തീർത്ഥാടനം വ്യത്യസ്ത പാരമ്പര്യങ്ങളിൽ ഘടനകളാൽ വ്യത്യാസപ്പെടുമ്പോഴും പൊതുവായ സാമൂഹിക മാനങ്ങൾ അവയ്ക്കുണ്ട്. വിശ്വാസം, അധികാരം, സമൂഹം എന്നിവയിലൂന്നി തീർത്ഥാടന പാരമ്പര്യങ്ങളെ പഠനവിധേയമാക്കുന്നത് ഒരു സാമൂഹിക പരിവർത്തന പ്രക്രിയയായി തീർത്ഥാടനം വർത്തിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു
വിശ്വാസം, അധികാരം, സമൂഹം, വ്യക്തിഗത അനുഭവം എന്നിവയുടെ പരസ്പര ബന്ധത്തിലേക്കുള്ള ഒരു സാധ്യതയായാണ് ദൈവശാസ്ത്ര സമീപനങ്ങളിൽ തീർത്ഥാടനത്തെ കാണുന്നത്. ഇസ്ലാം, ക്രിസ്ത്യാനിറ്റി, ഹിന്ദുമതം തുടങ്ങിയ മതങ്ങളിലെ തീർത്ഥാടന പാരമ്പര്യങ്ങൾ പരിശോധിക്കുന്നതിലൂടെ, വിശാലമായ സാംസ്കാരിക മാതൃകകളും വ്യത്യസ്ത സവിശേഷതകളും നമുക്ക് കണ്ടെത്താനാകും.
തീർത്ഥാടനം മനുഷ്യരാശിയുടെ മതപരമായ ആചാരങ്ങളിൽ ഏറ്റവും സാർവത്രികമായ ഒന്നാണ്. സാമൂഹിക പരിവർത്തനത്തിന്റെ മാധ്യമം കൂടിയായി തീർത്ഥാടനം പ്രവർത്തിക്കുന്നു. ശാരീരികമായി കഠിനമാണെങ്കിലും ആത്മീയമായി പരിവർത്തനാത്മകം കൂടിയാണ്. വിശ്വാസം, അധികാരം, സമൂഹം, വ്യക്തിഗത അനുഭവം എന്നിവയുടെ പരസ്പര ബന്ധത്തിലേക്കുള്ള ഒരു സാധ്യതയായാണ് ദൈവശാസ്ത്ര സമീപനങ്ങളിൽ തീർത്ഥാടനത്തെ കാണുന്നത്. ഇസ്ലാം, ക്രിസ്ത്യാനിറ്റി, ഹിന്ദുമതം തുടങ്ങിയ മതങ്ങളിലെ തീർത്ഥാടന പാരമ്പര്യങ്ങൾ പരിശോധിക്കുന്നതിലൂടെ, വിശാലമായ സാംസ്കാരിക മാതൃകകളും വ്യത്യസ്ത സവിശേഷതകളും നമുക്ക് കണ്ടെത്താനാകും. അത്തരമൊരു ശ്രമമാണ് ഈ ലേഖനം.
തീർത്ഥാടനത്തെ കുറിച്ചുള്ള നരവംശശാസ്ത്ര പഠനങ്ങൾ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഉയർന്നുവന്നിട്ടുണ്ട്. ഇത്തരം പഠനങ്ങളുടെ പ്രധാന അവലംബം തീർത്ഥാടകരുടെ പുരാതന യാത്രാവിവരണങ്ങളാണ്. W. ക്രൂക്ക് പോലുള്ള ആദ്യകാല നരവംശശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത് പല തീർത്ഥാടന പാരമ്പര്യങ്ങളുടെയും ഉത്ഭവം ആനിമിസ്റ്റിക് (Animistic) ആണെന്നാണ്. അഥവാ മനുഷ്യേതരമായ മൃഗാദികൾക്കും ആത്മീയ ബോധം ഉണ്ടെന്ന വിശ്വാസത്തിൽ നിന്നാണ്. പുണ്യഭൂമിയും അതിനെ ചുറ്റിപ്പറ്റിയുള്ള തീർത്ഥാടനങ്ങളും ആദ്യകാല മത സങ്കൽപ്പങ്ങളിൽ തന്നെ സജീവമായിരുന്നു.
ക്രൈസ്തവ തീർത്ഥാടനങ്ങൾ
ചക്രവർത്തി കോൺസ്റ്റന്റൈന്റെ ക്രിസ്തുമതാശ്ലേഷണത്തോടെയും അദ്ദേഹത്തിന്റെ മാതാവ് യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ അന്വേഷിച്ചു നടത്തിയ യാത്രകൾക്കും ശേഷം, ഏകദേശം നാലാം നൂറ്റാണ്ടോടെയാണ് ക്രൈസ്തവ തീർത്ഥാടനം വ്യാപകമാകുന്നത്. ജെറുസലേം, ബത്ലഹേം, പിന്നീട് റോം എന്നിവ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായി മാറി. നരവംശ ശാസ്ത്രജ്ഞനായ ജോൺ ഈഡൻ പവിത്ര ഭൂമിശാസ്ത്രം (“sacred geography”) എന്ന് പ്രയോഗിച്ചത് ഭൗതികമായ ഭൂമിശാസ്ത്ര മേഖലകൾക്ക് പവിത്രത കൽപ്പിച്ചു തുടങ്ങിയ ഈ പ്രവണതയ്ക്കാണ്.
മധ്യകാലത്ത് യൂറോപ്പിലുടനീളം തീർത്ഥാടനാചാരങ്ങൾ വ്യാപിച്ചു. സാന്റിയാഗോ ഡി കമ്പോസ്റ്റേല, കാന്റർബറി തുടങ്ങി മറ്റു നിരവധി പ്രാദേശിക ദേവാലയങ്ങളിലേക്ക് ആത്മീയ ചികിത്സ, പ്രായശ്ചിത്തം തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വേണ്ടി തീർത്ഥാടനങ്ങൾ ഇക്കാലത്ത് സജീവമായി. നരവംശശാസ്ത്രപരമായി ഇത്തരം തീർത്ഥാടനങ്ങൾ ഒരേസമയം ആചാരമായും സാമൂഹിക പരിവർത്തന പ്രക്രിയയായും വർത്തിച്ചു.
ക്രൈസ്തവ തീർത്ഥാടനങ്ങൾ ചരിത്രപരമായ സ്മരണകളെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. ഇത് ഹൈന്ദവ തീർത്ഥാടന പാരമ്പര്യത്തിലെ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പവിത്രതയിലൂന്നിയ തീർത്ഥാടനങ്ങളിൽ നിന്നും, നിർദിഷ്ട ആചാരങ്ങളിൽ കേന്ദ്രീകരിക്കുന്ന ഇസ്ലാമിക തീർത്ഥാടനങ്ങളിൽ നിന്നും വ്യത്യസ്തമാണ്. എങ്കിലും മൂന്നു തീർത്ഥാടന പാരമ്പര്യങ്ങളും ആത്മീയ അച്ചടക്കത്തിന് വേണ്ടിയുള്ള ശാരീരിക കഷ്ടപ്പാടിന്റെയും ലിമിനൽ (liminal) അനുഭവങ്ങളുടെയും ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്.
പ്രൊട്ടസ്റ്റന്റ് നവീകരണ വാദങ്ങൾ തീർത്ഥാടനാചാരങ്ങളെ എതിർത്തിട്ടുണ്ടെന്ന് ചരിത്രത്തിൽ കാണാം. മാർട്ടിൻ ലൂഥർ അടക്കമുള്ള പരിഷ്കർത്താക്കൾ അവ അന്ധവിശ്വാസമാണെന്ന് വാദിച്ചു. ഈ വിശ്വാസപരമായ മാറ്റം പ്രൊട്ടസ്റ്റന്റ് മേഖലകളിലെ തീർത്ഥാടനാചാരങ്ങളെ കുറച്ചിട്ടുണ്ട്. എന്നാൽ സമകാലിക ക്രിസ്ത്യൻ തീർത്ഥാടനം ഒരു പുനർവ്യാപനം കൈവരിച്ചതായി കാണാം.
ഹൈന്ദവ തീർത്ഥാടനം: പവിത്ര ഭൂമിശാസ്ത്രവും ആചാര വൈവിധ്യങ്ങളും
ഹൈന്ദവ തീർത്ഥാടനം ഇതര തീർത്ഥാടനങ്ങളേക്കാൾ ഭൂമിശാസ്ത്രപരമായി വിശാലവും ആചാര വൈവിധ്യങ്ങളാൽ സമ്പന്നവുമാണ്. ഹജ്ജ് പോലെ വിശ്വാസപരമായ നിർബന്ധമോ നിർണ്ണിതമോ അല്ലെങ്കിലും മതാചാരങ്ങളാൽ ആഴത്തിൽ വേരൂന്നിയതാണ്. ആയിരക്കണക്കിന് ഹൈന്ദവ തീർത്ഥാടന സ്ഥലങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം വ്യാപിച്ചുകിടക്കുന്നു. ഈ പുണ്യ സ്ഥലങ്ങൾ കാശി, വാരണാസി, പ്രയാഗ, മഥുര തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ നദികളും പർവ്വതങ്ങളും ഗുഹകളും നിരവധി പ്രാദേശിക ക്ഷേത്രങ്ങളും ഉൾക്കൊള്ളുന്നതാണ്.
ഹൈന്ദവ തീർത്ഥാടന പാരമ്പര്യങ്ങളിലെ ചാർധാം (ബദരീനാഥ്, പുരി, രാമേശ്വരം, ദ്വാരക) ഇന്ത്യയെ ഒരു ദൈവിക ശരീരമായി സങ്കൽപ്പിക്കുന്നതാണ്. പതിനെട്ട് ഹൈന്ദവ പുരാണങ്ങളിൽ ഏറ്റവും വലിയ സ്കന്ദപുരാണം ഉൾപ്പെടെ നിരവധി പുരാണങ്ങളിൽ നാല് ധാമങ്ങളുടെയും പവിത്രത വിശദീകരിക്കുന്നുണ്ട്. വിശ്വാസികൾ ജീവിതകാലത്ത് ഈ നാല് ധാമുകളും സന്ദർശിക്കുന്നത് മോക്ഷപ്രാപ്തിക്ക് സഹായകമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ക്രൈസ്തവ, ഇസ്ലാമിക തീർത്ഥാടന സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭൂമിശാസ്ത്രപരമായ സഹജമായ പവിത്രതയിലൂന്നിയതാണ് ഹൈന്ദവ തീർത്ഥാടന പാരമ്പര്യം. ഹൈന്ദവ തീർത്ഥാടനം ആചാരങ്ങളിലെ വൈവിധ്യങ്ങളാൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സ്നാനം, പ്രദക്ഷിണം, ശ്രാദ്ധം തുടങ്ങിയ ആചാരങ്ങൾ പാണ്ഡമാരെന്ന് വിളിക്കപ്പെടുന്ന പാരമ്പര്യ പൂജാരികളുടെ നിർദ്ദേശത്താൽ നടത്തപ്പെടുന്നു. പാണ്ഡമാർ തീർത്ഥാടകരുടെ വിശദമായ വംശാവലി രേഖകൾ സൂക്ഷിക്കുകയും ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രത്യേക ആചാരങ്ങൾ നടത്തിപ്പോരാറുമുണ്ട്. ആചാരപരമായ ഫലപ്രാപ്തിയിലും പൂർവിക ബന്ധങ്ങളിലും കേന്ദ്രീകൃതമാണ് ഹൈന്ദവ തീർത്ഥാടനങ്ങൾ.
ദേവി സതിയുടെ അംഗഛേദനവുമായി ബന്ധപ്പെട്ട ശക്തിപീഠങ്ങളടങ്ങുന്ന സ്ഥലങ്ങളിലെ വ്യത്യസ്തമായ പൂജകളും ആചാരങ്ങളും മുഖ്യധാരാ ഹൈന്ദവ ആചാരങ്ങളിൽ നിന്ന് വിഭിന്നമാണ്. ഹൈന്ദവ തീർത്ഥാടനം വിശാലമായ പാരമ്പര്യത്തിനുള്ളിൽ വ്യത്യസ്ത ദൈവശാസ്ത്ര സമീപനങ്ങൾ എങ്ങനെ ഉൾക്കൊള്ളുന്നുവെന്ന് എടുത്തു കാണിക്കുന്നു.
ഇസ്ലാമിക തീർത്ഥാടനം
മറ്റു തീർത്ഥാടന പാരമ്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാമിക തീർത്ഥാടന പാരമ്പര്യം കൂടുതൽ ക്രമീകൃതവും വിശാലവുമാണ്. മക്ക, മദീന, ബൈത്തുൽ മുഖദ്ദസ് തുടങ്ങിയ പുണ്യദേശങ്ങൾക്ക് പുറമേ മഖ്ബറകളും സൂഫി ദർഗകളും അടങ്ങിയതാണ് ഇസ്ലാമിക തീർത്ഥാടനങ്ങൾ. മനുഷ്യന്റെ ആത്മീയ പരിവർത്തനത്തിന്റെ പ്രധാന ഘട്ടമായാണ് ഇസ്ലാമിൽ തീർത്ഥാടനം കാണപ്പെടുന്നത്.
വിശ്വാസികളെ സംബന്ധിച്ച് ഹജ്ജ് പരലോക ജീവിതത്തിനുള്ള പരിശീലനമാണെന്ന് ഇമാം ഗസ്സാലി (റ) സൂചിപ്പിക്കുന്നുണ്ട്. സ്വദേശം വിട്ട് മക്ക ലക്ഷ്യമാക്കിയുള്ള യാത്ര മരണവും ഖബർ ജീവിതവും അർത്ഥമാക്കുന്നു. ഇഹ്റാം വസ്ത്രധാരണം കഫൻപുടവയും, ബഹുജനമധ്യേ ത്വവാഫ് ചെയ്യൽ ഹിസാബിനെയും (വിചാരണ) ഓർമ്മപ്പെടുത്തുന്നു. ഇപ്രകാരം ആത്മീയ പരിവർത്തനത്തിന്റെ പ്രധാന അവസ്ഥയായാണ് ഹജ്ജ് പ്രവർത്തിക്കുന്നത്.
പരമ്പരാഗതമായി മുസ്ലിം ലോകത്ത് ഹറം ദൈവിക അനുഗ്രഹത്തിന്റെ പ്രാഥമിക കേന്ദ്രമായി കണക്കാക്കപ്പെടുന്നു. അവിടെ നിന്നുള്ള ആചാരങ്ങൾക്ക് ആയിരം മങ്ങ് പ്രതിഫലം ലഭിക്കുമെന്നും അവിടെ മരണപ്പെടുന്നത് വലിയ അനുഗ്രഹമാണെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ജൊനാഥൻ സ്മിത്തിന്റെ ഭാഷയിൽ ഹറം സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും ഇടയിലെ “ഫോക്കസിംഗ് ലെൻസ്” ആണ്. ഇമാം ഗസ്സാലി (റ) ഇങ്ങനെ പറയുന്നു: “ദൈവം ശക്തനും മഹത്വമുള്ളവനുമാണ്, ഓരോ രാത്രിയിലും അവൻ ഭൂമിയിലെ ജനങ്ങളെ നോക്കുന്നു. ആദ്യം അവൻ കാണുന്നത് ഹറമിലെ ജനങ്ങളെയാണ്, ഹറമിലെ ജനങ്ങളിൽ ആദ്യം കാണുന്നത് പവിത്ര മസ്ജിദിലെ ജനങ്ങളെയാണ്. അവൻ പ്രദക്ഷിണം ചെയ്യുന്നവരെയും പ്രാർത്ഥിക്കുന്നവരെയും കാണുന്നു, അവർക്ക് രക്ഷ നൽകുകയും ചെയ്യുന്നു”. ഇപ്രകാരം പുണ്യ സ്ഥലങ്ങൾ ആത്മീയ ബോധത്തിലേക്കുള്ള ഒരു പ്രധാന അവസരമായി മാറുന്നു.
ഇംഗ്ലീഷ് തത്വചിന്തകൻ ജെർമി ബെന്താം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുന്നോട്ടുവെച്ച “പെനോപ്റ്റിക്കോൺ” (Panopticon) എന്ന സങ്കൽപ്പവുമായി ഹജ്ജിനെ നരവംശശാസ്ത്രജ്ഞർ താരതമ്യം ചെയ്തിട്ടുണ്ട്. സാധാരണ ജയിലുകൾക്ക് ബദലായി വൃത്താകൃതിയിലുള്ള ഒരു ഇൻസ്പെക്ഷൻ ഹൗസ് ആണ് പ്രസ്തുത സങ്കൽപ്പം. കെട്ടിടത്തിന് നടുവിൽ ഒരു ഗോപുരം നിർമ്മിച്ച് പുറത്തുനിന്ന് ദൃശ്യമാവാത്ത വിധത്തിൽ നിരീക്ഷകരെ നിയമിക്കുന്നു. നിത്യസമയം നിരീക്ഷിക്കപ്പെടുന്നുവെന്ന ബോധം തടവുകാർക്ക് ഉണ്ടാവുകയും തെറ്റുകളിൽ നിന്ന് അവർ സ്വയം വിട്ടുനിൽക്കുകയും ചെയ്യുന്നതാണ് ഈ സങ്കൽപ്പത്തിന്റെ ഉള്ളടക്കം. ഇസ്ലാമിക ദൈവശാസ്ത്രവും സമാനമായ രീതിയിൽ നിത്യസമയവും ദൈവനിരീക്ഷണത്തിൽ കഴിയുന്ന അടിമകൾ എന്ന സങ്കൽപ്പമാണ് മനുഷ്യരെക്കുറിച്ച് മുന്നോട്ടുവെക്കുന്നത്. ഈ അടിസ്ഥാന ബോധത്തെ വിശ്വാസികളിൽ ദൃഢമാക്കാനുള്ള ഒരു പ്രധാന അവസരമായാണ് ഹജ്ജ് വർത്തിക്കുന്നത്.
അധികാരം, അനുഭവം, പരിവർത്തനം: തീർത്ഥാടനങ്ങളിലെ പുതുമാനങ്ങൾ
മൂന്ന് തീർത്ഥാടന പാരമ്പര്യങ്ങളിലും മതപരമായ അധികാരികൾ തീർത്ഥാടന ആചാരങ്ങൾക്ക് സൗകര്യമൊരുക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഹജ്ജിന് സൗദി മാനേജ്മെന്റ് മുതൽ മധ്യകാല ക്രിസ്ത്യൻ ഭരണാധികാരികളും, ഹൈന്ദവ തീർത്ഥാടനം പാണ്ഡമാരുടെ പാരമ്പര്യ അവകാശമെന്ന നിലയിലും വ്യത്യസ്ത അധികാര ഘടനകൾക്കുള്ളിൽ തീർത്ഥാടനം തുടർന്നു പോകുന്നുണ്ട്. തീർത്ഥാടനങ്ങൾ കാലാതീതമായി തുടരുമ്പോഴും ചരിത്രപരമായ അധികാര ക്രമീകരണങ്ങളെ അത് സ്വാധീനിച്ചതായി തലാൽ അസദ് സൂചിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ ഇസ്ലാമിക പാരമ്പര്യം തീർത്ഥാടനത്തിലൂടെ രാഷ്ട്രീയ, മതകീയ അധികാരത്തെ വ്യക്തമായി ബന്ധിക്കുന്നുണ്ട്. ഹജ്ജ് പ്രഖ്യാപനം ഒരു ഭരണാധികാരിയുടെ സാധുതയെ അംഗീകരിക്കുന്നതാണ്. അതേസമയം മക്കയുടെ നിയന്ത്രണം രാഷ്ട്രീയ പ്രാമുഖ്യമുള്ളതായി തുടരുകയും ചെയ്യുന്നു.
ക്രിസ്തീയ തീർത്ഥാടനങ്ങളുടെ നിയന്ത്രണവും സമാനരീതിയിൽ സ്ഥാപിത അധികാരികളുടെ പ്രകടനങ്ങളാണ്. മധ്യകാല ക്രിസ്തീയ തീർത്ഥാടന കേന്ദ്രങ്ങൾ സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രദർശന കേന്ദ്രമായിരുന്നു. ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകൃത അധികാരികൾക്ക് കീഴിലല്ലാതിരുന്നിട്ടും സ്ഥാപിത ബ്രാഹ്മണ പ്രാമുഖ്യം നിലവിലുണ്ട്.
ഇസ്ലാമിന് മുമ്പ് തന്നെ കഅബയെ ചുറ്റിപ്പറ്റി ഒരു ഭരണകേന്ദ്രം ഉണ്ടായിരുന്നു. സമൂഹത്തിലെ പ്രധാന യോഗങ്ങൾക്കും മധ്യസ്ഥ ചർച്ചകൾക്കും ഈ അസംബ്ലി ഹൗസ് (ദാർ അൽ-നദ്വ) സാക്ഷ്യം വഹിച്ചു. പ്രവാചകരുടെ പിതൃ പരമ്പരയിലെ പ്രധാനിയായ ഖുസയ്യാണ് ഈ കെട്ടിടം സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ഇസ്ലാമിന്റെ ആഗമനം വരെ യുദ്ധകാര്യങ്ങളുടെയും വ്യത്യസ്ത ഗോത്രങ്ങളുടെ സമാധാന ചർച്ചകളുടെയും കേന്ദ്രമായിരുന്നു ഇത്. പിന്നീട് അബ്ബാസി കാലഘട്ടത്തിൽ ഈ കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു.
ഇസ്ലാമിക രാഷ്ട്രീയ കേന്ദ്രങ്ങൾ അറേബ്യയിൽ നിന്ന് സിറിയ, ഇറാഖ്, നോർത്ത് ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലായതോടെ പ്രാദേശിക അധികാരികൾ തീർത്ഥാടനം നിയന്ത്രിക്കുകയും അതിന്റെ ലാഭം കൈക്കൊള്ളുകയും ചെയ്തു. ഖലീഫമാരും അധികാരികളും ആരാധനാലയങ്ങൾ സംരക്ഷിക്കാനും അതിന്റെ ചെലവുകൾ നൽകാനും ബാധ്യസ്ഥരായിരുന്നു. ഈ പ്രവർത്തനങ്ങളെക്കുറിച്ച് ഇബ്നു ഖൽദൂൻ സൂചിപ്പിക്കുന്നുണ്ട്. രാജവംശം, പരമാധികാരം തുടങ്ങിയ ചർച്ചകളോടൊപ്പമാണ് ഈ വിഷയം അദ്ദേഹം പ്രതിപാദിക്കുന്നത്.
ഇബ്നു ഖൽദൂൻ എഴുതുന്നു:
പ്രവാചകന്റെയും അദ്ദേഹത്തിന്റെ പിൻഗാമിയായ അബൂബക്കർ (റ) ന്റെയും കാലത്ത് കഅബയ്ക്ക് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. പിന്നീട് ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ ഉമർ (റ) സമീപത്തുള്ള വീടുകൾ വാങ്ങി അവ പൊളിച്ചുനീക്കി പള്ളിയുടെ ഭാഗമായി ചേർക്കുകയും ചുറ്റുമതിൽ പണിയുകയും ചെയ്തു. ഇതേ കാര്യം ഉസ്മാൻ (റ), ഇബ്നു സുബൈർ (റ), വലീദ് ബിൻ അബ്ദുൽ മലിക് എന്നിവരും തുടർന്നു. പിന്നീട് പള്ളി മാർബിൾ തൂണുകളാൽ അലങ്കരിച്ചു. ഖലീഫ മൻസൂറും മഹ്ദിയും ഈ പ്രവർത്തനങ്ങൾ തുടർന്നു.
ഖലീഫമാരും ഭരണാധികാരികളും കഅബയെ വിലപ്പെട്ട വസ്തുക്കളാൽ അലങ്കരിക്കാനും അടുത്തുള്ള വഴികളിലും മറ്റു ചരിത്ര സ്മാരകങ്ങളിലും സൗകര്യങ്ങൾ ഒരുക്കാനും തങ്ങളുടെ സ്മാരക ശിലാരേഖകൾ സ്ഥാപിക്കാനും ശ്രദ്ധിച്ചിരുന്നു. ഇതിലൂടെ തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നത് തങ്ങളാണെന്ന് തീർത്ഥാടകരെ ഓർമ്മിപ്പിക്കുകയായിരുന്നു. ഇപ്രകാരം തീർത്ഥാടന കേന്ദ്രങ്ങൾ അധികാര പ്രകടനങ്ങളുടെ അവസരമായി കൂടി മനസ്സിലാക്കപ്പെട്ടു.
അറബിക്കവികളിൽ പ്രധാനിയായിരുന്ന ഫറസ്ദഖ്, പ്രവാചകരുടെ പേരമകൻ ഹുസൈൻ (റ) ന്റെ മകൻ അലി സൈനുൽ ആബിദീൻ (റ) നെ പുകഴ്ത്തിപ്പാടിയ പ്രസിദ്ധമായ കവിത തീർത്ഥാടന പാരമ്പര്യങ്ങളിൽ അധികാരികളുടെ പ്രകടനത്തെ തുറന്നുകാട്ടുന്നതാണ്. അലി സൈനുൽ ആബിദീൻ (റ) ന് ഹജറുൽ അസ്വദ് മുത്താൻ ജനം വഴിയൊരുക്കിയതോടെ, ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഖലീഫ ഹിഷാം ബിൻ അബ്ദുൽ മലിക് അദ്ദേഹത്തെ അറിയാത്ത ഭാവം നടിച്ചതായും, “ആരാണ് അയാൾ?” എന്ന് ചോദിച്ചതായും ചരിത്രത്തിൽ കാണാം. ഇതിന് മറുപടിയായാണ് ഫറസ്ദഖിന്റെ പ്രസിദ്ധമായ പ്രകീർത്തന കാവ്യം രചിക്കപ്പെട്ടത്.
വ്യക്തിഗത അനുഭവങ്ങളും പൊതു ആചാരങ്ങളും
മൂന്ന് തീർത്ഥാടന പാരമ്പര്യങ്ങളിലും പൊതു ആചാരങ്ങൾ, വ്യക്തിഗത അനുഭവങ്ങൾ എന്ന രണ്ട് ദ്വന്ദ്വം പ്രകടമാണ്. ഹജ്ജ് കൃത്യമായി പൊതു ആചാരങ്ങൾ കേന്ദ്രീകരിക്കുന്നു. ക്രൈസ്തവ ആചാരങ്ങളും സമാനരീതിയാണെങ്കിലും വ്യക്തിഗത പ്രാർത്ഥനകളും ശപഥങ്ങളും ധാരാളമാണ്. ഹൈന്ദവ തീർത്ഥാടനം പൂർണ്ണമായും വ്യക്തിഗത അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. ചില സ്ഥലങ്ങൾ പ്രത്യേക പ്രതിഫലം വാഗ്ദാനം ചെയ്യുന്നു (സമ്പത്തിനായി തിരുപ്പതി, പാപമോചനത്തിന് വാരണാസി). ഇതോടൊപ്പം ആചാര വിദഗ്ദ്ധർ വ്യക്തികളുടെ ആവശ്യങ്ങൾ അനുസരിച്ച് ആചാരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
പരിവർത്തനവും ലിമിനൽ അവസ്ഥയും
തീർത്ഥാടനാനന്തരം തീർത്ഥാടകരുടെ ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾ കൊണ്ടുവരാൻ പുണ്യദേശങ്ങൾക്ക് കഴിയാറുണ്ട്. വിക്ടർ ടർണറുടെ 1970-കളിലെ പഠനങ്ങളിലൂടെ “ലിമിനാലിറ്റി” (Liminality), “കമ്മ്യൂണിറ്റാസ്” (Communitas) തുടങ്ങിയ ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടതോടെയാണ് ഈ മേഖലയിൽ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാവുന്നത്. തീർത്ഥാടകർ താൽക്കാലികമായി സാധാരണ മതപരമായ ഘടനകൾക്ക് പുറത്തുകടക്കുമ്പോൾ രൂപപ്പെടുന്ന അനന്യമായ സാമൂഹിക ബന്ധങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
പ്രധാനമായും ക്രിസ്ത്യൻ തീർത്ഥാടന പഠനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ടർണറുടെ വീക്ഷണപ്രകാരം തീർത്ഥാടകർ ഒരു ലിമിനൽ സ്റ്റേറ്റിൽ പ്രവേശിക്കുന്നുവെന്ന് വാദിക്കുന്നു. അഥവാ ശീലിച്ചുപോരുന്ന സാമൂഹിക നിയമങ്ങളുടെയും ശ്രേണികളുടെയും അതിരുകൾ കടക്കാൻ തീർത്ഥാടകർ പ്രേരിതമാകുന്നു. അവിടെ പരമ്പരാഗത സാമൂഹിക വ്യത്യാസങ്ങളും ശ്രേണികളും ഇല്ലാതാകുന്നു; ഇത് സമത്വ കേന്ദ്രീകൃതമായ ഒരു “ആന്റി-സ്ട്രക്ചർ” (Anti-structure) രൂപപ്പെടുത്താൻ കാരണമാവുന്നു.
ഈ വീക്ഷണം വിശാലമായ കാഴ്ചപ്പാടുകളിലേക്ക് വഴിതെളിക്കുന്നുണ്ടെങ്കിലും, സൈമൺ കോൾമാൻ, ജോൺ ഈഡൻ തുടങ്ങി പിന്നീടുള്ള നരവംശശാസ്ത്രജ്ഞർ ഇതിനെ എതിർക്കുന്നുണ്ട്. തീർത്ഥാടനങ്ങൾ പലപ്പോഴും സാമൂഹിക അധികാരഘടനകളെ ഇല്ലാതാക്കുന്നതിന് പകരം അവ ശക്തിപ്പെടുത്തുകയും ആത്മീയതയോടൊപ്പം രാഷ്ട്രീയ ലക്ഷ്യങ്ങളെക്കൂടി ഇടകലർത്തുകയും ചെയ്യുന്നുവെന്നാണ് അവർ വാദിച്ചത്.
തീർത്ഥാടനം വ്യത്യസ്ത പാരമ്പര്യങ്ങളിൽ ഘടനകളാൽ വ്യത്യാസപ്പെടുമ്പോഴും പൊതുവായ സാമൂഹിക മാനങ്ങൾ അവയ്ക്കുണ്ട്. വിശ്വാസം, അധികാരം, സമൂഹം എന്നിവയിലൂന്നി തീർത്ഥാടന പാരമ്പര്യങ്ങളെ പഠനവിധേയമാക്കുന്നത് ഒരു സാമൂഹിക പരിവർത്തന പ്രക്രിയയായി തീർത്ഥാടനം വർത്തിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു.





