അറക്കൽ രാജവംശം; ഉൽഭവവും ഹജ്ജ് യാത്രകളും

ഇബ്രാഹീമിയ്യ ത്യാഗത്തിന്റെ സ്മരണാർത്ഥം, വർഷാവർഷം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പരിശുദ്ധ കഅബയെ ലക്ഷ്യം വെച്ച് ലക്ഷക്കണക്കിന് മുസ്ലിംകളാണ് പരിശുദ്ധ തീർത്ഥാടനത്തിന് തയ്യാറാവുന്നത്. ആധുനിക ലോകത്തിന്റെ സൗകര്യങ്ങൾ ആശ്രയിച്ച് യാത്ര ചെയ്യുന്നവരാണ് ബഹുപൂരിപക്ഷവും. അപ്രകാരമുള്ള യാത്രകളെ വിമർശിക്കുകയല്ല, മറിച്ച് ഇതിനൊക്കെ മുമ്പ് എൻജിൻ കപ്പലുകളിലും അതിനു മുമ്പ് പായക്കപ്പലുകളിലും പരിശുദ്ധ തീർത്ഥാടനത്തിന് യാത്ര തിരിച്ച നമ്മുടെ മുൻഗാമികളുടെ ത്യാഗത്തെ നമ്മുടെ അളവുകോലിൽ വെച്ച് അളക്കുന്നത് അപൂർണ്ണമാണെന്ന് ഉണർത്തുന്നു.

“കൈരളീയ ഹജ്ജ്” എന്ന് പറയുമ്പോൾ അറക്കൽ രാജവംശത്തെ അടിത്തറയായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കേരളത്തിൽ സ്ഥാപിതമായ ഏക മുസ്ലിം രാജവംശമാണ് അറക്കൽ. ആയിരം വർഷത്തിലധികം വടക്കൻ മലബാറിലെ കണ്ണൂർ, ധർമ്മടം, മാടായി പ്രദേശങ്ങൾ അറക്കൽ ഭരണത്തിന്റെ കീഴിലായിരുന്നു. ഏകദേശം 500 വർഷത്തോളം ലക്ഷദ്വീപിന്റെ ഭരണവും അറക്കലാണ് കൈകാര്യം ചെയ്തത്. സമുദ്ര വ്യാപാരവും പായക്കപ്പൽ യാത്രകളും ഹജ്ജ് തീർത്ഥാടനവും അറക്കലിന്റെ മുഖമുദ്രയാണ്.

കേരളത്തിലെ നാട്ടുരാജാക്കന്മാർക്ക് സമുദ്ര യാത്രകൾ നിഷിദ്ധമായിരുന്നു, കടൽ കടന്നവന് ഭ്രഷ്ട് കൽപ്പിക്കപ്പെടും. കേരളത്തിൽ മാത്രം ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ തേടി അറബ് വ്യാപാരികൾ മലബാർ മേഖലയിലെ തുറമുഖങ്ങളിലേക്ക് പായക്കപ്പലിൽ എത്തുകയും നാട്ടുരാജാക്കന്മാരുമായി വ്യാപാരത്തിൽ ഏർപ്പെടുകയുമായിരുന്നു പതിവ്. ധർമ്മപട്ടണത്തെ കിരീടാവകാശി മഹാബലി, അമ്മാവൻ പെരുമാളിനൊപ്പം മക്കയിലേക്ക് യാത്ര പോവുകയും ഇസ്ലാം മതം സ്വീകരിക്കുകയും സൈഫുദ്ദീൻ മുഹമ്മദലി എന്ന് നാമകരണം ചെയ്ത ശേഷം തിരിച്ച് ധർമ്മപട്ടണത്തെത്തി ഭരണം ഏറ്റെടുക്കുകയും ചെയ്തു. അറബ് നാടുമായുള്ള ബന്ധവും കപ്പൽ യാത്രാനുഭവങ്ങളും സൈഫുദ്ദീൻ മുഹമ്മദലിയെ മികച്ച സമുദ്ര വ്യാപാരിയും സമ്പന്നമായ രാജ്യത്തിന്റെ അധിപതിയുമാക്കി മാറ്റി. സത്യസന്ധതയും നീതിയുമുള്ള ഭരണകർത്താവിന്റെ വിശ്വാസത്തിലേക്ക് ജനങ്ങൾ കൂട്ടത്തോടെ കടന്നുവന്നു.

ബദർ യുദ്ധത്തോടെ മക്കയിൽ മുസ്ലിംകളുടെ ശക്തി വർദ്ധിച്ചു. മക്കയിൽ ഇസ്ലാമിക ആധിപത്യം വന്നതിന് ശേഷം സൈഫുദ്ദീൻ മുഹമ്മദലിയും മാലികുബ്നു ദീനാറും വീണ്ടും മക്കയിലേക്ക് പോവുകയും നബിയെ സന്ദർശിക്കുകയും ചെയ്തു. ഈ സന്ദർശനത്തിന് ശേഷമാണ് മാടായിയിൽ പള്ളി പണിതത്. “മക്കത്തെ പള്ളി പോലൊരു പള്ളി മാടായിലെ പള്ളി” എന്ന ചൊല്ല് മാടായി പ്രദേശങ്ങളിൽ വളരെ പ്രശസ്തമാണ്. ധർമ്മപട്ടണത്തിൽ നിന്നും കൊട്ടാരം കണ്ണൂർ തുറമുഖ പരിസരത്തേക്ക് മാറ്റി. കടലിന്റെ പര്യായമായി “ആറ്” എന്ന് പഴയകാലത്ത് ഉപയോഗിച്ചിരുന്നു. അറബി ഭാഷയിലെ ‘ബഹ്‌റ്’ എന്ന പദത്തിൽ നിന്നും ലോപിച്ചതാവാം. ആറിന്റെ കരയിലുള്ളവരുടെ കൊട്ടാരത്തെയും വംശത്തെയും ആറക്കൽ എന്നും പിന്നീട് അറക്കൽ എന്നുമാക്കി മാറിയതാവാം. ഇതിനെ സാധൂകരിക്കുന്നതാണ് ചിറക്കുളത്തിന്റെ കരയിലുള്ള കൊട്ടാരത്തെയും വംശത്തെയും ചിറക്കൽ എന്ന് വിളിക്കുന്നത്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമാണ് അറക്കലിൽ നിന്നുള്ള ഹജ്ജ് കപ്പലുകൾക്ക്. വർഷാവർഷങ്ങളിൽ വിശ്വാസ സമൂഹവുമായി അറക്കലിൽ നിന്നും കപ്പലുകൾ മക്കയിലേക്ക് പുറപ്പെട്ടിരുന്നു. പറങ്കികളുടെ കടൽ കൊള്ളയും ആക്രമണവും ശക്തിപ്പെട്ട സമയങ്ങളിൽ മാത്രമാണ് ഹജ്ജ് കപ്പലുകളുടെ യാത്ര മുടങ്ങിയത്. അതിന് ഉദാഹരണമാണ് 1502-ലെ “മിരി” കപ്പൽ കൂട്ടക്കൊല. 1502 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ, വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് നാവികസേന കണ്ണൂർ തീരത്ത് നടത്തിയത്, ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കടൽ ആക്രമണങ്ങളിലൊന്നാണ്. മക്കയിൽ നിന്ന് ഹജ്ജ് തീർത്ഥാടനം കഴിഞ്ഞതിനു ശേഷം തിരിച്ചെത്തുകയായിരുന്ന “മിരി” എന്ന മുസ്ലിം കപ്പലിനെയാണ് ആക്രമിച്ചത്. ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ 1583-ലെ കൃതിയായ ‘തുഹ്ഫതുൽ മുജാഹിദീൻ’-ൽ ഇതേക്കുറിച്ച് വിവരിക്കുന്നുണ്ട്. ജൗഹർ അൽ-ഫാഖിഹിന്റെ നേതൃത്വത്തിൽ കോഴിക്കോട് സ്വദേശികളായ 300-ലധികം തീർത്ഥാടകർ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ, ഈ കപ്പലിൽ യാത്ര ചെയ്തു. കപ്പൽ കുടുക്കിയ പോർച്ചുഗീസുകാർ, മോചനദ്രവ്യമായി വാഗ്ദാനങ്ങൾ ലഭിച്ചിട്ടും അവ നിരസിച്ചു; സ്വർണ്ണവും ചരക്കുകളും കവർന്നെടുത്തു. പിന്നീട് കപ്പലിന് തീകൊളുത്തി നശിപ്പിക്കുകയും തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരെ വെടിവെച്ചു കൊല്ലുകയും ചെയ്തു. കുട്ടികളെ മാത്രം ജീവനോടെ ലിസ്ബണിലേക്ക് കൊണ്ടുപോയി ക്രിസ്ത്യാനികളായി വളർത്തുകയുണ്ടായി. ഗാമ ഈ ക്രൂരത 1500-ലെ കോഴിക്കോട്ടെ കലാപത്തിന് പ്രതികാരമായി ന്യായീകരിച്ചെങ്കിലും, ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഈ സംഭവത്തെ മുസ്ലിംകൾക്കെതിരെയുള്ള മതാധിഷ്ഠിത ശത്രുതയുടെ ഭാഗമെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്.

ആദ്യകാലങ്ങളിൽ വലിയ പായക്കപ്പലുകൾ ഇതിനായി ഉപയോഗപ്പെടുത്തി. എ.ഡി. 6-ാം നൂറ്റാണ്ടിൽ അറക്കൽ രാജാവ് സൈഫുദ്ദീൻ മുഹമ്മദലി തുടങ്ങിവെച്ച ഹജ്ജ് കപ്പലുകൾ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ വിസ്മൃതിയിലാവുകയായിരുന്നു. ആദ്യകാലത്ത് പായക്കപ്പലുകളും പിന്നീട് ആവി എൻജിൻ ഉപയോഗിച്ചുള്ള വലിയ കപ്പലുകളും അറക്കലിൽ നിന്നും ഹജ്ജ് യാത്ര നടത്തി.

സയ്യിദ് ഉബൈദുള്ള തങ്ങളുടെ സന്താനപരമ്പരയിൽപ്പെട്ട അബ്ദുൽ റസാഖ് തങ്ങൾ 1780-ൽ ലക്ഷദ്വീപിൽ നിന്നും മതപഠനത്തിനായി കണ്ണൂരിൽ എത്തുകയും സയ്യിദ് മുഹമ്മദ് മൗല തങ്ങളുടെ ശിഷ്യത്വം സ്വീകരിക്കുകയും, 10 വർഷത്തോളം മൗല തങ്ങളുടെ കീഴിൽ പഠനം നടത്തുകയും ചെയ്തു. ശേഷം ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളുമായി നേരത്തെ വടക്കൻ മലബാറിൽ എത്തിയ ഉപ്പാപ്പ ഫക്രുദ്ദീൻ തങ്ങളുടെ താമസസ്ഥലമായ തൃക്കരിപ്പൂരിലെ ബീരിച്ചേരിയിലേക്ക് താമസം മാറി. ‘ഖാസിയാരാകത്ത്’ എന്ന പേരിലായിരുന്നു ഫക്രുദ്ദീൻ തങ്ങളുടെ കുടുംബം അറിയപ്പെട്ടത്. എ.ഡി. 1293-ൽ നിർമ്മിക്കപ്പെട്ട ബീരിച്ചേരി പള്ളിയുടെ കാർമികത്വം ഫക്രുദ്ദീൻ തങ്ങളുടെ കുടുംബത്തിനായിരുന്നു. ടിപ്പു സുൽത്താന്റെ ബീരിച്ചേരി പള്ളി സന്ദർശനം തങ്ങളുടെ കാലത്തായിരുന്നു.

1810-ൽ അറക്കലിൽ നിന്നുള്ള ലക്ഷദ്വീപ് പ്രതിനിധിയായി അബ്ദുൽ റസാഖ് തങ്ങൾ നിയമിക്കപ്പെട്ടു. എ.ഡി. 1825-ൽ അറക്കലിൽ നിന്നുള്ള ഹജ്ജ് സംഘത്തിൽ അബ്ദുൽ റസാഖ് തങ്ങളും യാത്ര തിരിച്ചു. റബീഉൽ അവ്വൽ മാസത്തിലാണ് കപ്പൽ അറക്കലിൽ നിന്നും യാത്ര പുറപ്പെട്ടത്. ദിവസങ്ങളോളം നീണ്ട യാത്രയിൽ കപ്പൽ ബോംബെ തുറമുഖത്ത് എത്തി. ഹജ്ജ് കപ്പലുകൾക്ക് വലിയ സ്വീകരണം നൽകൽ അന്നത്തെ ഒരു രീതിയായിരുന്നു. ബോംബെയിൽ ഇറങ്ങുമ്പോൾ മക്കത്ത് എത്തിയ പ്രതീതിയാണ് ഹജ്ജ് ചെയ്യാൻ പോവുന്ന തീർത്ഥാടകർക്ക് ലഭിക്കുക. ഇന്ത്യയിലെ മുഴുവൻ ഹജ്ജ് യാത്രികരും മക്കയിലേക്ക് പോകാനായി ആദ്യമായി കപ്പൽ കയറുന്നത് ബോംബെയിലേക്കാണ്, അവിടുന്ന് പിന്നീടാണ് ജിദ്ദയിലേക്കും മക്കയിലേക്കും യാത്ര തിരിക്കുന്നത്. തീർത്ഥാടകരാൽ നിറഞ്ഞ ബോംബെ ഒരു ഹജ്ജിന്റെ ആദ്യമുഖമായി നമുക്ക് മനസ്സിലാക്കാം. ഹജ്ജ് യാത്രക്കാർ ദിവസങ്ങളോളം ബോംബെയിൽ താമസിക്കും.

ഹജ്ജ് യാത്രികരും പ്രദേശത്തെ പൗരപ്രമാണിമാരും കൂടി മൗലീദ് സദസ്സുകൾ സംഘടിപ്പിക്കുമായിരുന്നു. ഒരിക്കൽ അങ്ങനെയൊരു മൗലീദ് സദസ്സിന് നേതൃത്വം നൽകിയ ആൾക്ക് ചൊല്ലുന്ന ബൈത്തിൽ പിഴവുകൾ സംഭവിച്ചു. ആ പിഴവ് തങ്ങൾ ഉണർത്തുകയും ആരെയും ആകർഷിക്കുമാറ് മനോഹര ശബ്ദത്തിൽ തങ്ങൾ ബൈത്ത് പൂർത്തീകരിക്കുകയും ചെയ്തു. ഈ സദസ്സിൽ ഉണ്ടായിരുന്ന അന്നത്തെ വലിയ ധനികനായ മസ്താൻ തങ്ങൾ, അബ്ദുൽ റസാഖ് തങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു വിഭവസമൃദ്ധമായ ഭക്ഷണം നൽകി. ശേഷം തന്റെ കുടുംബം അനുഭവിക്കുന്ന ഒരു പ്രയാസം മസ്താൻ തങ്ങൾ ഉണർത്തി; കുടുംബാംഗങ്ങളിൽ ഒരാൾക്ക് അസഹ്യമായ വേദനയുള്ള കുരു ഉണ്ടെന്നും ഒരു ചികിത്സയും ഫലം ചെയ്തില്ല എന്നും പറഞ്ഞു. ഇതുകേട്ട ശേഷം തങ്ങൾ മന്ത്രിക്കുകയും തൽക്ഷണം ആ കുരു പൊട്ടിപ്പോവുകയും അവർ സുഖം പ്രാപിക്കുകയും ചെയ്തു. ഈ ചികിത്സ പാരമ്പര്യമായി ഇജാസത്തോടെ തങ്ങളുടെ കുടുംബത്തിൽ കൈമാറി വന്നിട്ടുണ്ട്.

ധനികനായ മസ്താൻ തങ്ങൾ രണ്ടു കിഴി സ്വർണ്ണ നാണയങ്ങൾ തങ്ങൾക്ക് സമ്മാനമായി നൽകി. ദിവസങ്ങൾ ബോംബെയിൽ തങ്ങിയ ഹജ്ജ് കപ്പൽ മക്കയിലേക്ക് പുറപ്പെട്ടു. ഹജ്ജ് നിർവ്വഹണത്തിനു ശേഷം തിരിച്ചെത്തിയ തങ്ങൾ ഒരു കിഴിയിൽ നിന്നുള്ള അൽപഭാഗം മാത്രമാണ് ഉപയോഗിച്ചിരുന്നത്. എ.ഡി. 1830-ൽ ബാക്കിയുള്ള പണം ഉപയോഗിച്ച് തങ്ങൾ വൾവക്കാട് പള്ളി പണിതു. വൾവക്കാട് പള്ളിയുടെ തെക്കുഭാഗത്ത് പള്ളിക്കകത്താണ് തങ്ങളുടെ ഖബർ സ്ഥിതിചെയ്യുന്നത് (പള്ളിയുടെ പുനർനിർമ്മാണത്തിൽ അത് അകത്തായതാണ്). പിന്നീട് മകൻ ആമദ് മുസ്ലിയാർ എ.ഡി. 1870-ൽ തൃക്കരിപ്പൂരിലെ മൊട്ടമ്മലിൽ പള്ളി പണിയുകയും ഉപ്പയുടെ ശൈഖായ മുഹമ്മദ് മൗല തങ്ങളുടെ നാമം പള്ളിക്ക് നാമകരണം ചെയ്യുകയും ചെയ്തു. ഇന്ന് ജീവിച്ചിരിക്കുന്ന സമസ്ത മുശാവറ അംഗവും മംഗലാപുരം ഖാസിയുമായ ത്വാഖാ അഹമ്മദ് മുസ്ലിയാർ, മർഹൂം ഖാസി ഇബ്രാഹിം കുട്ടി മുസ്ലിയാർ, പൊറോപ്പാട് അബ്ദുള്ള ഉസ്താദ് തുടങ്ങിയ മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ നൂറുകണക്കിന് പണ്ഡിതന്മാരാണ് തങ്ങളുടെ സന്താനപരമ്പരയിൽ ഉള്ളത്.

Related Posts

നിറങ്ങളുടെ തത്വശാസ്ത്രം; മനുഷ്യാനുഭവങ്ങളും അഭൗതികതയും

ദൃശ്യ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ വർണ്ണാഭമായ ചുറ്റുപാടുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുമ്പോൾ അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആകാശത്തിന്റെ നീല മുതൽ തീജ്വാലയുടെ ചുവപ്പ് വരെ, നിറം യഥാർത്ഥമായി അനുഭവപ്പെടുന്നു. എന്നാൽ, വ്യാപകമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, നിറത്തിന്റെ യഥാർത്ഥ സ്വഭാവം ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഒരുപോലെ ആകർഷിക്കുന്ന രഹസ്യമായി ഇന്നും തുടരുന്നു.

Read More »

ഫലസ്തീനീ പോരാട്ടവും പ്രവാചക പാതയും

അതിഭീകരമായ വംശോന്മൂലന പ്രക്രിയയാണ് ഫലസ്തീനിൽ നടപ്പാക്കുന്നത്. ആശുപത്രികൾ, വീടുകൾ, വിദ്യാലയങ്ങളുമൊക്കെയും നിലംപതിച്ചു. വൃദ്ധരെന്നോ, യുവാക്കളെന്നോ, സ്ത്രീകളെന്നോ നോക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാമാവശേഷമാക്കപ്പെട്ടു. ഒപ്പം ഈ മനുഷ്യക്കുരുതിയെ ചെറുത്തുനിൽക്കേണ്ട ആഗോള നിയമസംവിധാനങ്ങളും നിരർത്ഥകമായി മാറിക്കഴിഞ്ഞു. ഒരു മുസ്ലിം ജനത പൂർണ്ണമായും വംശോന്മൂലനത്തിനരികെ സംഘർഷത്തിലായിരിക്കെ, ഇടപെടാനുള്ള മുസ്ലിം-അറബ് രാജ്യങ്ങളുടെ സന്നദ്ധതയും ഇവിടെ അളക്കപ്പെടുകയാണ്; ശുദ്ധ ശൂന്യതയാണ് ഇതുവരെയുള്ള ഫലം.

Read More »

സൗന്ദര്യ സങ്കൽപങ്ങളുടെ പരിണാമ ദിശകൾ

സൗന്ദര്യശാസ്ത്രത്തിന്റെ ഗ്രീക്ക് ഫിലോസഫിയിൽ പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്വചിന്തകർ സൗന്ദര്യത്തെ പരിചയപ്പെടുത്തുന്നത് യുക്തിപരമായി ഉരുതിരിഞ്ഞ് വരുന്നതെന്നാണ്. തന്മൂലം, ഇതിനെ സൗന്ദര്യ നിർണ്ണയത്തിലെ റാഷണലിസം എന്ന് വിളിക്കുകയാണ് പ്ലേറ്റോയും അരിസ്റ്റോട്ടിലും. ഈ ചിന്താഗതിയിൽ സൗന്ദര്യത്തെ തികച്ചും വസ്തുനിഷ്ഠമായ ഒരു ഘടകമായി പരിചയപ്പെടുത്തുന്നത് കാണാൻ സാധിക്കും.

Read More »

ഇസ്ലാമും വംശവെറിയും; ഓറിയന്റൽ വായനകളുടെ വികലത

ധാർമ്മിക മൂല്യങ്ങളെയും നീതി വിഷയകമായ കൽപ്പനകളെയും വകവെക്കാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന മനുഷ്യസമൂഹത്തിനിടയിൽ, മതം തൊട്ടുണർത്തിയ നൈതിക ചിന്താവ്യവസ്ഥകൾ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതൊന്നുമല്ല. മതങ്ങൾക്കിടയിലെ ധാർമ്മിക ആശയങ്ങൾ വ്യത്യാസമുണ്ടായിരുന്നെങ്കിലും മതങ്ങൾ അവലംബിക്കുന്ന പ്രാഥമിക ഗ്രന്ഥങ്ങളെന്നും ധാർമ്മിക ചെയ്തികളെയും പ്രത്യയശാസ്ത്രങ്ങളെയുമായിരുന്നു അനുകൂലിച്ചിരുന്നത്. ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളിൽ വർഗ്ഗ-വർണ്ണ വിദ്വേഷങ്ങൾ ഉണ്ടായിരിക്കാൻ സാധ്യത കാണുന്നില്ല.

Read More »

മുംബൈയിലെ നഗര ജീവിതവും ഇന്ദ്രിയ രാഷ്ട്രീയവും

ഗന്ധം, ശബ്ദം, കാഴ്ച എന്നിവയെ വിലയിരുത്തുകയും നഗരത്തിലെ വ്യത്യാസങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന രീതി, ആളുകൾ സ്വയം അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ച് പറയുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. പകരം ഇത് ലോകത്തെ അമൂർത്തമായ രൂപത്തിലൂടെ മനസ്സിലാക്കാനുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. രാഷ്ട്രീയപരമായ അവകാശവാദങ്ങളിലും ദൈനംദിന ജീവിതത്തിലും ഒരാൾ എങ്ങനെ ഇന്ദ്രിയങ്ങളോട് പ്രതികരിക്കുന്നു എന്നത്, എന്താണ് ഒരു ധാർമ്മിക വിഷയമായി (ethical subject) ഉൾപ്പെടുത്തപ്പെടുന്നത്, എന്താണ് ഉൾപ്പെടാത്തത് എന്നിവയുടെ പരിമിതികളെയും അതിരുകളെയും കുറിച്ച് സൂചിപ്പിക്കുന്നു

Read More »

മുഹമ്മദ്(സ്വ); അനശ്വരമാണ് അവിടുത്തെ മാർഗദർശനം

യൂറോപ്പിലും അമേരിക്കയിലും ഉള്ള മുസ്ലിം ഇതര സമുദായം ഇസ്ലാമിനെ മനസ്സിലാക്കുന്നിടത്തും ഇസ്ലാമിനെ ഒരു ആന്റി കൊളോണിയൽ സ്വത്വമായി പരിഷ്കൃത മുസ്ലിം ചിന്തകർ സ്ഥാപിക്കുന്നിടത്തും മുഹമ്മദിനെ (സ്വ) കേവലം ഒരു ചരിത്ര പുരുഷൻ ആയി കാണേണ്ടിവരുന്ന മാനുഷിക പ്രതിഭാസത്തിനും അപ്പുറം പ്രവാചകൻ കൈവരിക്കുന്ന അസാധാരണവും അതിഭൗതികവുമായ പദവിയെ തൊട്ട് സ്വയം അജ്ഞരാവുകയാണ് അക്ഷരാർത്ഥത്തിൽ മുസ്ലിം റിഫോമിസ്റ്റ് ചിന്തകർ. മധ്യകാലത്തെ ക്രൈസ്തവർ ചെയ്തുവെച്ച ഇസ്ലാം വിരുദ്ധതയിലും, മുഹമ്മദ് മോശമായാണെങ്കിലും കേവലം ഒരു രാഷ്ട്രീയ നേതാവായാണോ അവരുടെ എതിർപ്പുകളിൽ സ്ഥാനം കൊണ്ടത്.

Read More »