മുംബൈ ചേരികൾ: ധാരാവിയുടെ സാമൂഹിക പശ്ചാത്തലങ്ങൾ

മുംബൈ നഗരത്തിന്റെ ആവിർഭാവം മൂലം രൂപപ്പെട്ട കേന്ദ്രങ്ങളാണ് ചേരികൾ. മെച്ചപ്പെട്ട ജീവിതത്തിനായി ഗ്രാമ പ്രദേശങ്ങളിൽ നിന്നും നഗരങ്ങളിൽ കുടിയേറിയവരാണ് ഇവിടെയുള്ളവർ. ദുഷ്‌കരമായ സാഹചര്യങ്ങൾ മറികടന്ന് വരുമാന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് ചേരിയിലെ നിവാസികൾ. സങ്കീർണ്ണമായ സാമൂഹിക ചുറ്റുപാടിലും സാമ്പത്തിക സ്രോതസ്സുകളായി ചേരികൾ മാറുന്നു. മുംബൈയിലെ ചേരികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ചേരികൂടിയായ ധാരാവിയിൽ നിന്നു മാത്രം പ്രതിവർഷം 1.5 മില്യണിലധികം വരുമാനം നേടി വരുന്നുണ്ട്.

ധാരാവിയുടെ വ്യവസായിക ചരിത്രം

വരുമാന സാധ്യതകൾ അനന്തമായി തുറന്നു കിടക്കുന്ന ധാരാവി പോലുള്ള ചേരി പ്രദേശങ്ങൾ ബ്രിട്ടീഷ് അധിനിവേശത്തോടെയാണ് തുടക്കം കുറിക്കുന്നത്. മീൻപിടുത്ത ഗ്രാമമെന്ന് അറിയപ്പെട്ട, കടലിനോട് ചേർന്ന് കിടന്ന ധാരാവി, മുംബൈയുടെ പ്രധാന വരുമാന സ്രോതസ്സായി മാറുന്നതിൽ അവരുടെ ജീവിതരീതിയുടെ വലിയ പങ്കുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ധാരാവിയിൽ ബ്രിട്ടീഷുകാരുടെ കീഴിൽ ആദ്യമായി കച്ചവട സാധ്യതകൾ തുടങ്ങുന്നത്. തുടർന്നുള്ള പത്തു വർഷത്തിനുള്ളിൽ തന്നെ പതിനായിരം വരുന്ന ജനസംഖ്യ അമ്പതിനായിരത്തിലേക്കും അറുപതിനായിരത്തിലേക്കും എത്തിയിരുന്നു.

1813 ഓടുകൂടി മുംബൈ തീരത്ത് പുതിയൊരു തുറമുഖം തുറക്കലോടു കൂടിയാണ് ധാരാവിയുടെ സാമ്പത്തിക വ്യവസ്ഥയുടെ കുതിപ്പ് തുടങ്ങുന്നത്. ജോലി സാധ്യതകളുടെ വർദ്ധനവ് മൂലം മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, തമിഴ്‌നാട്, രാജസ്ഥാൻ തുടങ്ങിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങൾ മുംബൈയിലേക്ക് കുടിയേറി. 1827-ന്റെ അവസാനത്തോടുകൂടി ജനസംഖ്യ 1.6 ലക്ഷം കടന്നു. താമസ സൗകര്യത്തിന്റെ പരിമിതിയും ജനങ്ങളുടെ ആധിക്യവും മൂലം ഭൂമി വിലയിൽ സ്വാഭാവിക വർദ്ധനവിന് കാരണമായി. ഇത് മുഖേന നിയമവിരുദ്ധമായ താമസത്തിലേക്ക് മുംബൈ നഗരം മാറിത്തുടങ്ങി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ പ്രദേശത്ത് ആദ്യമായി തുണി മിൽ സ്ഥാപിക്കുകയുണ്ടായി. ജനങ്ങളുടെ കൈത്തൊഴിലിന്റെ മികവും ജോലിയോടുള്ള ആത്മാർത്ഥതയും മൂലം തുണി വ്യവസായം ലാഭം കൊയ്യുന്നതിലേക്കുള്ള പുതിയ മാർഗ്ഗമായി ഇത് മാറി. ഇവിടെ നിന്നും നെയ്യുന്ന തുണിത്തരങ്ങൾ ലോകത്തിന്റെ മറ്റു കോണുകളിലേക്ക് കയറ്റുമതി ചെയ്യുകയും, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായം വ്യാപിപ്പിക്കുകയും ചെയ്തു. വ്യവസായത്തിന്റെ ഈ വിജയകരമായ കുതിപ്പ് മൂലം ചുരുങ്ങിയ ഇരുപതു വർഷങ്ങൾക്കുള്ളിൽ തന്നെ മുപ്പതോളം തുണി ഫാക്ടറികൾക്ക് തുടക്കം കുറിച്ചു.

തുണി വ്യവസായത്തിന് പുറമേ 1887-കളോടെ ധാരാവി തുകൽ വ്യവസായത്തിന് തുടക്കം കുറിക്കുകയുണ്ടായി. യൂറോപ്യൻ അധികാരത്തിലുള്ള സംവിധാനം, താഴ്ന്ന വേതനവും കൂടുതൽ തൊഴിലാളികളെ ലഭിക്കുന്നതും കാരണം വരുമാനം നേടുന്നതിൽ വലിയ വിജയം കണ്ടു.

ഈ സമയങ്ങളിലൊക്കെയും ജോലിക്ക് വേണ്ടി കുടിയേറിയ ജനങ്ങളുടെ എണ്ണവും വർദ്ധിച്ചു വരുന്നുണ്ടായിരുന്നു. മുപ്പത് ഫാക്ടറികളിലായി ഉണ്ടായിരുന്ന പതിമൂന്നായിരം ജോലിക്കാർ ഇരുപതു വർഷം കൊണ്ട് എഴുപതു ഫാക്ടറികളിലായി എഴുപത്തയ്യായിരം ജോലിക്കാരിലേക്ക് മാറുകയുണ്ടായി. താമസ സൗകര്യത്തിന്റെ അഭാവവും ഭൂവിലയുടെ വർദ്ധനവും മൂലം ഈ പ്രദേശത്ത് ചേരികളുടെ ഉത്ഭവത്തിനുള്ള കാരണമായി മാറി.

ധാരാവിയിലെ നഗറുകൾ

ധാരാവിയുടെ ഭൂരേഖ ആറോളം പ്രധാന ഭാഗങ്ങളായി വീതിക്കപ്പെടുന്നു. “നഗർ” എന്ന് പേരിട്ട് വിളിക്കുന്ന ഇത്തരം ഇടങ്ങൾ വ്യവസായ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സംവിധാനങ്ങൾ അടങ്ങുന്ന പാർപ്പിട കേന്ദ്രങ്ങളാണ്. ഓരോ നഗറുകളും പ്രത്യേക രീതിയിൽ റോഡുകളോ മതിലുകളോ ഉപയോഗിച്ച് തരം തിരിച്ചതായിരിക്കും.

1837 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഗവൺമെന്റിന് കീഴിൽ, മിതി തടാകത്തോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് സ്ഥാപിക്കപ്പെട്ടതാണ് “കാലാ കില്ല നഗർ”. ധാരാവിയുടെ അതിർത്തിയോട് അടുത്തതും അവിടുത്തെ വ്യവസായ മുന്നേറ്റങ്ങളിൽ ചടുലമായ പ്രവർത്തനങ്ങൾ നടത്തുന്നതുമായ കാലാ കില്ലയിൽ, 1940-കളിൽ മഹാരാഷ്ട്രയിലെ പലഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടേക്ക് കുടിയേറിപ്പാർക്കുകയും പിന്നീട് തുകൽ വ്യവസായം പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പ്രദേശത്തെ വ്യവസായവൽക്കരിക്കുകയും ചെയ്തു.

ധാരാവിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന “ധോർവാഡ” നഗറുകളിൽ പഴക്കമേറിയതും വ്യവസായ മേഖലയിൽ പ്രശസ്തി നേടിയതുമായ പ്രദേശമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ധാരാവിയിലെ വ്യത്യസ്ത വ്യാപാര സംവിധാനങ്ങളിൽ ധോർവാഡ ഇടപെട്ടിരുന്നു.

മൺപാത്ര നിർമ്മാണത്തിൽ പേരുകേട്ട ഒരു സമൂഹം താമസമാക്കിയ പ്രദേശമാണ് “കുംഭർവാഡ നഗർ”. 1877-ൽ പ്രകൃതിദുരന്തം മൂലം ഇവിടേക്ക് താമസം മാറ്റിയവരാണ് ഈ സമൂഹം. ആദ്യകാലത്ത്, മൺപാത്ര നിർമ്മാണത്തിനുള്ള വെള്ളം ശേഖരിക്കാൻ എളുപ്പമാക്കുന്ന രണ്ട് പ്രധാന വഴികളിലായിരുന്നു “കുംഭർ” സമൂഹം താമസിച്ചിരുന്നത്. പിന്നീട് 1930-കളിൽ ഉണ്ടായ തീപിടുത്തം കാരണം ബ്രിട്ടീഷ് ഭരണകൂടം ഇതേ സ്ഥലത്ത് നിർമ്മിച്ചു കൊടുത്ത വീടുകളിലേക്ക് ഇവർ മാറുകയുണ്ടായി. ഈ പ്രദേശം കുംഭർവാഡ എന്നറിയപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിലെ പല സ്ഥലങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഇവിടെ താമസമാക്കുകയും ചെയ്തു.

ഇവിടെയുള്ള ആയിരത്തിയഞ്ഞൂറോളം കുടുംബക്കാരിൽ ഭൂരിപക്ഷവും മൺപാത്ര നിർമ്മാണം തൊഴിലാക്കിയവരാണ്. അപ്രകാരം അവരുടെ വീടുകളും പ്രത്യേക രൂപകൽപ്പനയിലാണ് നിർമ്മിക്കപ്പെട്ടത്. രണ്ടു ഭാഗങ്ങളിൽ ഒന്ന് താമസത്തിനും മറ്റൊന്ന് രണ്ട് ദിശയിലേക്കും ഒരുക്കിയിരിക്കുന്നു. അതിലൊന്ന് മൺപാത്ര നിർമ്മാണയിടവും മറ്റൊന്ന് വിൽപ്പനക്കുള്ള പാത്രങ്ങൾ പ്രദർശനം ചെയ്യുന്നയിടവുമാണ്. ഇത്തരം വീടുകൾ “പക്ക” എന്ന പേരിൽ അറിയപ്പെടുന്നു.

മുംബൈയുടെ പുരാതനമായ ജില്ലകളിൽ പെട്ടതും ധാരാവിയുടെ പഴക്കം ചെന്നതുമായ ഒരു പ്രദേശമാണ് “കോളിവാഡ നഗർ”. തീർത്തും വ്യത്യസ്തവും വേറിട്ടതുമായ ജീവിത രീതിയാണ് ഈ പ്രദേശത്തുകാർ നയിക്കുന്നത്. മത്സ്യ വ്യവസായത്തിൽ പേരുകേട്ട ഇവർ, കുടുംബസമേതം ബോട്ടുകളിലും തോണികളിലുമായി താമസമാക്കിയവരും ജോലിചെയ്യുന്നവരുമാണ്. മത്സ്യവ്യവസായത്തിനു പുറമേ, മദ്യം നിരോധിക്കപ്പെട്ട എഴുപതുകളുടെയും എൺപതുകളുടെയും കാലത്ത് മദ്യോത്പാദനത്തിൽ പേരുകേട്ടവരായിരുന്നു “കോലികൾ”. പിന്നീട് 1990-കളിൽ പോലീസ് സേന മദ്യോത്പാദകരെ പിടികൂടുകയും ധാരാവി മദ്യമുക്തമാവുകയും ചെയ്തു.

നഗറുകളിൽ അവസാന രണ്ട് പ്രദേശമായ ട്രാൻസിറ്റ് ക്യാമ്പും മാട്ടുംഗ ലേബർ ക്യാമ്പും സർക്കാർ നിർമ്മിച്ചവയാണ്. നിർമ്മാണ തൊഴിലുകളിലും മുനിസിപ്പൽ തൊഴിലുകളിലും ജോലി ചെയ്യുന്നവർക്ക് വേണ്ടി 1940-കളിൽ കൊണ്ടുവന്നതാണ് മാട്ടുംഗ പ്രോജക്ട്. റോഡുകളും വീടുകളും മെച്ചപ്പെട്ട രീതിയിലാണ് ഇവിടെ നിർമ്മിക്കപ്പെട്ടത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം പുനർവികസന പദ്ധതികൾ മൂലം വീടുകൾ നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടിയാണ് ട്രാൻസിറ്റ് ക്യാമ്പ് നിർമ്മിക്കപ്പെട്ടത്.

ഈ ആറു നഗറുകളിലെയും സമുദായങ്ങൾ വ്യത്യസ്ത ജീവിത രീതിയാണ് തുടർന്നു പോകുന്നത്. ഭാഷ, മതം, സംസ്കാരം, തൊഴിൽ എന്നീ അടിസ്ഥാനത്തിൽ ഇവ ഓരോ ഭാഗങ്ങളായി വിഭജിച്ചു കിടക്കുന്നു. ജീവിതസാഹചര്യങ്ങളും വ്യവസായ മേഖലകളും ഇവിടുത്തെ ഓരോ സമൂഹത്തെയും സാമൂഹിക ഘടനകളിൽ നിന്നും വേറിട്ടതും വ്യത്യസ്തവുമാക്കുന്നു.

ചേരികളോടുള്ള സർക്കാർ സമീപനം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളിലും മെച്ചപ്പെട്ട താമസ സൗകര്യവും ജീവിതശൈലിയും ഒരുക്കുന്നതിൽ ഗവൺമെന്റ് മുന്നോട്ടുവന്നു. എന്നിട്ടും ചേരി പ്രദേശങ്ങളിൽ അധിവസിക്കുന്ന താമസക്കാർക്കോ കിടപ്പറ കൊണ്ട് ബുദ്ധിമുട്ടുന്ന തെരുവ് പാവങ്ങൾക്കോ ഇതിലൂടെ യാതൊന്നും നേടാനായില്ല. മറിച്ച് സമൂഹത്തിന്റെ ഉയർന്ന തട്ടുകളിൽ ജീവിക്കുന്നവരുടെ നിലവാരം കൂട്ടുക മാത്രമാണ് പ്രസ്തുത പദ്ധതികളിലൂടെ നടപ്പിലാക്കപ്പെട്ടത്. ഇത്തരം രീതികളിലൂടെ മുംബൈ തീർത്തും ഒരു വിഭജിത നഗരമായി മാറusage വരികയുണ്ടായി.

ഉയർന്ന ജീവിതരീതി പിൻപറ്റി പോകുന്ന സമൂഹത്തിലെ ഉന്നതർ നഗരമധ്യത്തിൽ ചേക്കേറിയപ്പോൾ, ജീവിത നിലവാരം കൊണ്ട് താഴെ തട്ടിലുള്ളവർക്ക് ജീവിക്കുന്നതിനായി ചേരികളും മറ്റു അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത ഇടങ്ങളും ഉടലെടുക്കുകയായിരുന്നു.

1944-കളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം മുന്നിൽ സ്വപ്നം കണ്ടു കൊണ്ട് തന്നെ ചേരികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് മുന്നോട്ടുവെച്ചിരുന്നു. ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രയോജനമാകും വിധം അവരുടെ ഉന്നമനത്തിനായി സോഷ്യൽ ഹൗസിംഗ് പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചു. എന്നിരുന്നാലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സ്വകാര്യവൽക്കരണത്തിന്റെ ആഗമനത്തോടെ ഇത്തരം ആവശ്യങ്ങൾ നിറവേറാതെയായി.

ഇവരുടെ ജീവിത സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് മേലധികാരികൾ ശ്രദ്ധ ചെലുത്തുന്നില്ല. വീടുകളിൽ ശൗചാലയ സംവിധാനം പോലുമില്ലാത്ത 60 ശതമാനത്തോളം വരുന്ന ചേരി അന്തേവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പോലും അവർ മുതിരുന്നില്ല. കുടിയേറ്റക്കാർ അധിവസിച്ചു പാർക്കുന്ന ഇത്തരം ചേരികളിലെ അധികപേർക്കും നിയമപരമായ സ്വത്തവകാശമോ ഭൂമി ഉടമസ്ഥതയോ ഇല്ലാത്തവരാണ്. നഗരവൽക്കരണത്തോടെ മുംബൈയിലേക്ക് കുടിയേറിയവരുടെ ആധിക്യം കാരണം വീടുകളുടെ വിലയിലും വൻതോതിലുള്ള വർദ്ധനവുണ്ടായി. അതുകാരണം, സ്വന്തമായി പാർപ്പിടങ്ങൾ ഒരുക്കാതെ ചേരികളിൽ ഇവർ അഭയം നേടി. സ്വകാര്യവൽക്കരണത്തിന്റെ വ്യാപനത്തോടെ, ചേരി നിവാസികളുടെ അവസ്ഥ ദുരിതത്തിലായി. സർക്കാരും ഭരണകൂടവും അതിന്റെ ഭാഗമായി ചേരി പ്രദേശങ്ങളെ കുടിയൊഴിപ്പിച്ചു. അതുമൂലം പലരും ഭവനരഹിതരായി മാറി.

ധാരാവിയുടെ ജീവിത സാഹചര്യം

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി സ്ഥിതി ചെയ്യുന്നുവെന്ന പേരിൽ മാത്രം മുംബൈ നഗരം ദുർവ്യാഖ്യാനങ്ങൾക്ക് വിധേയമാകുന്നു. ഇത്തരം ജനപെരുപ്പമുള്ള നാടുകളിൽ മലിനീകരണവും താഴ്ന്ന താമസ സൗകര്യവും കാരണം കൂടുതൽ വഷളൻ സാഹചര്യത്തിലേക്ക് നീങ്ങുന്നു. മറ്റു പ്രദേശങ്ങൾക്ക് ലഭിക്കുന്ന വൈദ്യുതി, സുരക്ഷ, ശുദ്ധജല സംവിധാനം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇത്തരം പ്രദേശങ്ങൾക്ക് ലഭ്യമാകുന്നില്ല. ഇതുപോലൊരു സാഹചര്യത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ജനങ്ങൾ നിർബന്ധിതരാകുന്നു.

മലിനജലം ഉപയോഗിക്കുന്നത് മൂലം ചേരികളുടെ ജനസംഖ്യയിലെ പകുതിയിലധികം പേരും (അതിൽ മൂന്നിൽ രണ്ടു ഭാഗവും കുട്ടികളാണ്) രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നു. വേനൽക്കാലത്ത് ഇവരുടെ അവസ്ഥ കൂടുതൽ ദുർഗതിയിലാണ്. ജലസ്രോതസ്സുകളിൽ മലം കൂടിച്ചേരുന്നതു കാരണം യഥാർത്ഥ പൈസയേക്കാൾ നാൽപതിരട്ടി നൽകി വെള്ളം വാങ്ങേണ്ടുന്ന സാഹചര്യങ്ങൾ വരുന്നു. ഇത് താങ്ങാൻ പറ്റാത്തവർ വെള്ളത്തിന്റെ പരിമിതി മൂലം പ്രയാസങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു.

ശിശുമരണങ്ങളും പോഷകക്കുറവും ഇരട്ടിയാകുന്ന ഈ പ്രദേശങ്ങളിൽ, 2014-ൽ മനുഷ്യാവകാശ സംഘടനകൾ ഗവൺമെന്റിനു മേൽ സമ്മർദ്ദം ചെലുത്തുകയും കുടിവെള്ള സംവിധാനം ചേരി ജനങ്ങൾക്ക് ഒരുക്കണമെന്ന് വാശി പിടിക്കുകയും ചെയ്തു. മുംബൈ ഹൈക്കോടതി പോലും ശുദ്ധജലവും ശുചീകരണ നടപടികളും സജ്ജീകരിക്കണമെന്ന് ഉത്തരവിറക്കിയെങ്കിലും എവിടെയും എത്തിയില്ല. ചേരിവൽക്കരണത്തെ പിന്തുണയ്ക്കാത്ത ഗവൺമെന്റ് ആയതുകൊണ്ടു തന്നെ ഇത്തരം സംവിധാന സജ്ജീകരണ പ്രവർത്തനങ്ങൾക്കൊന്നും അവർ മുതിരുന്നില്ല.

ചേരികളിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിലും പല തടസ്സങ്ങളുണ്ട്. വിദ്യാഭ്യാസ സംവിധാനങ്ങളുടെ അപര്യാപ്തത, അതിനുള്ള ചെലവ് വഹിക്കൽ, കുടുംബവരുമാനം നേടുന്നതിന് കുട്ടികൾ തൊഴിലെടുക്കേണ്ടി വരൽ എന്നിവ അവർക്ക് മുന്നിൽ നിലകൊള്ളുന്ന കടമ്പകളാണ്. ഇവ മുറിച്ചുകടക്കുന്നതിന്റെ പ്രയാസം കാരണം കൂടുതൽ വിദ്യാർത്ഥികൾക്കും അടിസ്ഥാനപാഠങ്ങൾ പോലും നേടാൻ സാധിക്കാതെ വരുന്നു.

വ്യത്യസ്ത സംസ്കാരവും ജീവിതരീതിയും സംയോജിപ്പിക്കുന്ന ധാരാവിയുടെ മണ്ണിൽ, കുടിയേറ്റക്കാരുടെ ആഗമനത്തോടെ അവരുടെ ഭക്ഷണ രീതികൾക്കും മാറ്റങ്ങളുണ്ടായി. പുതിയ തരത്തിലുള്ള വൈവിധ്യമാർന്ന വിഭവങ്ങൾക്ക് ആവിർഭാവം നൽകി. എന്നിരുന്നാലും, ശുദ്ധജലത്തിന്റെ അഭാവം മൂലം പ്രയാസം നേരിടുന്ന പല കുടുംബങ്ങളും അവർക്കിടയിൽ ജീവിച്ചു പോകുന്നു.

ചേരികളോടുള്ള സാമൂഹിക ബാധ്യതകൾ

കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടുമ്പോഴും ചേരികളിലെ വ്യവസായ മേഖലകൾ സജീവമായ സാമ്പത്തിക നേട്ടങ്ങളിൽ ഉന്നതി പ്രാപിക്കുന്നവരായിരുന്നു. ആഗോളവൽക്കരണവും വാണിജ്യവൽക്കരണവും ശക്തി പ്രാപിച്ച ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യൻ വരുമാന മേഖലയിൽ ചേരികൾ നടത്തിയ കയ്യൊപ്പുകൾ വ്യക്തമായി കാണപ്പെടാവുന്നതാണ്. കേവലം പാർപ്പിടങ്ങൾക്കപ്പുറം വ്യത്യസ്തവും വൈവിധ്യമാർന്നതുമായ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്രകൾ പതിപ്പിക്കുന്നതിൽ ചേരി പ്രദേശങ്ങളിലെ വ്യവസായ മേഖലകൾ വിജയം കൊയ്തു.

മുംബൈ നഗരത്തിന് ഏൽക്കുന്ന പഴികൾ കാരണം, ഗവൺമെന്റോ സർക്കാരോ വേണ്ടവിധം പദ്ധതികളോ നയങ്ങളോ ഇവിടുത്തെ ജീവിത മികവിനായി ആവിഷ്കരിക്കുന്നില്ല. സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട് വേണ്ട പരിഗണനയോ ചേർത്തുപിടിക്കലോ ഇവർക്ക് ലഭിക്കുന്നില്ല. “സ്ലം റിഹാബിലിറ്റേഷൻ അതോറിറ്റി” (SRA) യുടെ കീഴിൽ ചേരി രഹിത നഗരങ്ങൾ സൃഷ്ടിക്കുന്നതിനും ചേരി നിവാസികൾക്ക് താങ്ങാനാവുന്ന പാർപ്പിടസൗകര്യങ്ങൾ നൽകുന്നതിനുമുള്ള പദ്ധതികൾക്ക് ലക്ഷ്യമിട്ടെങ്കിലും എവിടെയും എത്താതെ പോയി. ജനസംഖ്യയുടെ 42% വരുന്ന ചേരിനിവാസികളെ കുടിയൊഴിപ്പിച്ച് അവർക്കുവേണ്ടി പാർപ്പിട സൗകര്യങ്ങൾ ഒരുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നതു തന്നെയാണ പ്രധാന കാരണം.

ലോകത്തിലെ ഏറ്റവും വലിയ നഗര പുനർവികസന പദ്ധതികളിലൊന്നായ ധാരാവി ഡെവലപ്മെന്റ് പ്രൊജക്ട്, ധാരാവിയെ ആധുനിക നഗരകേന്ദ്രമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടെങ്കിലും നടപ്പാക്കുന്നതിൽ പല വെല്ലുവിളികളും നേരിടുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ചേരികളുടെ അവസ്ഥ പഴയ പടിയായി തന്നെ ബാക്കിയാവുന്നു.

മുംബൈയിലെ ചേരികൾ ഇന്ത്യയുടെ നഗരവൽക്കരണ പ്രക്രിയയുടെ സങ്കീർണ്ണതകൾ പ്രതിഫലിപ്പിക്കുന്നതാണ്. സാമ്പത്തിക പ്രവർത്തനങ്ങളിലൂടെയും സാംസ്കാരിക വൈവിധ്യത്തിലൂടെയും ചേരി നിവാസികൾ മുംബൈ നഗരത്തിന് നൽകുന്ന സംഭാവനകൾക്ക് പകരമായി സമഗ്രവും സുസ്ഥിരവും മാനുഷികവുമായ സമീപനത്തിലൂടെ അവരുടെ അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വികസന നയങ്ങളിലൂടെ മുന്നോട്ട് പോകണം. ചേരികളിലെ ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടെന്ന് ഉറപ്പുവരുത്തൽ ഒരു നീതിപൂർണ്ണമായ സമൂഹത്തിന്റെ അടിസ്ഥാന കാര്യമാണ്.

ദാരിദ്ര്യത്തിന്റെ നിറം മങ്ങിയ ചിത്രമാണെങ്കിലും, ചേരികൾ മനുഷ്യന്റെ ഇച്ഛാശക്തിയുടെയും പ്രത്യാശയുടെയും പ്രതീകം കൂടിയാണ്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ അധ്വാനത്തിന്റെ വിയർപ്പുകൂടിയാണ് ഓരോ നഗരത്തെയും വളർത്തുന്നത്. അതിനാൽ, ചേരികൾ കേവലം ഒരു പ്രശ്നമല്ല, മറിച്ച് പരിഗണനയും പരിഹാരവും അർഹിക്കുന്ന, നമ്മുടെ സമൂഹത്തിന്റെ ഭാഗമായ മനുഷ്യരുടെ ജീവിതയിടം കൂടിയാണ്.

Related Posts

നിറങ്ങളുടെ തത്വശാസ്ത്രം; മനുഷ്യാനുഭവങ്ങളും അഭൗതികതയും

ദൃശ്യ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ വർണ്ണാഭമായ ചുറ്റുപാടുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുമ്പോൾ അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആകാശത്തിന്റെ നീല മുതൽ തീജ്വാലയുടെ ചുവപ്പ് വരെ, നിറം യഥാർത്ഥമായി അനുഭവപ്പെടുന്നു. എന്നാൽ, വ്യാപകമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, നിറത്തിന്റെ യഥാർത്ഥ സ്വഭാവം ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഒരുപോലെ ആകർഷിക്കുന്ന രഹസ്യമായി ഇന്നും തുടരുന്നു.

Read More »

ഫലസ്തീനീ പോരാട്ടവും പ്രവാചക പാതയും

അതിഭീകരമായ വംശോന്മൂലന പ്രക്രിയയാണ് ഫലസ്തീനിൽ നടപ്പാക്കുന്നത്. ആശുപത്രികൾ, വീടുകൾ, വിദ്യാലയങ്ങളുമൊക്കെയും നിലംപതിച്ചു. വൃദ്ധരെന്നോ, യുവാക്കളെന്നോ, സ്ത്രീകളെന്നോ നോക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം നാമാവശേഷമാക്കപ്പെട്ടു. ഒപ്പം ഈ മനുഷ്യക്കുരുതിയെ ചെറുത്തുനിൽക്കേണ്ട ആഗോള നിയമസംവിധാനങ്ങളും നിരർത്ഥകമായി മാറിക്കഴിഞ്ഞു. ഒരു മുസ്ലിം ജനത പൂർണ്ണമായും വംശോന്മൂലനത്തിനരികെ സംഘർഷത്തിലായിരിക്കെ, ഇടപെടാനുള്ള മുസ്ലിം-അറബ് രാജ്യങ്ങളുടെ സന്നദ്ധതയും ഇവിടെ അളക്കപ്പെടുകയാണ്; ശുദ്ധ ശൂന്യതയാണ് ഇതുവരെയുള്ള ഫലം.

Read More »

സൗന്ദര്യ സങ്കൽപങ്ങളുടെ പരിണാമ ദിശകൾ

സൗന്ദര്യശാസ്ത്രത്തിന്റെ ഗ്രീക്ക് ഫിലോസഫിയിൽ പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്വചിന്തകർ സൗന്ദര്യത്തെ പരിചയപ്പെടുത്തുന്നത് യുക്തിപരമായി ഉരുതിരിഞ്ഞ് വരുന്നതെന്നാണ്. തന്മൂലം, ഇതിനെ സൗന്ദര്യ നിർണ്ണയത്തിലെ റാഷണലിസം എന്ന് വിളിക്കുകയാണ് പ്ലേറ്റോയും അരിസ്റ്റോട്ടിലും. ഈ ചിന്താഗതിയിൽ സൗന്ദര്യത്തെ തികച്ചും വസ്തുനിഷ്ഠമായ ഒരു ഘടകമായി പരിചയപ്പെടുത്തുന്നത് കാണാൻ സാധിക്കും.

Read More »

ഇസ്ലാമും വംശവെറിയും; ഓറിയന്റൽ വായനകളുടെ വികലത

ധാർമ്മിക മൂല്യങ്ങളെയും നീതി വിഷയകമായ കൽപ്പനകളെയും വകവെക്കാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന മനുഷ്യസമൂഹത്തിനിടയിൽ, മതം തൊട്ടുണർത്തിയ നൈതിക ചിന്താവ്യവസ്ഥകൾ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതൊന്നുമല്ല. മതങ്ങൾക്കിടയിലെ ധാർമ്മിക ആശയങ്ങൾ വ്യത്യാസമുണ്ടായിരുന്നെങ്കിലും മതങ്ങൾ അവലംബിക്കുന്ന പ്രാഥമിക ഗ്രന്ഥങ്ങളെന്നും ധാർമ്മിക ചെയ്തികളെയും പ്രത്യയശാസ്ത്രങ്ങളെയുമായിരുന്നു അനുകൂലിച്ചിരുന്നത്. ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളിൽ വർഗ്ഗ-വർണ്ണ വിദ്വേഷങ്ങൾ ഉണ്ടായിരിക്കാൻ സാധ്യത കാണുന്നില്ല.

Read More »

മുംബൈയിലെ നഗര ജീവിതവും ഇന്ദ്രിയ രാഷ്ട്രീയവും

ഗന്ധം, ശബ്ദം, കാഴ്ച എന്നിവയെ വിലയിരുത്തുകയും നഗരത്തിലെ വ്യത്യാസങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന രീതി, ആളുകൾ സ്വയം അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ച് പറയുന്ന കാര്യങ്ങൾക്കപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. പകരം ഇത് ലോകത്തെ അമൂർത്തമായ രൂപത്തിലൂടെ മനസ്സിലാക്കാനുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. രാഷ്ട്രീയപരമായ അവകാശവാദങ്ങളിലും ദൈനംദിന ജീവിതത്തിലും ഒരാൾ എങ്ങനെ ഇന്ദ്രിയങ്ങളോട് പ്രതികരിക്കുന്നു എന്നത്, എന്താണ് ഒരു ധാർമ്മിക വിഷയമായി (ethical subject) ഉൾപ്പെടുത്തപ്പെടുന്നത്, എന്താണ് ഉൾപ്പെടാത്തത് എന്നിവയുടെ പരിമിതികളെയും അതിരുകളെയും കുറിച്ച് സൂചിപ്പിക്കുന്നു

Read More »

മുഹമ്മദ്(സ്വ); അനശ്വരമാണ് അവിടുത്തെ മാർഗദർശനം

യൂറോപ്പിലും അമേരിക്കയിലും ഉള്ള മുസ്ലിം ഇതര സമുദായം ഇസ്ലാമിനെ മനസ്സിലാക്കുന്നിടത്തും ഇസ്ലാമിനെ ഒരു ആന്റി കൊളോണിയൽ സ്വത്വമായി പരിഷ്കൃത മുസ്ലിം ചിന്തകർ സ്ഥാപിക്കുന്നിടത്തും മുഹമ്മദിനെ (സ്വ) കേവലം ഒരു ചരിത്ര പുരുഷൻ ആയി കാണേണ്ടിവരുന്ന മാനുഷിക പ്രതിഭാസത്തിനും അപ്പുറം പ്രവാചകൻ കൈവരിക്കുന്ന അസാധാരണവും അതിഭൗതികവുമായ പദവിയെ തൊട്ട് സ്വയം അജ്ഞരാവുകയാണ് അക്ഷരാർത്ഥത്തിൽ മുസ്ലിം റിഫോമിസ്റ്റ് ചിന്തകർ. മധ്യകാലത്തെ ക്രൈസ്തവർ ചെയ്തുവെച്ച ഇസ്ലാം വിരുദ്ധതയിലും, മുഹമ്മദ് മോശമായാണെങ്കിലും കേവലം ഒരു രാഷ്ട്രീയ നേതാവായാണോ അവരുടെ എതിർപ്പുകളിൽ സ്ഥാനം കൊണ്ടത്.

Read More »