ലോകത്തെ ഒട്ടുമിക്ക പുരാതന സ്മാരകങ്ങൾ, അംബരചുംബികൾ തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങൾ കാലക്രമേണ കലോചിതമായി സന്ദർശകരെ ആകർഷിക്കാൻ മിനുക്കുപണികളും നവീകരണ പ്രവർത്തനങ്ങളും നടത്തിപ്പോരുന്നുണ്ട്. യുനെസ്കോ പൈതൃക പട്ടികയിലിടമുള്ള മുഗൾ വാസ്തുശിൽപ സൗധം ‘താജ്മഹലിന്റെ’ അറ്റകുറ്റപ്പണികൾക്കായി മാത്രം വർഷം തോറും 13 കോടി രൂപ ഇന്ത്യ മുടക്കാറുണ്ട്. പാരീസ് ഈഫൽ ടവറിനാണെങ്കിൽ വർഷം തോറും 13 മില്യൺ യൂറോയും ചെലവഴിക്കാറുണ്ട്. സൗദി അറേബ്യ അത്തരത്തിൽ മിനുക്കിപ്പണിഞ്ഞ് ആകർഷകമാക്കി കൊണ്ടിരിക്കുകയാണ് ലോക മുസ്ലിം ജനതയുടെ പരിശുദ്ധ നഗരമായ മക്ക. പുരാതന പൈതൃകം, അല്ലെങ്കിലൊരു വിനോദസഞ്ചാര കേന്ദ്രത്തിനപ്പുറം മക്ക മതകീയാരാധനാ കേന്ദ്രമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
സൗദി അറേബ്യ നടത്തുന്ന മക്കയുടെ മിനുക്കുപണി വെറുമൊരു മതകീയാരാധനാ സൗകര്യമേർപ്പെടുത്താനുള്ള അറ്റകുറ്റപ്പണികളായി മാത്രം തോന്നുന്നില്ല. ലോകത്തെ രണ്ടാമത്തെ മതസമൂഹത്തിന്റെ ഏറ്റവും പുരാതനവും അത്രമേൽ പവിത്രവുമായ ആരാധനാ കേന്ദ്രത്തിനു ചുറ്റും കൃത്യമായ വാണിജ്യവൽക്കരണത്തിന്റെ നേർകാഴ്ചകൾക്കാണ് നാം ദൃക്സാക്ഷികളായിക്കൊണ്ടിരിക്കുന്നത്.
2012-ൽ 15 ബില്യൺ യു.എസ്. ഡോളർ ചെലവഴിച്ച് പണികഴിപ്പിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ ക്ലോക്ക് ടവർ (അബ്രാജുൽ ബൈത് / അബ്റാജ സാഅ), അതുമായി ബന്ധപ്പെട്ട് നവീകരിക്കപ്പെട്ട അനുബന്ധ സൗധങ്ങൾ, ആരാധനാ കേന്ദ്രങ്ങൾ തുടങ്ങിയവ ഈ വാണിജ്യവൽക്കരണ പാക്കേജിൽ ഉൾപ്പെടും. 2002-ൽ ആരംഭം കുറിച്ച കിംഗ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു ഈ പ്രവർത്തനങ്ങൾ. 2020 ലെത്തുമ്പോൾ 115 ബില്യൺ ഡോളർ ചെലവഴിച്ച കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളോടെ ലോകത്തെ ഏറ്റവും ചെലവേറിയ കെട്ടിടമായി മസ്ജിദുൽ ഹറാം മാറുകയുണ്ടായി.
വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ചെടുത്ത ‘അബ്റാജ സാഅ’യും ലോകത്തെ ഏറ്റവും വിലпиടിപ്പുള്ള കെട്ടിടങ്ങളുടെ ലിസ്റ്റിൽ വരുന്നുണ്ടെന്നത് സൗദി മക്കയുടെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നതിന്റെ കൃത്യമായ തെളിവാണ്. | നിലവിൽ 150 ബില്യണിലധികം യു.എസ്. ഡോളർ വരുമാനം അനുമാനിക്കുന്ന ഹജ്ജ് തീർത്ഥാടനം സൗദിയുടെ വിഷൻ 2030-ന്റെ ഭാഗമായി 350 ബില്യൺ ഡോളറിലേക്ക് കുതിച്ചുയർത്താനുള്ള തകൃതിയായ ശ്രമത്തിലാണ് രാജ്യം. രാജ്യത്തിന്റെ പ്രധാന വരുമാനമായ ഓയിൽ റവന്യൂ ആശ്രയിക്കുന്നതിൽ നിന്നു പോലും മാറി ചിന്തിക്കുകയും, ടൂറിസം മേഖലയുടെ സാധ്യതകൾ കൃത്യമായി ഉപയോഗപ്പെടുത്തി, വലിയൊരു എക്കണോമിക് ഡൈവേഴ്സിഫിക്കേഷന് ഒരുങ്ങുകയുമാണ് രാജ്യം.
രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് വിനോദസഞ്ചാര യോഗ്യമാക്കിയും നൂതന സംവിധാനങ്ങളോടെ കൂടിയ ബിസിനസ് ടൗൺഷിപ്പുകൾ പടുത്തുയർത്തിയുമാണ് സൗദി ഈ പദ്ധതിക്ക് ലക്ഷ്യമിടുന്നത്. | നിലവിൽ വർഷാവർഷം 27 മില്യൺ സന്ദർശകരുമായി മിഡിൽ ഈസ്റ്റിൽ ഏറ്റവും സന്ദർശകരെത്തുന്ന സൗദി, 2030 ഓടു കൂടി പ്രതിവർഷം 100 മില്യൺ സന്ദർശകരെ ആകർഷിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് റിലീജിയസ് ടൂറിസം വരുമാനമാർഗ്ഗമാക്കുന്ന രാജ്യം സൗദി മാത്രമല്ല, ലോകത്ത് മതകേന്ദ്രങ്ങൾ, സ്മാരകങ്ങൾ തുടങ്ങി ടൂറിസ്റ്റ് സാധ്യതകൾ ഉൾക്കൊള്ളുന്ന രാജ്യങ്ങളെല്ലാം ഇത്തരത്തിൽ സാധ്യതകളെ കൃത്യമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ, നേപ്പാൾ, ചൈന, ഇസ്രായേൽ, ഇറ്റലി തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും മില്യൺ കണക്കിന് ഡോളറുകൾ റിലീജിയസ് ടൂറിസത്തിന്റെ ഭാഗമായി റവന്യൂ ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ ഈ വർഷം മഹാകുംഭമേളയുടെ ഭാഗമായി സാധാരണയിൽ കൂടുതലായി റവന്യൂ പ്രതീക്ഷിക്കപ്പെടുന്നു. 350 ബില്യൺ ഡോളറിലധികം സാമ്പത്തിക ഇടപാടുകൾ 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ‘ദി എക്കണോമിക് ടൈംസ്’ പുറത്തുവിട്ടിരുന്നു. കുംഭമേള കൂടാതെ തന്നെ ഇന്ത്യയിൽ 15 ബില്യൺ ഡോളർ വാർഷിക വരുമാനം റിലീജിയസ് ടൂറിസം നൽകുന്നുണ്ട്. 2020-ൽ നിർമ്മിക്കപ്പെട്ട അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വരവ് 700 കോടി ഇന്ത്യൻ രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇസ്രായേൽ-പലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ യേശു ജന്മഭൂമിയായ ബത്ലഹേം, നസ്രേത്ത്, ജറുസലേം മറ്റു മതകേന്ദ്രങ്ങളുടെ സന്ദർശനം ചുരുങ്ങിയിട്ടുണ്ടെങ്കിലും മൂന്ന് ബില്യൺ ഡോളർ റിലീജിയസ് ടൂറിസത്തിൽ ഇപ്പോഴും വരവ് കാണിക്കുന്നുണ്ട്. ആധുനിക ക്രൈസ്തവ മതകേന്ദ്രമായി വത്തിക്കാൻ സിറ്റിയും, ശ്രീബുദ്ധ ജന്മഭൂമി നേപ്പാളിലെ ലുംബിനിയും ലോക റിലീജിയസ് ടൂറിസം റവന്യൂവിൽ കൃത്യമായ പങ്കുവഹിക്കുന്നുണ്ട്. നിലവിലുള്ള ലോക റിലീജിയസ് ടൂറിസം 2030 ആകുമ്പോഴേക്കും ഇരട്ടിയായി വർദ്ധിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം, സൗദിയുടെ ഹജ്ജ് ടൂറിസം പദ്ധതികൾക്കെതിരെ, വിശിഷ്യാ 2014 മുതലാരംഭിച്ച യമൻ ആഭ്യന്തര യുദ്ധവേളയിലെ സൗദിയുടെ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ ലിബിയ, ടുണീഷ്യ പോലുള്ള മുസ്ലിം രാഷ്ട്രങ്ങളിലെ മതനേതാക്കൾ പ്രതിഷേധമറിയിച്ചിരുന്നു. നിർബന്ധിത ഹജ്ജ്-ഉംറകളല്ലാതെ മറ്റുള്ളവ ഒഴിവാക്കണമെന്നാഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. ഹജ്ജ്-ഉംറ യാത്രകളിലെ വരവുകൾ മറ്റു മുസ്ലിം സഹോദരങ്ങളെ ദ്രോഹിക്കാൻ ഉപയോഗിക്കുമ്പോൾ അത്തരം ഹജ്ജ്-ഉംറകൾ ഒഴിവാക്കി മറ്റു സാമൂഹിക സംഭാവനകളിൽ മുഴുകാനായിരുന്നു ഇത്തരം പണ്ഡിതർ ഫത്വ നൽകിയത്. ഈ രാഷ്ട്രീയ സാഹചര്യത്തിനപ്പുറം മതാചാരത്തെ അമിത വാണിജ്യവൽക്കരണം നടത്തിയുള്ള സൗദി നയത്തിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്തരം ആഹ്വാനങ്ങൾ.
പാവങ്ങൾക്ക് അന്നം കൊടുക്കലും രോഗികളെ ശുശ്രൂഷിക്കലും ഭവനരഹിതനെ സഹായിക്കലുമാണ് വർഷാവർഷം ഹജ്ജ് ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമെന്നായിരുന്നു യൂസുഫുൽ ഖറദാവിയുടെ ഫത്വ. ലിബിയൻ മുഫ്തിയായിരുന്ന സ്വാദിഖ് ഗരിയാനിയും നിർബന്ധിത ഹജ്ജ്-ഉംറകളല്ലാതെയുള്ളവ നന്മയേക്കാൾ തിന്മയായി മാറുമെന്നു വരെ ഈ സാഹചര്യത്തിൽ പ്രതികരിക്കുകയുണ്ടായി. കൃത്യമായ സൗകര്യങ്ങളൊരുക്കാനാവാത്ത തരത്തിൽ വർദ്ധിപ്പിച്ചു വരുന്ന ഈ “ദൈവത്തിന്റെ അതിഥികളെ” സ്വീകരിക്കുന്ന നിലപാട് മുറുമുറുപ്പേറ്റുന്നുമുണ്ട്.
സൗദിക്ക് പുറമെ പല രാജ്യങ്ങളും ഹജ്ജിനെ വാണിജ്യ സാധ്യതയായി കണ്ടിരുന്നു. ഈ രാജ്യങ്ങളിൽ ചിലപ്പോൾ മുസ്ലിമേതര രാഷ്ട്രങ്ങൾ പോലും ഉൾപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിലെ ഹജ്ജ് യാത്രയിലെ സാധ്യത മുന്നിൽ കണ്ട് ബ്രിട്ടീഷ് ഭരണകൂടം ‘തോമസ് കുക്ക് ആൻഡ് സൺ’ (Thomas Cook & Son) ട്രാവൽ ഏജൻസിയെ ഔദ്യോഗികമായി ഹജ്ജ് യാത്രാ സൗകര്യത്തിനായി നിയമിച്ചിരുന്നു. ഇത്തരം വാണിജ്യ സാധ്യതകൾ കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. 2010 മുതൽ ചൈന ഹജ്ജ് യാത്രാ സൗകര്യത്തിനായൊരുക്കിയ മക്ക ലൈറ്റ് റെയിൽ, ഹറമൈൻ സ്പീഡ് റെയിൽവേ തുടങ്ങിയ പദ്ധതികളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു. അതീസ്റ്റ് രാജ്യമായ ചൈന പോലും കൃത്യമായി ദൈവ ആരാധനയായ ഹജ്ജിനെ കമോഡിറ്റിയായി (Commodity) നോക്കിക്കാണുന്നതായി മനസ്സിലാക്കാനാകും.
ഇസ്ലാമിന്റെ കടന്നുവരവിന് മുമ്പേ പലതവണ കഅബയുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഖുലഫാഉർറാശിദൂന്റെ കാലത്ത്, വിശിഷ്യാ ഖലീഫ ഉമർ, ഉസ്മാൻ (റ) മാരുടെ കാലത്ത് ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഉമവിയ്യ കാലഘട്ടത്തിൽ അബ്ദുൽ മലിക് ബനു മർവാനും പിന്നീട് മകൻ വലീദും കഅബ നേരിട്ട ആഭ്യന്തര യുദ്ധ പരിണിതഫലങ്ങളെ അറ്റകുറ്റപ്പണി നടത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. പിന്നീട് മക്ക-കൂഫ ബന്ധിപ്പിക്കുന്ന “ദർബ് സുബൈദ” പാത അബ്ബാസി ഖലീഫ അബൂജഅഫറുൽ മൻസൂർ തുടക്കം കുറിക്കുകയും, പേരമകളും ഖലീഫ ഹാറൂൻ റഷീദിന്റെ ഭാര്യയുമായ രാജ്ഞി സുബൈദയുടെ മേൽനോട്ടത്തിൽ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.
ഇതു കൂടാതെ അബ്ബാസികൾ പള്ളി വികസന പ്രവർത്തനങ്ങളും നടത്തിയിരുന്നു. മംലൂക് സുൽത്താൻ ബൈബർസിന്റെ കാലത്ത് ദർബ് അൽ മിസ്രി പാത വികസിപ്പിച്ചെടുത്തിരുന്നു. 1630-ൽ സംഭവിച്ച വെള്ളപ്പൊക്കം കഅബയെ ബാധിച്ചപ്പോൾ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഓട്ടോമൻ സുൽത്താൻ മുറാദ് നാലാമനവനായിരുന്നു. കഅബ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വ്യത്യസ്ത മുസ്ലിം ഭരണകൂടങ്ങൾ കൃത്യമായി ഇടപെട്ടിരുന്നു. കൂടാതെ ദർബ് സുബൈദ, ദർബ് അൽ മിസ്രി തുടങ്ങിയവ വ്യത്യസ്ത മുസ്ലിം ഭരണകൂടങ്ങൾക്ക് ഹജ്ജ് എക്കണോമി സാധ്യമാക്കിയിരുന്നു.
നിലവിലെ കൺസ്യൂമറിസ്റ്റിക് വേൾഡിൽ (Consumerist world) ഇസ്ലാമിക പഞ്ചസ്തൂപങ്ങളിലൊന്നായ ഹജ്ജ് പൂർണ്ണമായും വാണിജ്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് അനിഷേധ്യ വസ്തുതയാണ്. ഇത്തരം സമീപനങ്ങൾ ഹജ്ജിന്റെ പരിശുദ്ധിയെയും ആത്മീയ ചൈതന്യത്തെയും പാടെ കെടുത്തിക്കളയുമോ എന്ന് പലരും സംശയിക്കുന്നു. ഒരുപക്ഷേ, ഇത്തരം സമീപനം ഇസ്ലാമിന് മുമ്പുള്ള ഹജ്ജുകളിൽ പോലും പ്രകടമായിരുന്നു. അറബികൾ ഹജ്ജ് വേളകളെ കച്ചവട സാധ്യതകൾക്കായി കൃത്യമായി ഉപയോഗിച്ചിരുന്നു. തുടർന്നുള്ള ഇസ്ലാമിലെ പഴയകാല ഹജ്ജ് വേളകളിൽ ബഗ്ദാദ്, ഡമസ്കസ്, കൈറോ പോലുള്ള ഇതര നാടുകളിലെ കച്ചവട ഉൽപ്പന്നങ്ങൾ ഹജ്ജ് യാത്രാ സംഘങ്ങളുടെ കൂടെയുണ്ടാകുമായിരുന്നു.
ചിലപ്പോഴെങ്കിലും ഹജ്ജ് യാത്രാ ചെലവിനായി ഇത്തരം കച്ചവട വസ്തുക്കൾ ഹാജിമാർ കരുതുക പോലും ചെയ്തിരുന്നു. ആദ്യകാല ബ്രിട്ടീഷ് ട്രാവൽ ഏജൻസിയായ തോമസ് കുക്ക് ആൻഡ് സൺ നടത്തിയിരുന്ന ഹജ്ജ് യാത്രകളിലുണ്ടായിരുന്ന ഹാജിമാർ യാത്രാ ചെലവിനായും മറ്റും കയ്യിൽ കരുതിയിരുന്ന കച്ചവട സാമഗ്രികളെപ്പറ്റി മിഷേൽ ക്രിസ്റ്റഫർ, “ലോ ദി ഇൻഫിഡൽ പൈലറ്റിംഗ് ദി ട്രൂ ബിലീവർ; തോമസ് കുക്ക് ആൻഡ് ദി ബിസിനസ് ഓഫ് കൊളോണിയൽ ഹജ്ജ്” എന്ന പഠനത്തിൽ പ്രതിപാദിക്കുന്നതായി കാണാം. അന്നും ഇന്നും നിലനിൽക്കുന്ന ഇത്തരം വാണിജ്യവൽക്കരണങ്ങളൊന്നും ഹജ്ജിന്റെ തനതായ സത്തയെ ബാധിച്ചിരുന്നില്ല, ബാധിക്കുന്നുമില്ല.
പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ഇബ്നു ഖൽദൂൻ നിരീക്ഷിച്ചത് ഒരു തുള്ളി മറ്റൊരു തുള്ളിയോട് സാദൃശ്യം തോന്നിക്കുന്നതുപോലെ ഭൂതം വർത്തമാനത്തെ സാദൃശ്യപ്പെടുത്തുന്നുവെന്നാണ്. ഓരോ കാലത്തും ആരാധനകളുമായി ബന്ധപ്പെട്ടും മറ്റും വാണിജ്യവൽക്കരണം നടന്നിട്ടുണ്ട്. കാലാനുസൃതമായി ആരാധനാ കേന്ദ്രങ്ങളെയും അതിനെ ചുറ്റിപ്പറ്റിയും മാറ്റങ്ങൾ പുൽകിയിട്ടുമുണ്ട്, അത്തരത്തിൽ മാത്രമേ ഹജ്ജുമായി ബന്ധപ്പെട്ട നിലവിലുള്ള വാണിജ്യവൽക്കരണത്തെയും കാണേണ്ടതുള്ളൂ. ദൈവികാരാധനാ കേന്ദ്രങ്ങൾ സിവിലൈസ്ഡ് ആയി മാറുകയും അവിടങ്ങളിൽ കച്ചവട സാധ്യതകൾ വർദ്ധിക്കുകയും ചെയ്യുന്നത് സർവ്വസാധാരണമാണ്. വ്യത്യസ്ത മതവിഭാഗങ്ങളിലെ ഉത്സവങ്ങൾ, നേർച്ചകൾ, ആചാരങ്ങൾ, ആഘോഷങ്ങൾ വാണിജ്യ സാധ്യതകൾ തുറക്കുന്നത് സർവ്വവ്യാപിയായി കാണപ്പെടുന്നു. ഇത്തരം വാണിജ്യങ്ങൾ സാംസ്കാരിക സാധാരണത്വത്തിന്റെ (Cultural Normality) ഭാഗം കൂടിയായിരുന്നു.
അത്തരത്തിൽ ഇന്നത്തെ ഹജ്ജിലുള്ള കമോഡിഫിക്കേഷൻ (Commodification) ഹജ്ജിന്റെ അന്തസത്തയിലുള്ള ആത്മീയതയെ കാർന്നെടുത്തിട്ടില്ല, കാർന്നെടുക്കാനuമാവില്ല. ഇസ്ലാം അടിയൊലിച്ചു പോകുന്ന നദിയല്ല, ഉറച്ചുനിൽക്കുന്ന കഅബയുടെ പ്രതിബിംബമാണെന്ന് സയ്യിദ് ഹുസൈൻ നസ്ർ പറഞ്ഞുവെച്ചതുപോലെ (സയൻസ് ആൻഡ് സിവിലൈസേഷൻ ഇൻ ഇസ്ലാം) ഈ കമോഡിഫിക്കേഷനുമൊപ്പവും विश्वासിയുടെ ഹൃദയത്തിലെപ്പോഴും അന്തസത്ത നശിക്കാത്ത ആരാധനയായി തന്നെ ഹജ്ജ് കുടികൊണ്ടിരിക്കും.
വാണിജ്യവൽക്കരണ കാലത്ത് നാം ചെയ്യുന്ന ഹജ്ജുകളിൽ ആത്മീയമായ അന്തസത്ത നശിക്കാതിരിക്കാൻ ഇമാം ഗസ്സാലി (റ) ‘കിതാബു അസ്റാരിൽ ഹജ്ജ്’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞുവെക്കുന്ന ചില മര്യാദകൾ പാലിച്ചാൽ മതിയാകും.
“ഹജ്ജിന്റെ സമ്പാദ്യം ഹലാലാവുകയും നിയ്യത്ത് ആരാധനയാവുകയും ചെയ്യുക. അവസാന കാലത്ത് ഉല്ലാസത്തിനായി ഹജ്ജ് ചെയ്യുന്ന ഭരണാധികാരികൾ, കച്ചവടത്തിനായി ഹജ്ജ് ചെയ്യുന്ന ധനാഢ്യർ, യാചനയ്ക്കായി ഹജ്ജ് ചെയ്യുന്ന ദരിദ്രർ, പ്രശസ്തിക്കായി ഹജ്ജ് ചെയ്യുന്ന പണ്ഡിതരുണ്ടാകുമെന്ന നബി വചനം”.
പരമ ലക്ഷ്യം ആരാധനയാവുകയാണ് വേണ്ടതെന്ന സാരം. “ദൈവ ശത്രുക്കൾക്ക് ടാക്സ് നൽകി സഹായിക്കരുത്”. “നല്ല രീതിയിൽ ആവശ്യമായ പാഥേയമൊരുക്കുകയും അമിതവ്യയമില്ലാതെ ആവശ്യമായ രീതിയിൽ നല്ലവണ്ണം ചെലവഴിക്കലുമാണ്. ഏറ്റവും നല്ല ഹാജി നിഷ്കളങ്കമായ നിയ്യത്തുള്ളവനും വൃത്തിയായി ചെലവുകൾ നടത്തിയവനുമാണത്രേ”. ചെലവഴിക്കലല്ല ഉദ്ദേശ്യശുദ്ധിയാണ് പ്രാധാന്യമെന്ന സാരം.
എക്കാലത്തും ആത്മീയമായ ഹജ്ജിന് വിഘാതമാവുന്നത് കൃത്യതയാർന്ന നിയ്യത്തിന്റെ അഭാവമാണ്. വാണിജ്യവൽക്കരണം ഒരു ആരാധനയുടെയും പരിശുദ്ധി നശിപ്പിക്കുന്നില്ല. ഓരോ കാലത്തും ആരാധനാ ബന്ധിത ഒരുമിച്ചുകൂടലുകളിൽ നടന്ന വാണിജ്യ സമ്പ്രദായ രീതി പോലെ കാലോചിതമായി ഹജ്ജിലുമത് സംഭവിച്ചിട്ടുണ്ട്, നിലവിലത് തുടരുന്നുമുണ്ട്. അപ്പോഴും മുസ്ലിമിന്റെ ആത്മീയ ചൈതന്യം തളിриടുന്ന ആരാധനയായി തന്നെ ഹജ്ജ് നിലനിൽക്കും.





