ഖുർആനിലും ഹദീസിലും കറുപ്പ്, വെളുപ്പ് എന്നീ പദങ്ങൾ ആത്മീയതയുടെ പ്രതീകങ്ങളായും, ആലങ്കാരിക പ്രയോഗങ്ങളായും ഉപയോഗിച്ചിരുന്നുവെങ്കിലും, ചരിത്രത്തിന്റെ ഒരു ഘട്ടമെത്തിയപ്പോൾ അവയെ ശരീര നിറങ്ങളുമായി ചേർത്തു വായിക്കാൻ തുടങ്ങി. അതിലൂടെ കറുപ്പിന്റെ പര്യായങ്ങളായി വന്ന അറബികൾക്കിടയിലെ പദങ്ങൾ നിന്ദാർത്ഥമായി മാറാൻ തുടങ്ങി. ഇസ്ലാമിക പുസ്തകങ്ങളിലെ വർഗ്ഗീയതയുടേയും വംശീയതയുടേയുമെന്ന് വിമർശിക്കപ്പെടുന്ന പദങ്ങളെ മത പഠന സംവിധാനങ്ങൾ വ്യാഖ്യാനിക്കാൻ തയ്യാറായിരുന്നില്ല. അതുവഴി ആന്റി-ബ്ലാക്ക്‌നെസ്സ് എന്ന ആശയത്തിലൂടെ പദങ്ങളെ വ്യാഖ്യാനിച്ചു തുടങ്ങി.

ചരിത്രത്തിൽ കറുപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രാദേശികമായ ആഫ്രിക്കൻ വംശജരെയും മറ്റു വംശക്കാരെയും കുറിക്കുന്ന പദപ്രയോഗങ്ങൾ അറബ് ഭാഷയിലുണ്ടായിരുന്നു. “അസ്‌വദ്” കറുത്തിരുണ്ട തൊലിനിറം അല്ലെങ്കിൽ ആഫ്രിക്കൻ ശരീര പ്രകൃതിയുള്ള എന്നീ അർത്ഥങ്ങളിൽ ഈ പദം ഉപയോഗിക്കപ്പെട്ടിരുന്നു. “സുഡാൻ” കറുത്ത വർഗ്ഗക്കാരുടെ പ്രദേശമായ ആഫ്രിക്കയിലെ സുഡാൻ എന്ന രാജ്യനാമത്തിൽ നിന്ന് ഉൾതിരിഞ്ഞ് വന്ന അറബിക് പദം, ഈ പ്രദേശത്ത് ജീവിച്ചിരുന്ന കറുത്ത വർഗ്ഗക്കാരായ സുഡാനികൾ എന്ന പേരിൽ വിളിച്ചു തുടങ്ങിയതിന് ശേഷം അത് കറുപ്പിനെ അടയാളമാക്കുന്ന നാമമായി പരിവർത്തിക്കപ്പെട്ടു. ഇതുപോലെ തന്നെ കറുപ്പിന്റെ പദങ്ങളിൽ അറബികൾക്കിടയിൽ വ്യാപകമായ മറ്റൊരു പ്രാദേശിക നാമമാണ് “സൻജ്” – കിഴക്കേ ആഫ്രിക്കയിലെ ചില പ്രദേശങ്ങൾ അടങ്ങുന്ന ഒരു സ്ഥലം.

“ഹബ്ശ” അറബികൾക്കിടയിൽ കൂടുതലായി ഉപയോഗിക്കപ്പെട്ട പദമാണ്. ഈ പദത്തെ ഹദീസിൽ ഉപയോഗിച്ചിട്ടുണ്ട്. നേതാവിനെ ബഹുമാനിക്കേണ്ട ഇടങ്ങളിൽ അത് ഹബ്‌ശിയായ അടിമയാണെങ്കിൽ പോലും നീ ബഹുമാനിക്കണം എന്ന നബിവചനം ഇത്തരം പഠനങ്ങളിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

അറബികൾക്കിടയിൽ ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കിയുള്ള നിറഭേദം ഉണ്ടായിരുന്നില്ല. വെളുപ്പ് എന്ന പദത്തിന്റെ അർത്ഥത്തെ വെള്ളപ്പാണ്ട് പോലെയുള്ള രോഗങ്ങൾക്കായിരുന്നു ഉപയോഗിച്ചിരുന്നത്. അതോടൊപ്പം ചുവപ്പ് കലർന്ന നിറത്തേയും പറയപ്പെട്ടതായി കാണാം. കറുപ്പ് (അസ്‌വദ്), വെളുപ്പ് (അബയള്), ചുവപ്പ് (അഹ്‌മർ) എന്നീ മൂന്ന് നിറങ്ങളിലായിരുന്നു മനുഷ്യരെ കണ്ടിരുന്നത്. വൈരുദ്ധ്യങ്ങളുടെ പദമായ കറുപ്പിനെയും വെളുപ്പിനെയും മാത്രമായിരുന്നില്ല ഉപയോഗിച്ചിരുന്നത്. ഇസ്ലാമിക ചരിത്ര പശ്ചാത്തലത്തിൽ വെളുത്ത തൊലിനിറത്തെ ഗോതമ്പ് നിറം കൊണ്ട് വിശേഷണം നൽകിയായിരുന്നു വിളിക്കപ്പെട്ടിരുന്നത് എന്ന് ഇമാം അൽ ദഹബി പറയുന്നുണ്ട്.

പദോൽപ്പത്തി ശാസ്ത്ര ചർച്ചകളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന പ്രശ്നമായിരുന്നു പദങ്ങളുടെ വിവർത്തനത്തിലെ വംശീയത. അറബിക് പദമായ “അബ്ദ്” എന്ന പദത്തിന്റെ തെറ്റായ വിവർത്തനം ഈ വിഷയത്തിലെ പ്രധാന ചർച്ചകളിലൊന്നാണ്. ഇത് സേവകൻ എന്ന് അർത്ഥമാക്കാമെങ്കിലും വിമർശകർക്കിടയിൽ ഇതിനെ വംശീയ അർത്ഥത്തിൽ മാത്രം പരിമിതപ്പെടുത്തുന്നു. ഭാഷാപരമായ വ്യതിരക്തതയും അറേബ്യയിലെ കറുപ്പ് വിരുദ്ധതയും എന്ന പ്രശ്നം അറബ് സമൂഹത്തിനുള്ളിലെ ആഴത്തിലുള്ള ഒരു വെല്ലുവിളിയാണ്. ഇത് കേവലം ഭാഷാപരമായ പ്രശ്നം മാത്രമല്ല, മറിച്ച് ചരിത്രത്തിന്റേയും, സംസ്കാരത്തിന്റേയും, സാമൂഹിക ഘടനയുടേയും ഫലമായിട്ടുണ്ടാകുന്ന സങ്കീർണ്ണമായ പ്രതിഭാസമാണ്. ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ അറബ് സംസ്കാരത്തിന്റെ മഹത്വം എല്ലാ വർണ്ണങ്ങളിലുമുള്ള മനുഷ്യരെ ഉൾകൊള്ളിക്കുന്നതിലാണെന്ന തിരിച്ചറിവ് ഈ മാറ്റത്തിന് അടിസ്ഥാനമാക്കിവെക്കണം.

ഇസ്‌ലാമിലെ വംശീയ വിരുദ്ധതയും അപകോളനീകരണവും

മനുഷ്യരാശിയുടെ ചരിത്രത്തിൽ വംശീയതയും അധിനിവേശവും മനുഷ്യത്വരഹിത പ്രതിഭാസങ്ങളായി പരിവർത്തിക്കപ്പെട്ടിട്ടുണ്ട്. ഈ സന്ദർഭത്തിൽ ഇസ്ലാമിലെ കറുപ്പ് വിരുദ്ധമായ ഖുർആനിലെയും ഹദീസിലെയും നിയമവ്യവസ്ഥകൾ ആധുനിക കാലഘട്ടത്തിലെ കറുപ്പ് വംശീയതയ്ക്ക് എതിരായുള്ള അപകോളനീകരണ സിദ്ധാന്തവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഇസ്ലാമിലെ കറുപ്പ് വിരുദ്ധ പ്രസ്താവനകളും അപകോളനീകരണത്തിന്റെ പരികൽപ്പനകളെയും മനസ്സിലാക്കേണ്ടതുണ്ട്. ഇവ രണ്ടിന്റെയും അടിസ്ഥാന ലക്ഷ്യം ഒന്നുതന്നെയാണ്. ഇസ്ലാമിനുള്ളിലെ കറുത്ത വർഗ്ഗ വിരുദ്ധത എന്നത് ആഗോളതലത്തിൽ കപടമായി സൃഷ്ടിക്കപ്പെട്ട വർണ്ണവിവേചനത്തിനും വംശീയതയ്ക്കും എതിരെയുള്ള ആശയമാണ്. ഇസ്ലാമിന്റെ സമത്വപരമായ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമായ ആശയങ്ങളെ പുനർവിചിന്തനം നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഖുർആനിലെ ‘ഇന്ന അക്റമകും ഇന്ദല്ലാഹി അത്ഖാകും’ (അല്ലാഹുവിന്റെ മുൻപിൽ നിങ്ങളിൽ ഏറ്റവും മാന്യൻ ഏറ്റവും ഭക്തിയുള്ളവനാണ്) എന്ന സൂക്തം എല്ലാ വംശങ്ങളുടെ ഇടയിലും സമത്വം വാദിക്കുന്നുണ്ടെങ്കിലും, ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക സമൂഹങ്ങളിൽ കൊളോണിയൽ കാലഘട്ടത്തിലെ വംശീയ ശ്രേണികൾ തുടർന്നും നിലനിൽക്കുന്നുണ്ടെന്ന് കപട വാദികൾ ഉന്നയിക്കുന്നു.

ഇസ്ലാം അന്വേഷിക്കുന്ന കറുപ്പ് വിരുദ്ധതയ്ക്കുള്ള പരിഹാരമാണ് വംശീയ വിമോചന ശാസ്ത്ര വഴികളിലൂടെ അപകോളനീകരണ വാദികളും അന്വേഷിക്കുന്നത്. ഫ്രാൻസ് ഫാനൻ, അൽബർട്ട് മെമ്മി, എഡ്‌വേഡ് സൈദ് തുടങ്ങിയവരുടെ കൃതികളിൽ ഈ സിദ്ധാന്തം കൊളോണിയൽ ശക്തികൾ എങ്ങനെ വംശീയ ശ്രേണിക്രമങ്ങൾ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്തുവെന്ന് വിശദീകരിക്കുന്നു. ഈ രണ്ടു കാഴ്ചപ്പാടുകൾ തമ്മിലുള്ള സംയോജനം വളരെ സങ്കീർണ്ണവും ആവശ്യവുമാണ്. കൊളോണിയൽ ഭരണാധികാരികൾ മുസ്ലിം സമൂഹങ്ങളിൽ വംശീയ വിഭജനം പ്രോത്സാഹിപ്പിക്കുകയും ഇതര മുസ്ലീങ്ങളെ ആഫ്രിക്കൻ മുസ്ലീങ്ങളെക്കാൾ ശ്രേഷ്ഠരായി ചിത്രീകരിക്കുകയും ചെയ്തു. ഇത് ഇസ്ലാമിക ഓറിയന്റലിസത്തിന്റെ ഭാഗമായി വെള്ളക്കാരുടെ ആധിപത്യം നിലനിർത്താനുള്ള ഒരു തന്ത്രമായിരുന്നു.

ഇസ്ലാമിലെ കറുത്ത വർഗ്ഗ വിരുദ്ധതയെ അപകോളനീകരണ വീക്ഷണകോണിൽ മനസ്സിലാക്കുമ്പോൾ ബിലാൽ (റ) പോലുള്ള പ്രമുഖ കറുത്ത സ്വഹാബാക്കളുടെ ചരിത്രം വളച്ചൊടിക്കുകയും അവരുടെ സംഭാവനകൾ കുറച്ചു കാണിക്കുകയും ചെയ്യുന്നത് കാണാം. സുഡാൻ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ മുസ്ലിം രാജ്യങ്ങളുടെ സമ്പന്നമായ ഇസ്ലാമിക പൈതൃകവും വിജ്ഞാന പാരമ്പര്യവും മറച്ചുവെക്കപ്പെടുകയും അറബ് കേന്ദ്രീകൃത വിവരണം മാത്രം പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അപകോളനീകരണം ഈവക കപടമായ പ്രസ്താവനകളെ തിരുത്തി കറുത്ത മുസ്ലീങ്ങളുടെ സംഭാവനകളെ പുനരുദ്ധാരണം ചെയ്യാൻ സഹായിക്കുന്നുണ്ട്. ഇതുവഴി ഇസ്ലാമിന്റെ സമത്വപരമായ സന്ദേശത്തെ പുനഃസ്ഥാപിക്കപ്പെടുകയും വംശീയ കാഴ്ചപ്പാടുകളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

ഇസ്ലാമിലെ കറുത്ത വർഗ്ഗ വിരുദ്ധതയും അപകോളനീകരണ സിദ്ധാന്തവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുമ്പോൾ നമുക്ക് മനസ്സിലാവുന്നത്, കൊളോണിയൽ ശക്തികൾ മുസ്ലിം സമൂഹങ്ങളിൽ അടിച്ചേൽപ്പിച്ച വംശീയ ശ്രേണി ക്രമങ്ങൾ ഇന്നും നിലനിൽക്കുന്നുവെന്നാണ്. ഇസ്ലാമിന്റെ മൂലകമായ സമത്വ തത്വങ്ങൾക്ക് എതിരായ ഈ വർണ്ണവിവേചനം ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ ഐക്യത്തിന് ഭീഷണിയുയർത്തുന്നു. അപകോളനീകരണ സിദ്ധാന്തത്തിന്റെ വിമർശനാത്മക കാഴ്ചപ്പാടിലൂടെ ഈ പ്രശ്നങ്ങളെ മനസ്സിലാക്കുകയും കറുത്ത മുസ്ലിംകളുടെ ചരിത്രവും സംഭാവനകളും പുനർവിചിന്തനം ചെയ്യുകയും വേണം. ഇസ്ലാമിക സമൂഹത്തിന്റെ യഥാർത്ഥ സ്വഭാവം പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയാണിത്. കൊളോണിയൽ കാലഘട്ടത്തിൽ വികൃതമാക്കപ്പെട്ട ഇസ്ലാമിക വിശ്വാസങ്ങളിൽ നിന്ന് മുക്തിനേടി, അല്ലാഹുവിന്റെ മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണ് എന്ന ഖുർആനിക സന്ദേശത്തിലേക്ക് മടങ്ങിച്ചെല്ലേണ്ടത് ഇന്നത്തെ മുസ്ലിം ഉമ്മത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും ഉത്തരവാദിത്വവുമാണ്.

Related Posts

നിറങ്ങളുടെ തത്വശാസ്ത്രം; മനുഷ്യാനുഭവങ്ങളും അഭൗതികതയും

ദൃശ്യ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ വർണ്ണാഭമായ ചുറ്റുപാടുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുമ്പോൾ അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആകാശത്തിന്റെ നീല മുതൽ തീജ്വാലയുടെ ചുവപ്പ് വരെ, നിറം യഥാർത്ഥമായി അനുഭവപ്പെടുന്നു. എന്നാൽ, വ്യാപകമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, നിറത്തിന്റെ യഥാർത്ഥ സ്വഭാവം ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഒരുപോലെ ആകർഷിക്കുന്ന രഹസ്യമായി ഇന്നും തുടരുന്നു.

Read More »

ഫലസ്തീനീ പോരാട്ടവും പ്രവാചക പാതയും

അതിഭീകരമായ വംശോന്മൂലന പ്രക്രിയയാണ് ഫലസ്തീനിൽ നടപ്പാക്കുന്നത്. ആശുപത്രികൾ, വീടുകൾ, വിദ്യാലയങ്ങളുമൊക്കെയും നിലംപതിച്ചു. വൃദ്ധരെന്നോ, യുവാക്കളെന്നോ, സ്ത്രീകളെന്നോ നോക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാമാവശേഷമാക്കപ്പെട്ടു. ഒപ്പം ഈ മനുഷ്യക്കുരുതിയെ ചെറുത്തുനിൽക്കേണ്ട ആഗോള നിയമസംവിധാനങ്ങളും നിരർത്ഥകമായി മാറിക്കഴിഞ്ഞു. ഒരു മുസ്ലിം ജനത പൂർണ്ണമായും വംശോന്മൂലനത്തിനരികെ സംഘർഷത്തിലായിരിക്കെ, ഇടപെടാനുള്ള മുസ്ലിം-അറബ് രാജ്യങ്ങളുടെ സന്നദ്ധതയും ഇവിടെ അളക്കപ്പെടുകയാണ്; ശുദ്ധ ശൂന്യതയാണ് ഇതുവരെയുള്ള ഫലം.

Read More »

സൗന്ദര്യ സങ്കൽപങ്ങളുടെ പരിണാമ ദിശകൾ

സൗന്ദര്യശാസ്ത്രത്തിന്റെ ഗ്രീക്ക് ഫിലോസഫിയിൽ പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്വചിന്തകർ സൗന്ദര്യത്തെ പരിചയപ്പെടുത്തുന്നത് യുക്തിപരമായി ഉരുതിരിഞ്ഞ് വരുന്നതെന്നാണ്. തന്മൂലം, ഇതിനെ സൗന്ദര്യ നിർണ്ണയത്തിലെ റാഷണലിസം എന്ന് വിളിക്കുകയാണ് പ്ലേറ്റോയും അരിസ്റ്റോട്ടിലും. ഈ ചിന്താഗതിയിൽ സൗന്ദര്യത്തെ തികച്ചും വസ്തുനിഷ്ഠമായ ഒരു ഘടകമായി പരിചയപ്പെടുത്തുന്നത് കാണാൻ സാധിക്കും.

Read More »

മുംബൈയിലെ നഗര ജീവിതവും ഇന്ദ്രിയ രാഷ്ട്രീയവും

ഗന്ധം, ശബ്ദം, കാഴ്ച എന്നിവയെ വിലയിരുത്തുകയും നഗരത്തിലെ വ്യത്യാസങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന രീതി, ആളുകൾ സ്വയം അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ച് പറയുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. പകരം ഇത് ലോകത്തെ അമൂർത്തമായ രൂപത്തിലൂടെ മനസ്സിലാക്കാനുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. രാഷ്ട്രീയപരമായ അവകാശവാദങ്ങളിലും ദൈനംദിന ജീവിതത്തിലും ഒരാൾ എങ്ങനെ ഇന്ദ്രിയങ്ങളോട് പ്രതികരിക്കുന്നു എന്നത്, എന്താണ് ഒരു ധാർമ്മിക വിഷയമായി (ethical subject) ഉൾപ്പെടുത്തപ്പെടുന്നത്, എന്താണ് ഉൾപ്പെടാത്തത് എന്നിവയുടെ പരിമിതികളെയും അതിരുകളെയും കുറിച്ച് സൂചിപ്പിക്കുന്നു

Read More »

മുഹമ്മദ്(സ്വ); അനശ്വരമാണ് അവിടുത്തെ മാർഗദർശനം

യൂറോപ്പിലും അമേരിക്കയിലും ഉള്ള മുസ്ലിം ഇതര സമുദായം ഇസ്ലാമിനെ മനസ്സിലാക്കുന്നിടത്തും ഇസ്ലാമിനെ ഒരു ആന്റി കൊളോണിയൽ സ്വത്വമായി പരിഷ്കൃത മുസ്ലിം ചിന്തകർ സ്ഥാപിക്കുന്നിടത്തും മുഹമ്മദിനെ (സ്വ) കേവലം ഒരു ചരിത്ര പുരുഷൻ ആയി കാണേണ്ടിവരുന്ന മാനുഷിക പ്രതിഭാസത്തിനും അപ്പുറം പ്രവാചകൻ കൈവരിക്കുന്ന അസാധാരണവും അതിഭൗതികവുമായ പദവിയെ തൊട്ട് സ്വയം അജ്ഞരാവുകയാണ് അക്ഷരാർത്ഥത്തിൽ മുസ്ലിം റിഫോമിസ്റ്റ് ചിന്തകർ. മധ്യകാലത്തെ ക്രൈസ്തവർ ചെയ്തുവെച്ച ഇസ്ലാം വിരുദ്ധതയിലും, മുഹമ്മദ് മോശമായാണെങ്കിലും കേവലം ഒരു രാഷ്ട്രീയ നേതാവായാണോ അവരുടെ എതിർപ്പുകളിൽ സ്ഥാനം കൊണ്ടത്.

Read More »

മുംബൈയിലെ മാപ്പിള മുസ്‌ലിംകളും സാമൂഹിക നിർമ്മിതിയും

മുംബൈയിലെ മലയാളി മുസ്ലിങ്ങളുടെ ജീവിതം കേവലം സാമ്പത്തിക നേട്ടങ്ങളിൽ ഒതുങ്ങിനിന്നില്ല. അതിജീവനത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി അവർ കെട്ടിപ്പടുത്ത സംഘടിത സംവിധാനങ്ങൾ അവരുടെ വിജയത്തിന്റെ നട്ടെല്ലായി വർത്തിച്ചു. ഭേന്ദി ബസാർ, ഡോംഗ്രി, ക്രോഫോർഡ് മാർക്കറ്റ് എന്നിവ അവരുടെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രങ്ങളായി മാറി.

Read More »