വഖ്ഫിന്റെ സംസ്ഥാപനവും സാമൂഹിക നിർമ്മിതിയും

ഇസ്ലാമിലെ പാരമ്പര്യത്തിലെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയിൽ, വഖ്ഫ് സംവിധാനത്തിന് അസാധാരണമായ പങ്കുണ്ട്. ആധുനിക സാമ്പത്തിക വ്യവസ്ഥകൾ നേരിടുന്ന നിരവധി വെല്ലുവിളികളെ സുസ്ഥിരമായ വികസന ലക്ഷ്യത്തോടെ വഖ്ഫ് സംവിധാനം അഭിമുഖീകരിക്കുന്നുണ്ടെന്നത് വഖ്ഫിന് അസാധാരണമായ പ്രാധാന്യം നൽകുന്നുണ്ട്. കേവലം ഒരു മതാധിഷ്ഠിത സംഭ്രമം എന്നതിലുപരി, സാമുദായിക സേവനങ്ങൾ പ്രതിനിധാനം ചെയ്യുന്നതും, ആത്മീയവും ധാർമ്മികവുമായ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതുമായ ഒരു ഘടകമായി വഖ്ഫിനെ കാണുന്നിടത്താണ് വഖ്ഫ് അതിന്റെ പരിപൂർണ്ണ ലക്ഷ്യം കൈവരിക്കുന്നത്.

വഖ്ഫ് സംവിധാനം കേവലം മതാനുഷ്ഠാനമല്ല, മറിച്ച് സാമൂഹിക നീതിയിലും സമത്വത്തിലും അടിയുറച്ച ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥയാണ് എന്ന തിരിച്ചറിവിന്റെ അഭാവമാണ് സമകാലികമായ ചില തെറ്റിദ്ധാരണകൾക്കും രാഷ്ട്രീയ അജണ്ടകൾക്കും വഴിയൊരുക്കുന്നത്. അതുകൊണ്ട് തന്നെ, ചരിത്രപരമായ അനുഭവങ്ങളിലൂടെ വഖ്ഫിന്റെ സാമൂഹിക പ്രസക്തി മനസ്സിലാക്കപ്പെടൽ അനിവാര്യമാണ്. സാമൂഹിക നീതി, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ നവോത്ഥാന മേഖലകളിൽ വഖ്ഫ് സംവിധാനത്തിന്റെ സാധ്യതകളെ വിശകലനം ചെയ്യുന്നതോടൊപ്പം, ഇതിന്റെ പ്രായോഗികതയെ പരിശോധിക്കുക കൂടിയാണ് പ്രസ്തുത പ്രബന്ധം കൊണ്ട് ലക്ഷ്യമിടുന്നത്.

വഖ്ഫ് എന്ന അറബിപദം ‘നിർത്തിവെക്കുക’ അല്ലെങ്കിൽ ‘നിർദ്ദിഷ്ടമാക്കുക’ എന്നാണ് അർത്ഥമാക്കുന്നത്. അഥവാ ഒരാളുടെ സ്വത്തവകാശം നിശ്ചിതമായ സാമൂഹിക പ്രയോജനത്തിനായി സമർപ്പിക്കുക എന്ന സാരം. ഇസ്ലാമിലെ പാരമ്പര്യത്തിൽ ജാരിയായ സ്വദഖയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നായി നമുക്കിതിനെ കണക്കാക്കാം. പ്രവാചകൻ (സ്വ) യുടെ കാലത്ത് തന്നെ വഖ്ഫ് നിലനിന്നിരുന്നതായി ചരിത്രങ്ങളിൽ കാണാൻ സാധിക്കും. ഖലീഫ ഉമറുബ്നുൽ ഖത്താബ് (റ) ഖൈബറിൽ നിന്നുള്ള ഭൂമി പൊതുക്ഷേമത്തിനായി വഖ്ഫ് ചെയ്തത് ഇസ്ലാമിക ചരിത്രത്തിൽ വലിയ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇസ്ലാമിലെ പാരമ്പര്യത്തിൽ സാമ്പത്തികമായ നിരവധി ധാർമ്മിക മൂല്യങ്ങൾ നിലകൊള്ളുന്നുണ്ടെങ്കിലും വഖ്ഫ് അവകളിൽ നിന്നൊക്കെയും എങ്ങനെ വേറിട്ടു നിൽക്കുന്നു എന്നത് വായിക്കപ്പെടേണ്ടതാണ്. സ്വദഖയും സകാത്തും പ്രവാചക അധ്യാപനത്തിൽ വലിയതോതിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും, ഇസ്ലാമിക ആശയങ്ങളുടെ വളർച്ചക്കും വ്യാപനത്തിനും ഏറെ വഴിത്തിരിവായത് വഖ്ഫ് സ്ഥാപനങ്ങളാണെന്ന് നമുക്ക് മനസ്സിലാക്കാനാവും. ദാനധർമ്മങ്ങളിലൂടെ ആശ്രിതരുടെ പ്രയാസങ്ങൾ നീങ്ങുകയും വ്യക്തിപരമായ അഭിവൃദ്ധി സമൂഹത്തിൽ ആന്തരികമായി ഉണ്ടാവുകയും ചെയ്യുമ്പോൾ, വഖ്ഫ് സങ്കൽപ്പത്തിൽ വഴിയൊരുങ്ങുന്നത് സാമൂഹികമായ വികസനങ്ങൾ കൂടിയാണ്. ഇസ്ലാമിലെ പാരമ്പര്യത്തിൽ, മറ്റേത് മേഖലയേക്കാളും വഖ്ഫിന്റെ സിംഹഭാഗവും വിനിയോഗിക്കപ്പെട്ടത് ഇസ്ലാമിക വിജ്ഞാനീയങ്ങളെ ലോകത്ത് വളർത്തിയെടുക്കുന്നതിലാണ്.

ഇസ്ലാമിന്റെ എന്ന് മാത്രമല്ല, ലോകത്തിന്റെ തന്നെ സുവർണ്ണ കാലഘട്ടമായി വിശേഷിക്കപ്പെടുന്ന അബ്ബാസിഡ ഭരണകാലത്ത്, ബഗ്ദാദ് നഗരം ജ്ഞാനോത്പാദനത്തിന്റെ ഒരു കേന്ദ്രബിന്ദുവായി മാറിയതും, ലോകത്തിന്റെ മുക്കുമൂലകളിൽ നിന്ന് വരെ വിജ്ഞാനകാംക്ഷികൾ മാസങ്ങൾ യാത്ര ചെയ്ത് ഇസ്ലാമിക നഗരങ്ങളെ ആശ്രയിക്കുകയും ചെയ്തത്, അന്ന് ഇസ്ലാമിക സാമ്രാജ്യങ്ങളിൽ വ്യാപകമായി നിലനിന്നിരുന്ന വിജ്ഞാന കേന്ദ്രങ്ങൾ ലോകത്ത് ചെലുത്തിയ അസാധാരണമായ സ്വാധീനം കൊണ്ടായിരുന്നു. ഇസ്ലാമിക തത്വചിന്തകളെ ലോകത്ത് പരമവും സാർവത്രികവുമായി അംഗീകരിക്കപ്പെടുന്ന നിലക്ക് വളർച്ചയുടെ ഔന്നിത്യത്തിലേക്ക് എത്തിക്കാൻ ഇത്തരം വഖ്ഫ് സ്ഥാപനങ്ങൾ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.

ഉന്ദുലുസിലെ ഉമവികൾ മുതൽ തുർക്കിയിലെ ഓട്ടോമൻസ് വരെയുള്ള ഇസ്ലാമിക ഭരണകൂടങ്ങൾ നടത്തിയ വൈജ്ഞാനിക മുന്നേറ്റങ്ങളിൽ സ്ഥാപിതമായ എണ്ണമറ്റ യൂണിവേഴ്സിറ്റികളും ലൈബ്രറികളും ലോകത്തുടനീളം, പ്രത്യേകിച്ചും പാശ്ചാത്യർക്കിടയിൽ, ഇസ്ലാമിന്റെ ആശയധാരയെ വരച്ചുകാട്ടുന്നതിൽ ചുക്കാൻ പിടിച്ചിട്ടുണ്ട്. നിസാമിയ യൂണിവേഴ്സിറ്റി, അൽ അസ്ഹർ യൂണിവേഴ്സിറ്റി എന്നിവ അതിൽ ഇന്നും പ്രോജ്ജ്വലിച്ചു നിൽക്കുന്ന ചില ഉദാഹരണങ്ങൾ മാത്രമാണ്.

ഇത്തരത്തിൽ ലോകജനതയെ വൈജ്ഞാനികമായി പരുവപ്പെടുത്തിയെടുക്കാനും, ഇസ്ലാമിക തത്വങ്ങളെ സാർവ്വലൗകികമായി വ്യാപിപ്പിക്കാനും വഖ്ഫ് സങ്കൽപ്പത്തിന് സാധിച്ചു എന്ന വാസ്തവം, വഖ്ഫ് വിരുദ്ധ പ്രൊപഗണ്ടകൾക്കിടയിലും മുസ്ലിം സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാൽ, ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിന്റെ കാലത്ത് ഭൂനികുതി വ്യവസ്ഥയുടെയും ഭൂമി പരിഷ്കരണങ്ങളുടെയും കടന്നുകയറ്റം ഇന്ത്യ, തുർക്കി പോലെയുള്ള രാജ്യങ്ങളിലെ വഖ്ഫ് സ്ഥാപനങ്ങളുടെ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തി. തന്മൂലം ആധുനിക കാലത്ത്, വഖ്ഫ് സംവിധാനത്തിന്റെ സാമൂഹിക ദൗത്യനിർവഹണം ക്ഷയിക്കുന്നതിലേക്ക് ഇത്തരം മാറ്റങ്ങൾ നയിക്കുകയായിരുന്നു. നിലവിൽ അധിനിവേശ ശക്തികൾ അവസാനിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും, ജനാധിപത്യ ഭരണകൂടങ്ങളുടെ നിയമനിർമ്മാണത്തിലും വഖ്ഫ് സംവിധാനത്തിന് വലിയ തോതിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ട് എന്നതാണ് വാസ്തവം.

വഖ്ഫ് ബോർഡുകളുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെടുകയും കൃത്യമായ മേൽനോട്ടം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാവുന്ന അപകടാവസ്ഥകൾ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പ്രകടമാകുന്നുണ്ട്. വഖ്ഫ് സങ്കൽപ്പത്തെക്കുറിച്ചുള്ള സമഗ്രമായ അറിവിന്റെ അഭാവമാണ് ഇത്തരം പരിണിത ഫലങ്ങൾക്ക് കാരണമാകുന്നത്. വഖ്ഫ് സംവിധാനത്തെ കേവലം മതകീയ ചട്ടക്കൂടിൽ നിർത്തി കുറച്ചുകാണുന്ന പ്രവണത ഉണ്ടാക്കിത്തീർക്കുന്ന പ്രശ്നമായിട്ടും നമുക്കിതിനെ കാണാം.

എന്നാൽ മതാനുഷ്ഠാനത്തിനുമപ്പുറം, സമകാലിക സാമൂഹിക ചുറ്റുപാടിൽ വഖ്ഫ് സംവിധാനം വഹിക്കുന്ന പ്രസക്തി എന്താണെന്ന് നിശ്ചയമായും തിരിച്ചറിയേണ്ടതാണ്. സമകാലിക രംഗത്ത് പല ആധുനിക സാമ്പത്തിക വ്യവസ്ഥകൾക്കും പരിഹരിക്കാൻ പറ്റാത്ത രീതിയിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ നേരിടാൻ വഖ്ഫ് സംവിധാനം പ്രാപ്തമാണ് എന്ന് സമർത്ഥിക്കുക കൂടി ഈ പ്രബന്ധത്തിന്റെ ലക്ഷ്യമാണ്. അതിന്, ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുമായി എത്രത്തോളം സാമ്പ്രദായിക സാമ്പത്തിക വ്യവസ്ഥ (Conventional Economic System) വ്യത്യസ്തപ്പെട്ടു നിൽക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ധാർമ്മികമായ വ്യത്യാസങ്ങളാണ് പ്രഥമഘടകം എന്ന് വേണമെങ്കിൽ പറയാം.

വിപണി അധിഷ്ഠിതവും സംസ്ഥാന അധിഷ്ഠിതവുമായ സാമ്പ്രദായിക വ്യവസ്ഥ, പരമാവധി ലാഭം കൊയ്യുക എന്ന അതിന്റെ പരമമായ ലക്ഷ്യം മുന്നിൽ കാണുന്നു. അതേ സാഹചര്യത്തിൽ, ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം മഖാസിദുശ്ശരീഅ (ഇസ്ലാമിക നിയമത്തിന്റെ ലക്ഷ്യങ്ങൾ) നിറവേറ്റുകയും, വ്യക്തിഗത ലാഭത്തേക്കാൾ സാമുദായിക ക്ഷേമത്തിന് കൂടുതൽ മുൻഗണന നൽകുകയും ചെയ്യുന്നു. ഈ രണ്ടു വ്യവസ്ഥകളും, അതിന്റേതായ ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ ഉണ്ടാക്കിത്തീർക്കുന്ന ഫലങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഈ രീതിയിൽ ഇസ്ലാമിൽ വഖ്ഫ് സങ്കൽപ്പം പ്രാവർത്തികമാകുമ്പോൾ മതപരവും സാമൂഹികപരവുമായ മേഖലകളിൽ ഒരുപോലെ ലക്ഷ്യം കാണാൻ ഈ സംവിധാനത്തിന് സാധിക്കുന്നു.

ഒരു നിലക്ക് ഇസ്ലാമിക നിയമങ്ങളുടെ പരമമായ ലക്ഷ്യങ്ങളെ കരസ്ഥമാക്കുന്ന രീതിയിൽ മഖാസിദുശ്ശരീഅയെ വഖ്ഫ് പ്രായോഗികമായി ഉൾക്കൊള്ളിക്കുമ്പോൾ, മറ്റൊരു നിലക്ക് സാമൂഹിക സുസ്ഥിര വികസനങ്ങളിൽ (Social sustainable development) കൃത്യമായ ഇടപെടൽ നടത്തിക്കൊണ്ടുള്ള ഒരു സോഷ്യോ-റിലീജിയസ് ധർമ്മമായി വഖ്ഫ് മാറുകയാണ് ചെയ്യുന്നത്. ഇസ്ലാമിലെ ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായി, സാമൂഹിക പ്രതിബദ്ധത ഉൾക്കൊള്ളുന്ന രീതിയിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ രൂപം കൊള്ളുന്നതിൽ വഖ്ഫ് സിദ്ധാന്തങ്ങൾക്ക് സുപ്രധാനമായ സ്ഥാനമുണ്ടെന്ന് നമുക്കിതിൽ നിന്നും മനസ്സിലാക്കാം. മഖാസിദുശ്ശരീഅക്കും സുസ്ഥിര സാമൂഹിക വികസനങ്ങൾക്ക് (SDG), ആത്മീയവും സാമൂഹികവുമെന്ന വ്യത്യസ്ത വീക്ഷണകോണുകളിലൂടെ വഖ്ഫ് നൽകുന്ന സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.

വൈജ്ഞാനിക പ്രേരണയെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചല്ലോ. മുസ്ലിം സമൂഹത്തിന്റെ ആത്മീയ വളർച്ചയിലും തനതായ രീതിയിൽ വഖ്ഫിന്റെ സ്വാധീനം കാണാൻ സാധിക്കും. തന്റെ സമ്പത്തിനെ അനന്തമായ കാലത്തേക്ക് ദീനിന് സമർപ്പിക്കുന്നത് മൂലം ജനങ്ങൾക്ക് ആരാധനയ്ക്കുള്ള വഴിയൊരുക്കുന്നു എന്നതിനേക്കാളേറെ പ്രേരകമാകുന്നത് ‘സ്വദഖ ജാരിയ’ എന്ന ഇസ്ലാമിലെ അതിമനോഹരമായ സങ്കൽപ്പമാണ്. അതിനവൻ നൽകിയ ആത്മീയ നിർവൃതിയാണ്.

പൊതുസമൂഹത്തിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി തന്റെ മുതൽകൂട്ടിൽ നിന്നും അല്പം മാറ്റിവെക്കുമ്പോൾ, അന്ത്യനാൾ വരെയുള്ള അതിന്റെ ഉപയോഗത്തിൽ അവന് വലിയൊരു വിഹിതം ലഭിക്കുന്നുവെന്നതിൽ അവൻ അടിയുറച്ച് വിശ്വസിക്കുന്നു. ആ സ്ഥാപനം ഇനിയൊരു പള്ളിയാണെങ്കിൽ, അവിടെ ദീൻ നിലനിർത്തുന്നുവെന്നതിന് ഒരു പ്രധാന ഹേതു ആവുന്നതിൽ അവൻ അത്യധികം ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ, മഖാസിദുശ്ശരീഅയിലെ ‘ഹിഫ്ളുദ്ദീൻ’ (മതത്തെ സംരക്ഷിക്കൽ) എന്ന ആദ്യ ഘടകം ഇവിടെ വഖ്ഫിലൂടെ സാധ്യമാവുകയാണ് ചെയ്യുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ, ഇസ്ലാമിക വിജ്ഞാന പാരമ്പര്യത്തിൽ വഖ്ഫ് സങ്കൽപ്പം മുഖ്യ പങ്ക് വഹിക്കുന്നതോടെ ‘ഹിഫ്ളുൽ അഖ്ലും’ (ബുദ്ധിയെ സംരക്ഷിക്കൽ) മുസ്ലിം സമൂഹത്തിൽ സ്ഥിരപ്പെടുന്നുണ്ട്. ഈ തരത്തിൽ, സമൂഹത്തിൽ ചികിത്സാ കേന്ദ്രങ്ങളും, സമൂഹവിവാഹവും, ചാരിറ്റി പ്രവർത്തനങ്ങളും സമുദായത്തിന് വേണ്ടി വഖ്ഫ് ചെയ്ത മുതൽകൂട്ടിൽ നിന്നാവുമ്പോൾ ഹിഫ്ളുന്നഫ്സ്, ഹിഫ്ളുന്നസബ്, ഹിഫ്ളുൽ മാൽ തുടങ്ങിയ മഖാസിദുശ്ശരീഅയുടെ പ്രധാന ഘടകങ്ങൾ ലക്ഷ്യസാക്ഷാത്കരിക്കപ്പെടുന്നു.

ഈ രീതിയിൽ മതകീയമായ വീക്ഷണകോണിലൂടെ നാമതിനെ കാണുന്നതോടൊപ്പം തന്നെ, സാമൂഹികമായ കാഴ്ചപ്പാടും വഖ്ഫ് വെച്ചുപുലർത്തുന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. വഖ്ഫ് സംവിധാനത്തിന്റെ പരമമായ ഉദ്ദേശ്യലക്ഷ്യം ഇതാണെങ്കിലും, ആധുനിക കാലത്ത് അതിന്റെ വിനിയോഗം പൂർണ്ണമായ രീതിയിൽ നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യൻ സാഹചര്യത്തിൽ നോക്കുകയാണെങ്കിൽ, പ്രത്യേകിച്ചും കേരളത്തിൽ, വഖ്ഫ് സംവിധാനം അതിന്റെ പ്രായോഗിക സാധ്യതകൾക്കായി ഇനിയും വിനിയോഗിക്കപ്പെട്ടിട്ടില്ല എന്ന് കാണാൻ സാധിക്കും. വഖ്ഫ് പരിപാലനത്തിൽ കലർന്നിട്ടുള്ള അപര്യാപ്തമായ രാഷ്ട്രീയ ഇടപെടലുകളാണ് ഇതിന് കാരണം. കൊളോണിയൽ കാലഘട്ടത്തിൽ പാശ്ചാത്യ അധിനിവേശ രാജ്യങ്ങൾ, സാമൂഹ്യ ഭിന്നത ലക്ഷ്യമിട്ട് വഖ്ഫിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മുതലാണ് വഖ്ഫ് അതിന്റെ പല സാധ്യതകളെയും ലക്ഷ്യം കാണാതെപോയത്. ഇസ്ലാമിക സാമ്രാജ്യങ്ങളിൽ വഖ്ഫ് പരിപാലനത്തിനായി നിയമിക്കപ്പെട്ട ‘മുതവല്ലി’ എന്ന ദൗത്യം, സമകാലിക വഖ്ഫ് സമ്പ്രദായത്തിൽ എത്രത്തോളം കൃത്യതയോടെ നിർവഹിക്കപ്പെടുന്നു എന്ന് ചോദിക്കപ്പെടേണ്ട സമയമാണിത്.

കേരളീയ സാഹചര്യത്തിൽ, വഖ്ഫ് സമ്പ്രദായം സമൂഹത്തിന് നൽകുന്ന സംഭാവനകൾ കേവലം പള്ളികളിലും മദ്രസകളിലും മാത്രമായി ചുരുങ്ങുന്ന സാഹചര്യമാണുള്ളത്. ഈയൊരു അതിർവരമ്പിനുമപ്പുറം വഖ്ഫ് സൃഷ്ടിക്കുന്ന വിശാലമായ സാമൂഹിക വികസന സാധ്യതകളെ സംബന്ധിച്ച് സമകാലിക കേരളീയ വഖ്ഫ് സംവിധാനം അന്ധതയിലായിക്കൊണ്ടിരിക്കുകയാണ്. വഖ്ഫ് സംഘാടക ദൗത്യത്തിൽ മതസംഘടനകളും രാഷ്ട്രീയ സംഘടനകളും തമ്മിലുള്ള സംഘർഷാവസ്ഥ ഇതിനൊരു കാരണംണെന്ന് മനസ്സിലാക്കാം. മനുഷ്യന്റെ വിദ്യാഭ്യാസം, ആരോഗ്യം, വിവാഹം, ആത്മീയത തുടങ്ങി സകല ജീവിതഘട്ടങ്ങളിലും വഖ്ഫ് ആശ്രയിക്കപ്പെടുന്ന സാഹചര്യത്തിൽ നിന്നും എങ്ങനെ സമൂഹം ഈയൊരു സാഹചര്യത്തിലേക്ക് എത്തി എന്നത് വിശകലനം ചെയ്യപ്പെടേണ്ട ഒരു ചോദ്യമാണ്.

വഖ്ഫ് എന്നൊരു സാമൂഹിക ഉത്തരവാദിത്വത്തെ, അതിന്റെ പ്രാധാന്യത്തോടെ ഉൾക്കൊള്ളാൻ സാധിക്കാത്തവരുടെ അധികാരപരിധിയിൽ ഈ സംവിധാനം നിലനിൽക്കുമ്പോഴുണ്ടാകുന്ന അപര്യാപ്തതയാണ് നമ്മുടെ രാജ്യത്ത് ഇന്ന് കണ്ടുവരുന്നത്. ഭിന്നിപ്പ് മാത്രം ലക്ഷ്യമിട്ട് വന്ന ബ്രിട്ടീഷ് അധിനിവേശ ശക്തിയുടെ പ്രൊപ്പഗണ്ടയുടെ ഫലമെന്നോണം, മറ്റു മതസംവിധാനങ്ങളെയും പോലെ തന്നെ വഖ്ഫും അപര്യാപ്തരായവരുടെ ചുമതലയിലാവുകയും തുടർന്നുള്ള കാലങ്ങളിൽ അധഃപതനത്തിന്റെ ഘട്ടങ്ങളിലേക്ക് മാറുകയും ചെയ്തു. സുസ്ഥിരമായ സാമൂഹിക വികസനത്തിൽ അന്ന് വരെ അസാമാന്യമായ ഇടപെടലുകൾ നടത്തിയിരുന്ന വഖ്ഫ് ബോർഡ്, പിന്നീടുള്ള കാലഘട്ടങ്ങളിൽ നിയമചട്ടങ്ങൾക്ക് കീഴിൽ വരികയും, അനേകം തവണ അതിന്റെ നിർവ്വഹണ വ്യവസ്ഥയിൽ ഭേദഗതി ഉണ്ടാവുകയും ചെയ്തപ്പോൾ വഖ്ഫ് സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള ശോഭ മങ്ങാൻ തുടങ്ങി.

സ്വതന്ത്രാനന്തര ഇന്ത്യയിൽ അഞ്ചു തവണയാണ് വഖ്ഫ് സംവിധാനം ഭേദഗതിക്ക് വിധേയമായത്. നിലവിൽ ഇന്നും ബില്യണിലധികം രൂപ മൂല്യം വരുന്ന വഖ്ഫ് സ്വത്തുക്കളാണ് ഇന്ത്യയിലുള്ളത്. കൃത്യമായ ഭരണാധിപത്യമുണ്ടായിരുന്നെങ്കിൽ പ്രതിവർഷം 1.630 ബില്യൺ രൂപ ലഭിക്കുന്ന സാഹചര്യത്തിൽ നിന്നും, വർഷാവർഷം 1200 ബില്യൺ രൂപ വരുമാനം ലഭിക്കുന്ന അതിവിപുലമായ ഒരു സംവിധാനമായി വഖ്ഫ് ഇന്ന് മാറുമായിരുന്നുവെന്ന് 2006 ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കാം.

വഖ്ഫ് സംവിധാനം അതിന്റെ അടിസ്ഥാന വ്യവസ്ഥയിൽ വിനിയോഗിക്കപ്പെടുകയാണെങ്കിൽ, സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പല സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്ന സാഹചര്യമുണ്ടാകും എന്നത് ഒരു വാസ്തവമാണ്. സമകാലിക രംഗത്ത് സാമൂഹിക ലക്ഷ്യങ്ങൾ കൈവരിക്കാൻ വേണ്ടി വിപണി അധിഷ്ഠിത സംവിധാനങ്ങൾ പ്രയോഗിക്കുന്ന അതേ സാമൂഹിക സംരംഭങ്ങൾ തന്നെയാണ് മതകീയ ചട്ടക്കൂടിൽ നിന്നും ഉടലെടുത്ത വഖ്ഫും നടപ്പിലാക്കുന്നത്. ലാഭേച്ഛയില്ലാതെ, സാമൂഹിക സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന വഖ്ഫ് വ്യവസ്ഥ, ലോകത്ത് വളർച്ച നിലനിർത്തുകയും ദയാപരമായ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നു. മഖാസിദുശ്ശരീഅയും മുൻഗണനാ തത്വങ്ങളും അടിസ്ഥാനമാക്കിയുള്ള ശരിയായ നടത്തിപ്പിലൂടെ, വഖ്ഫിന് മാതൃകാപരമായ സാമൂഹികക്ഷേമ സേവനങ്ങൾ നൽകുന്നതിൽ അതിന്റെ ചരിത്രപരമായ പങ്ക് വീണ്ടെടുക്കാൻ കഴിയും

Related Posts

നിറങ്ങളുടെ തത്വശാസ്ത്രം; മനുഷ്യാനുഭവങ്ങളും അഭൗതികതയും

ദൃശ്യ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ വർണ്ണാഭമായ ചുറ്റുപാടുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുമ്പോൾ അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആകാശത്തിന്റെ നീല മുതൽ തീജ്വാലയുടെ ചുവപ്പ് വരെ, നിറം യഥാർത്ഥമായി അനുഭവപ്പെടുന്നു. എന്നാൽ, വ്യാപകമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, നിറത്തിന്റെ യഥാർത്ഥ സ്വഭാവം ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഒരുപോലെ ആകർഷിക്കുന്ന രഹസ്യമായി ഇന്നും തുടരുന്നു.

Read More »

ഫലസ്തീനീ പോരാട്ടവും പ്രവാചക പാതയും

അതിഭീകരമായ വംശോന്മൂലന പ്രക്രിയയാണ് ഫലസ്തീനിൽ നടപ്പാക്കുന്നത്. ആശുപത്രികൾ, വീടുകൾ, വിദ്യാലയങ്ങളുമൊക്കെയും നിലംപതിച്ചു. വൃദ്ധരെന്നോ, യുവാക്കളെന്നോ, സ്ത്രീകളെന്നോ നോക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാമാവശേഷമാക്കപ്പെട്ടു. ഒപ്പം ഈ മനുഷ്യക്കുരുതിയെ ചെറുത്തുനിൽക്കേണ്ട ആഗോള നിയമസംവിധാനങ്ങളും നിരർത്ഥകമായി മാറിക്കഴിഞ്ഞു. ഒരു മുസ്ലിം ജനത പൂർണ്ണമായും വംശോന്മൂലനത്തിനരികെ സംഘർഷത്തിലായിരിക്കെ, ഇടപെടാനുള്ള മുസ്ലിം-അറബ് രാജ്യങ്ങളുടെ സന്നദ്ധതയും ഇവിടെ അളക്കപ്പെടുകയാണ്; ശുദ്ധ ശൂന്യതയാണ് ഇതുവരെയുള്ള ഫലം.

Read More »

സൗന്ദര്യ സങ്കൽപങ്ങളുടെ പരിണാമ ദിശകൾ

സൗന്ദര്യശാസ്ത്രത്തിന്റെ ഗ്രീക്ക് ഫിലോസഫിയിൽ പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്വചിന്തകർ സൗന്ദര്യത്തെ പരിചയപ്പെടുത്തുന്നത് യുക്തിപരമായി ഉരുതിരിഞ്ഞ് വരുന്നതെന്നാണ്. തന്മൂലം, ഇതിനെ സൗന്ദര്യ നിർണ്ണയത്തിലെ റാഷണലിസം എന്ന് വിളിക്കുകയാണ് പ്ലേറ്റോയും അരിസ്റ്റോട്ടിലും. ഈ ചിന്താഗതിയിൽ സൗന്ദര്യത്തെ തികച്ചും വസ്തുനിഷ്ഠമായ ഒരു ഘടകമായി പരിചയപ്പെടുത്തുന്നത് കാണാൻ സാധിക്കും.

Read More »

ഇസ്ലാമും വംശവെറിയും; ഓറിയന്റൽ വായനകളുടെ വികലത

ധാർമ്മിക മൂല്യങ്ങളെയും നീതി വിഷയകമായ കൽപ്പനകളെയും വകവെക്കാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന മനുഷ്യസമൂഹത്തിനിടയിൽ, മതം തൊട്ടുണർത്തിയ നൈതിക ചിന്താവ്യവസ്ഥകൾ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതൊന്നുമല്ല. മതങ്ങൾക്കിടയിലെ ധാർമ്മിക ആശയങ്ങൾ വ്യത്യാസമുണ്ടായിരുന്നെങ്കിലും മതങ്ങൾ അവലംബിക്കുന്ന പ്രാഥമിക ഗ്രന്ഥങ്ങളെന്നും ധാർമ്മിക ചെയ്തികളെയും പ്രത്യയശാസ്ത്രങ്ങളെയുമായിരുന്നു അനുകൂലിച്ചിരുന്നത്. ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളിൽ വർഗ്ഗ-വർണ്ണ വിദ്വേഷങ്ങൾ ഉണ്ടായിരിക്കാൻ സാധ്യത കാണുന്നില്ല.

Read More »

മുംബൈയിലെ നഗര ജീവിതവും ഇന്ദ്രിയ രാഷ്ട്രീയവും

ഗന്ധം, ശബ്ദം, കാഴ്ച എന്നിവയെ വിലയിരുത്തുകയും നഗരത്തിലെ വ്യത്യാസങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന രീതി, ആളുകൾ സ്വയം അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ച് പറയുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. പകരം ഇത് ലോകത്തെ അമൂർത്തമായ രൂപത്തിലൂടെ മനസ്സിലാക്കാനുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. രാഷ്ട്രീയപരമായ അവകാശവാദങ്ങളിലും ദൈനംദിന ജീവിതത്തിലും ഒരാൾ എങ്ങനെ ഇന്ദ്രിയങ്ങളോട് പ്രതികരിക്കുന്നു എന്നത്, എന്താണ് ഒരു ധാർമ്മിക വിഷയമായി (ethical subject) ഉൾപ്പെടുത്തപ്പെടുന്നത്, എന്താണ് ഉൾപ്പെടാത്തത് എന്നിവയുടെ പരിമിതികളെയും അതിരുകളെയും കുറിച്ച് സൂചിപ്പിക്കുന്നു

Read More »

മുഹമ്മദ്(സ്വ); അനശ്വരമാണ് അവിടുത്തെ മാർഗദർശനം

യൂറോപ്പിലും അമേരിക്കയിലും ഉള്ള മുസ്ലിം ഇതര സമുദായം ഇസ്ലാമിനെ മനസ്സിലാക്കുന്നിടത്തും ഇസ്ലാമിനെ ഒരു ആന്റി കൊളോണിയൽ സ്വത്വമായി പരിഷ്കൃത മുസ്ലിം ചിന്തകർ സ്ഥാപിക്കുന്നിടത്തും മുഹമ്മദിനെ (സ്വ) കേവലം ഒരു ചരിത്ര പുരുഷൻ ആയി കാണേണ്ടിവരുന്ന മാനുഷിക പ്രതിഭാസത്തിനും അപ്പുറം പ്രവാചകൻ കൈവരിക്കുന്ന അസാധാരണവും അതിഭൗതികവുമായ പദവിയെ തൊട്ട് സ്വയം അജ്ഞരാവുകയാണ് അക്ഷരാർത്ഥത്തിൽ മുസ്ലിം റിഫോമിസ്റ്റ് ചിന്തകർ. മധ്യകാലത്തെ ക്രൈസ്തവർ ചെയ്തുവെച്ച ഇസ്ലാം വിരുദ്ധതയിലും, മുഹമ്മദ് മോശമായാണെങ്കിലും കേവലം ഒരു രാഷ്ട്രീയ നേതാവായാണോ അവരുടെ എതിർപ്പുകളിൽ സ്ഥാനം കൊണ്ടത്.

Read More »