മുസ്ലിങ്ങൾ പണ്ഡിതന്മാരെ സമീപിക്കേണ്ടത് എന്തുകൊണ്ട്? ഖുർആനും ഹദീസും പ്രമാണങ്ങളായുണ്ടെന്നിരിക്കെ അവ മനസ്സിലാക്കാൻ ആധുനിക സാങ്കേതിക വിദ്യയാൽ സാധ്യമാവുന്ന നവകാലത്ത് തെറ്റുപറ്റാൻ സാധ്യതയുള്ള മനുഷ്യർ മധ്യവർത്തികളാവേണ്ടതുണ്ടോ? പുസ്തകങ്ങളോ വെബ്സൈറ്റുകളോ ഉപയോഗിച്ച് മതപരമായ വിഷയങ്ങളിൽ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാൻ മുസ്ലീങ്ങൾക്ക് കഴിയുമോ? തുടങ്ങിയ ചോദ്യങ്ങൾ നവകാലത്ത് പ്രസക്തമാണ്. ഈ ചോദ്യങ്ങളെ നേരായ ദിശയിൽ സമീപിക്കാത്തതാണ് പല അവാന്തര വിഭാഗങ്ങളെയും വഴിതെറ്റിച്ചതും.
പണ്ഡിതോചിതമായ വൈദഗ്ധ്യത്തെ ആശ്രയിക്കേണ്ടതിൻ്റെ ആവശ്യകത മാത്രമല്ല, അത്തരം മതപരമായ അധികാരത്തെ അംഗീകരിക്കുന്നത്, സ്വന്തം ധാർമ്മിക വിധിന്യായം പ്രയോഗിക്കുന്നതിൽ നിന്ന് മുസ്ലീങ്ങളെ പൂർണ്ണമായും ഒഴിവാക്കുന്നില്ലെന്നും വ്യക്തമാക്കാനാണ് ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്പിലെ വ്യാവസായിക വിപ്ലവത്തോടും കൊളോണിയലിസത്തോടും ഒത്തുചേർന്ന സാമൂഹിക സാംസ്‌കാരിക മാറ്റങ്ങൾ മനുഷ്യ ജനസംഖ്യയുടെ ഒരു ചെറിയ വിഭാഗത്തിന്റെ ആശയങ്ങളെ ആഗോളവൽക്കരിച്ചതോടെ ഇന്നത്തെ പലരുടെയും കണ്ണിൽ ഉലമാക്കളെ അപ്രസക്തരായി തോന്നിപ്പിച്ചു.
ഒരു സ്വഹാബി വര്യന് യാത്രമധ്യേ കുളി നിർബന്ധമായി. തലയ്ക്ക് സാരമായി പരിക്കേറ്റതിനാൽ വെള്ളം ഉപയോഗിക്കുക അപകടകരമാണെന്ന് തിരിച്ചറിഞ്ഞ സ്വഹാബി, പകരം തയമ്മും സാധ്യമാണോ എന്ന് മറ്റു സ്വഹാബാക്കളോട് ചോദിച്ചു. വെള്ളം കൊണ്ടുള്ള കുളി അനിവാര്യമാണെന്നായിരുന്നു അവരുടെ മറുപടി. സ്വഹാബി അപ്രകാരം ചെയ്യുകയും അതുകാരണം മരണപ്പെടുകയും ചെയ്തു. ഈ സംഭവ ശേഷം വെള്ളം കൊണ്ട് തന്നെ കുളി അനിവാര്യമാണെന്ന് ഉറപ്പുപറഞ്ഞ സ്വഹാബത്തിനെ ശാസിച്ചുകൊണ്ട് പ്രവാചകർ പറഞ്ഞത് ഇപ്രകാരമാണ്: “അവർ അവനെ കൊന്നു. അല്ലാഹു അവരെ കൊല്ലട്ടെ!”. ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു ഖയ്യിം അൽ ജൗസിയ്യ (റ) അറിവില്ലാത്ത വിഷയങ്ങളിൽ ഫത്വ പറയുന്നതിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നുണ്ട്. അറിവില്ലാതെ ഫത്‌വ നൽകിയവരെ അപലപിച്ച ശേഷം, പ്രവാചകൻ കൂട്ടിച്ചേർത്തു: “അറിയാത്തപ്പോൾ അവർക്ക് ചോദിക്കാൻ കഴിയില്ലേ? അജ്ഞതയുടെ പരിഹാരം ചോദിക്കലാണ്”.
മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിൽ വിദഗ്‌ധരെ ആശ്രയിക്കുക അനിവാര്യമാണ്. വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ്, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും വിദഗ്‌ധരെ നാം ആശ്രയിക്കുന്നു. ഫലപ്രദമായ ജീവിതം നയിക്കാൻ നമുക്കെല്ലാവർക്കും വിദഗ്‌ധർ ആവശ്യമായതുപോലെ, സാധാരണ മുസ്ലീങ്ങൾക്ക് ഖുർആനിന്റെയും സുന്നത്തിന്റെയും ജ്ഞാനം നേടുന്നതിന് ഉലമാക്കൾ ആവശ്യമാണ്. ഇസ്ലാം ദീനിയായ ജ്ഞാനങ്ങളിൽ ധാരണയുള്ളവരാകാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വ്യത്യസ്തങ്ങളായ വിജ്ഞാന ശാസ്ത്രങ്ങളിൽ ഗ്രാഹ്യമുള്ളവരാണ് ഓരോ പണ്ഡിതന്മാരും. അതിനാൽ ഒരു പ്രത്യേക മേഖലയിൽ পরিജ്ഞാനികളല്ലാത്തവർ വിദഗ്‌ധരെ ആശ്രയിക്കണം.
ഇസ്ലാമിക പ്രാമാണിക ഗ്രന്ഥങ്ങൾ എളുപ്പത്തിൽ ലഭ്യമാണെങ്കിലും എങ്ങനെ മനസ്സിലാക്കണമെന്നതിനെക്കുറിച്ച് എന്തെങ്കിലും ആശയക്കുഴപ്പം അനുഭവപ്പെടുന്നുണ്ടെങ്കിൽ, വ്യക്തതയ്ക്കായി അവർക്ക് ഉലമാക്കൾ അനിവാര്യമാണ്. ഇതിനെക്കുറിച്ച് വിശുദ്ധ ഖുർആനിൽ അല്ലാഹു സൂചിപ്പിക്കുന്നു: “നിങ്ങൾക്കറിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക” (16:43).
ഖുർആനിലെ ഓരോ അക്ഷരത്തിനും അതിന്റേതായ പ്രാധാന്യങ്ങൾ കാണാം. അവ തിരിച്ചറിയാൻ പലപ്പോഴും പണ്ഡിതർക്ക് മാത്രമേ സാധ്യമാകൂ. ഖുർആനിലെ വുളുവിനെക്കുറിച്ചുള്ള ആയത്തിൽ (അൽ-മാഇദ 5:6) സാധാരണയായി “നിങ്ങളുടെ തലകൾ തുടയ്ക്കുക” എന്ന് വിവർത്തനം ചെയ്യപ്പെടുന്ന ഒരു വാക്യമുണ്ട്. വാക്യത്തിലെ ‘ബി’ (ബീ) എന്ന അക്ഷരം എങ്ങനെ മനസ്സിലാക്കണം എന്നതിൽ പണ്ഡിതന്മാർ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ സൂചിപ്പിച്ചതായി കാണാം. വ്യാകരണ പണ്ഡിതന്മാർ സൂചിപ്പിക്കുന്നത് ‘ബി’ എന്നതിന് പതിനാല് വ്യത്യസ്ത അർത്ഥങ്ങളുണ്ടെന്നാണ്. അതിനാൽ ആയത്തിലെ “തടവൽ” എന്നതുകൊണ്ട് തലമുടി മുഴുവൻ ഭാഗം തടവേണ്ടതുണ്ടോ അല്പം ഭാഗം മാത്രം മതിയാകുമോ എന്നതിൽ കർമ്മശാസ്ത്ര പണ്ഡിതർ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വീകരിച്ചതായി കാണാം. ഇവിടെ യഥാർത്ഥ നിഗമനത്തിലേക്ക് എത്തിച്ചേരാൻ വിദഗ്ധ പണ്ഡിത ചിന്തകൾ അനിവാര്യമാണ്. ഈ സങ്കീർണ്ണത ഖുർആനിലെ മറ്റ് ഏകദേശം 6,000 ആയത്തുകളിലും പതിനായിരക്കണക്കിന് ഹദീസ് റിപ്പോർട്ടുകളിലും നിലനിൽക്കുന്നതാണ്. ഇതിൽനിന്നുതന്നെ ഇസ്ലാമിക പ്രമാണങ്ങളുടെ ശരിയായ വ്യാഖ്യാനത്തിലെത്തുക എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് മനസ്സിലാക്കാൻ കഴിയും.
ഇസ്ലാമിക ചരിത്രത്തിലുടനീളം, മുസ്ലിം സമൂഹങ്ങളെ രൂപീകരിച്ച പ്രധാന സ്ഥാപനങ്ങൾക്ക് നിയമപരവും ആത്മീയവുമായ അടിത്തറ നൽകുന്നതിൽ ഉലമാക്കൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ അവരുടെ അധ്വാനം സമൂഹങ്ങൾക്ക് വിലമതിച്ചതായി തോന്നുന്നത് അതിശയകരമല്ല. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പണ്ഡിതന്മാരിലൊരാളായ അബൂ ഹാമിദ് അൽ ഗസ്സാലി (റ) (മ. 505/1111) ഇഹ്്യാഉ ഉലൂമിദ്ദീനിൽ ഇങ്ങനെ ആശങ്കപ്പെടുന്നുണ്ട്: ഫിഖ്ഹ് എത്ര അഭിമാനകരമായിരുന്നു എന്നതിനാൽ മുസ്ലീങ്ങൾ വൈദ്യശാസ്ത്ര പഠനം ഉപേക്ഷിച്ച് ഇസ്ലാമിക നിയമ പഠനങ്ങളിലേക്ക് (ഫിഖ്ഹ്) തിരിയുകയാണ്. ഗസ്സാലി (റ) ഇത് സൂചിപ്പിക്കാൻ കാരണം, അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ഇസ്ലാമിക കർമ്മ ശാസ്ത്രജ്ഞരുടെ സ്ഥാനം ചെറുതായിരുന്നില്ല. അതിനാൽ തന്നെ സാമൂഹിക സ്ഥാനം ലക്ഷ്യം വെച്ച് ആത്മീയതയെന്ന ലക്ഷ്യം മറക്കുകയാണ് പണ്ഡിതന്മാർ എന്ന ആശങ്കയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
നവയുഗത്തിൽ, പ്രത്യേകിച്ച് പാശ്ചാത്യ മുസ്ലിങ്ങൾക്കിടയിൽ കൂടുതൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജ്ഞാന മേഖല വൈദ്യശാസ്ത്രമാണ്. ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ വൈദ്യശാസ്ത്രമാണ് കർമ്മ ശാസ്ത്രത്തേക്കാൾ സാമൂഹിക ശ്രേണിയിൽ മുൻപന്തിയിൽ നിൽക്കുന്നത് എന്ന് കാണാം. അതിനാൽ തന്നെ ഇമാം ഗസ്സാലി (റ) പണ്ഡിതരെ കുറിച്ച് മുന്നോട്ടുവെച്ച ആശങ്ക നിലനിൽക്കുന്നത് തന്നെയാണ്. ഇത് പണ്ഡിതന്മാരുടെ മതപരമായ അധികാരത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
ഗസ്സാലി(റ) പറയുന്നതുപോലെ, അഞ്ചാം നൂറ്റാണ്ടിൽ (പതിനൊന്നാം സി.ഇ നൂറ്റാണ്ട്) ഒരു നിയമജ്ഞനായിരിക്കുക എന്നത് ഒരാളെ സാമൂഹിക ശ്രേണിയിൽ മുൻപന്തിയിൽ പ്രതിഷ്ഠിച്ചു. ജുഡീഷ്യറിയിലും ഗവൺമെന്റ് തസ്തികകളിൽ നിറയുന്നതിനോടൊപ്പം, ഇസ്ലാമിക നിയമജ്ഞരെ എല്ലാതരം സാമ്പത്തിക വിഷയങ്ങളിലും കൂടിയാലോചിച്ചിരുന്നു. പ്രീമോഡേൺ ഇസ്ലാമിക സമൂഹങ്ങളുടെ അടിത്തറ ഇസ്ലാമിക മാനദണ്ഡങ്ങൾ, ധാർമ്മികത, നിയമങ്ങൾ എന്നിവ രൂപപ്പെടുത്തിയതുകൊണ്ടാണ് ഇസ്ലാമിക സമൂഹത്തിലെ നിയമ പഠനം വിദ്യാഭ്യാസ ശ്രേണിയുടെ ഉന്നതിയിൽ ഇരുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ മുസ്ലിം ലോകത്ത് അടിച്ചേൽപ്പിക്കപ്പെട്ട ആധുനികതയുടെ യൂറോപ്പ് കേന്ദ്രീകൃതവും മതേതരവുമായ സങ്കൽപ്പത്താൽ മാത്രമാണ് ഉലമാക്കൾ വഹിച്ച ചരിത്രപരമായ പങ്ക് കുറഞ്ഞുവന്നത്.
ഇന്ന് കാണുന്ന വിധത്തിൽ മുസ്ലിം സമൂഹം അധപ്പതിക്കുന്നത് ആധുനിക രാഷ്ട്രങ്ങളുടെ സ്ഥാപനത്തിലൂടെ പ്രദേശങ്ങളുടെ മതേതരവൽക്കരണമാണ്. കഴിഞ്ഞ 250 വർഷങ്ങളോളം, പൊതുവേ ഇസ്ലാമിക മൂല്യബോധത്താൽ പിന്തുണയ്ക്കപ്പെട്ടിരുന്ന മുസ്ലിം സമൂഹങ്ങളുടെ വൈവിധ്യമാർന്നതും വികേന്ദ്രീകൃതവുമായ നിയമ വ്യവസ്ഥകളെ ഉന്മൂലനം ചെയ്തു. ഈ മൂല്യങ്ങൾ പല മുസ്ലീങ്ങളുടെയും മനസ്സിൽ അത്യധികം ആഴത്തിൽ ആന്തരികവൽക്കരിക്കപ്പെടുകയും ചെയ്തു.
ഇസ്ലാമിലെ പാണ്ഡിത്യം കേവലം പുരുഷ കേന്ദ്രീകൃതം മാത്രമല്ല. പ്രായോഗികമായി, ഇത് മുസ്ലിം സമുദായങ്ങൾ അവരുടെ മുൻഗണനകൾ പുനർവിലയിരുത്തേണ്ട മറ്റൊരു മേഖലയാണ്. പുരുഷ ഉലമാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീ ആലിമാത്തുകൾ വളരെ കുറവാണ്. ഇതിന് ഭാഗികമായി കാരണം ഇതിനകം ചർച്ച ചെയ്‌ത കാര്യമായിരിക്കാം, അതായത് സാമൂഹിക അന്തസ്സിന്റെ അഭാവം. മറ്റൊരു കാരണം സ്ത്രീ ഉലമാക്കൾക്കുള്ള പരിശീലന അവസരങ്ങളുടെ അഭാവമാണ്.
നവകാലത്ത് സ്ത്രീകൾക്ക് നിരവധി മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം നൽകപ്പെടുന്നുണ്ട്. എന്നാൽ അപൂർവ്വമായി മാത്രമേ അവർക്ക് ശരീഅത്ത് ശാസ്ത്രങ്ങൾ ഉന്നത തലങ്ങളിൽ പഠിക്കാനുള്ള അവസരം ലഭിക്കുന്നുള്ളൂ. ആയിഷ (റ) മദീനയിലെ സ്ത്രീകളെ അവരുടെ മതത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടാൻ പ്രോത്സാഹിപ്പിച്ചിരുന്നു. സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയതായി കാണാം, അവർ പ്രസ്താവിച്ചു: “അൻസാറിന്റെ സ്ത്രീകൾ എത്ര മികച്ചവരാണ്. അവരുടെ ലജ്ജാശീലത്വം അവരുടെ ദീനിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടുന്നതിൽ നിന്ന് അവരെ തടഞ്ഞില്ല.”
പ്രവാചകനിൽ നിന്ന് വ്യത്യസ്തമായി, അവർ തെറ്റുകൾ ചെയ്താൽ അവരെ തിരുത്തുന്ന വെളിപാട് ലഭിക്കുമെന്ന് ഒരു പണ്ഡിതനും പ്രതീക്ഷിക്കാനാവില്ല. അതിനാൽ, മുസ്ലീങ്ങൾക്ക് അവരുടെ ഉലമാക്കളോടുള്ള പ്രതീക്ഷകൾ ഈ യാഥാർത്ഥ്യബോധത്താൽ നിയന്ത്രിക്കപ്പെടേണ്ടതാണ്. ഉലമാക്കളോടുള്ള ബഹുമാനം ഉണ്ടായിരിക്കെ തന്നെ, അവരെ പിശകിനോ തിരുത്തലിനോ അതീതമായ പീഠങ്ങളിൽ മുസ്ലീങ്ങൾ പ്രതിഷ്ഠിക്കരുത്. ഈ പ്രതിഷ്ഠയാണ് മുസ്ലിങ്ങൾക്കിടയിലെ പല സംഘടനാ പ്രശ്നങ്ങളുടെയും അടിസ്ഥാനം.
നമ്മുടെ സമുദായത്തിന്റെ ആദ്യകാല ഉലമാക്കൾ തങ്ങൾ ദൈവികമായി പിശകിൽ നിന്ന് സംരക്ഷിക്കപ്പെട്ട പ്രവാചകന്മാരല്ല, തെറ്റുകൾ ചെയ്യാൻ സാധ്യതയുള്ള മനുഷ്യരാണെന്ന് സ്വയം ബോധവാന്മാരായിരുന്നു. മഹാനായ മാലിക് ഇബ്നു അനസ് (റ) (മ. 189/795) ഉൾപ്പെടെയുള്ള നിരവധി ആദ്യകാല മുസ്ലീങ്ങളിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നതായി കാണാം: “പ്രവാചകനൊഴികെ എല്ലാവരിൽ നിന്നും നാം പ്രസ്താവനകൾ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.”
മനുഷ്യരുടെ അഭിപ്രായങ്ങളിൽ അന്തരമുണ്ടായിരിക്കെ തന്നെ, മുസ്ലിംകൾ ഖുർആനെയും തെറ്റിദ്ധരിക്കാനാവാത്ത സുന്നത്തിനെയും മാർഗദർശന സ്രോതസ്സുകളായി അംഗീകരിക്കുന്നുണ്ട്. എല്ലാ വ്യാഖ്യാനങ്ങളെക്കുറിച്ചും തെറ്റില്ലാത്ത അറിവ് ഉറപ്പു പറയുക സാധ്യമല്ലെങ്കിലും, വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും വിശാലമായ രൂപരേഖകളിൽ മുസ്ലിംകൾക്ക് അഭിപ്രായ ഭിന്നതകൾ ഇല്ല. നാല് മദ്ഹബുകളിലും മുഖ്യധാരയിൽ കാണപ്പെടുന്ന അഭിപ്രായങ്ങൾ നിയമാനുസൃതമായി പിന്തുടരാമെന്ന് സുന്നികൾ സമ്മതിക്കുന്നുണ്ട്. സൂക്ഷ്മമായ വിശദാംശങ്ങളിൽ ഉറപ്പ് അവകാശപ്പെടാനാവില്ലെങ്കിലും, പൊതുവായ വസ്തുതകളിൽ ഉറപ്പ് നൽകാം.
ഉലമാ മുസ്ലിംകൾക്ക് ആധികാരിക റഫറൻസാണെങ്കിലും, അവരും തെറ്റിദ്ധരിക്കപ്പെടാവുന്ന മനുഷ്യരാണ്. ഡോക്ടർമാരെയും അഭിഭാഷകരെയും പോലെ, ഉലമാക്കളും തെറ്റുകൾ ചെയ്യാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ആധുനിക ലോകത്ത് പ്രകടമാവുന്നത് അമിത ബഹുമാനം മാത്രമല്ല, മറിച്ച് ബഹുമാനത്തിന്റെ അഭാവം കൂടിയാണ്. മതപരിശീലനം ഗൗരവമായി എടുക്കാനും അതിന് സാമൂഹിക പ്രശസ്തി നൽകലും അത്യാവശ്യമാണ്.
ആധുനിക മുസ്ലിംകൾ സമകാലിക വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന മതപരമായ വൈദഗ്ധ്യം വികസിപ്പിക്കുന്നതിൽ വളരെ പിന്നിലാണ്. പ്രതിഭാശാലികൾ വൈദ്യശാസ്ത്രം, നിയമം എന്നിങ്ങനെയുള്ള “മതേതര” മേഖലകളിൽ എത്തുമ്പോൾ, താരതമ്യേന കുറഞ്ഞ കഴിവുള്ളവർ മാത്രമാണ് മതപഠനത്തിലേക്ക് വരുന്ന ഒരു ദുശ്ചക്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആധുനിക സമന്വയ സംവിധാനങ്ങൾ ഇതിലൊരു മാറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്.
പ്രവാചകൻ പറഞ്ഞു: “ആരെങ്കിലും അറിവ് തേടി സഞ്ചരിച്ചാൽ, അല്ലാഹു അവന് സ്വർഗ്ഗത്തിലേക്കുള്ള പാത എളുപ്പമാക്കും. പണ്ഡിതന്മാർ പ്രവാചകന്മാരുടെ അവകാശികളാണ്. പ്രവാചകന്മാർ ദീനാറുകളോ ദിർഹമുകളോ അല്ല, മറിച്ച് അറിവാണ് അനന്തരമായി നൽകുന്നവർ.” ശരിയായ ഉദ്ദേശ്യത്തോടെ അറിവ് അന്വേഷിക്കുന്നത് ഏറ്റവും ഗുണകരമാണ്, എന്നാൽ ലൗകിക കാരണങ്ങൾക്കായി പഠിക്കുന്നവർ നരകാഗ്നിയിലേക്ക് വിധിക്കപ്പെടാമെന്ന് മറ്റൊരു ഹദീസ് മുന്നറിയിപ്പ് നൽകുന്നത് കാണാം.
ഉലമാക്കൾ പ്രവാചകന്റെ അവകാശികളായി മുസ്ലിംകൾക്ക് ഖുർആനും സുന്നത്തും പിന്തുടരാൻ മാർഗനിർദേശം നൽകുന്നു. ഇസ്ലാമിക നാഗരികതാ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച അവരുടെ പ്രസക്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉലമാഇന്റെ പരിശീലനത്തിനായുള്ള സ്ഥാപനനിർമ്മാണം അടിയന്തിര സാമുദായിക കടമയാണ്. സ്ത്രീ ഉലമാക്കൾ ഉൾപ്പെടെയുള്ളവർ മാതൃകകളായി സേവിക്കണം. ആധുനിക മുസ്ലിംകൾ ഒരേസമയം ഉലമാഇനെ മാർഗദർശനത്തിന്റെ വിളക്കുതൂണുകളായി ബഹുമാനിക്കുകയും അവരുടെ മാനുഷിക ദൗർബല്യം തിരിച്ചറിയുകയും വേണം. ഇസ്ലാമിക പഠനത്തിന്റെ അവഗണന അവസാനിപ്പിച്ച് മതശാസ്ത്രങ്ങളുടെ പുതിയ പുനരുജ്ജീവനം ആവശ്യമാണ്. ഈ പ്രധാനപ്പെട്ട ചുമതലയ്ക്ക് ഉമ്മത്ത് അർഹമായ ശ്രദ്ധ നൽകാൻ തയ്യാറാവേണ്ടതുണ്ട്.
(വിവർത്തന സംഗ്രഹം: അസ്‌ലഹ്)





