എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സയന്‍സ് & റിലീജിയന്‍ വിഭാഗം ലക്ചററാണ് ഡോ. ശുഐബ് അഹ്‌മദ് മാലിക്ക്. കെമിക്കല്‍ എന്‍ജിനിയറിംഗ് ഡോക്ടറേറ്റ് ജേതാവ് കൂടിയായ അദ്ദേഹം, ഇസ്ലാം, ശാസ്ത്രം, തിയോളജി തുടങ്ങിയ മേഖലകളിലാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. 2021ല്‍ പുറത്തിറങ്ങിയ Islam and Evolution: Al-Ghazali and the Modern Evolutionary Paradigm എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരുകാലത്ത് ശാസ്ത്ര കഥകള്‍ മാത്രമായിരുന്ന പലതും ഇന്ന് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ, വിശിഷ്യാ നിര്‍മ്മിതബുദ്ധി (അക), അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം (റിയാലിറ്റി), യുക്തി (അഖ്ല്‍), മനുഷ്യന്‍ എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ സ്വാധീനിക്കും വിധം

നിര്‍മ്മിതബുദ്ധി ഇന്ന് എത്രത്തോളം വികസിച്ചിട്ടുണ്ട്? ഭാവിയെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
നിര്‍മിത ബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യം, യുക്തി, മനുഷ്യനായിരിക്കുന്നതിന്റെ അര്‍ത്ഥം തുടങ്ങിയ ഗഹനമായ, ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ ചോദ്യങ്ങളെ പുനഃപരിശോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ട്രഡീഷണല്‍ മുസ്‌ലിം ദൈവശാസ്ത്രജ്ഞര്‍ മനുഷ്യന്റെ ജ്ഞാനത്തിന്റെയും കര്‍തൃത്വത്തിന്റെയും അതിരുകളെക്കുറിച്ച് വളരെ മുമ്പുതന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിര്‍മ്മിതബുദ്ധി ആ ചര്‍ച്ചകളെ പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
നിര്‍മ്മിതബുദ്ധിയുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ – പ്രത്യേകിച്ച് ജനറേറ്റീവ് മോഡലുകള്‍ – മനുഷ്യന്റെ സര്‍ഗാത്മകത, യുക്തിചിന്ത, സ്വാഭാവിക സംഭാഷണത്തിന്റെ ഏതാനും രൂപങ്ങള്‍ എന്നിവയെ അസാമാന്യമാം വിധം അനുകരിക്കാന്‍ കഴിവുള്ളവയാണ്. മനുഷ്യരെപ്പോലെ ബോധപൂര്‍വമോ (കോണ്‍ഷ്യസ്) യുക്തിപൂര്‍വമോ അല്ലെങ്കിലും, ‘അഖ്ലി’ന്റെ ചില ഘടകങ്ങളെയെങ്കിലും അനുകരിക്കാനുള്ള അവയുടെ കഴിവ്, യുക്തിക്ക് നാം നല്‍കുന്ന നിര്‍വചനങ്ങളെ പുനരാലോചിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നുണ്ട്. ഇസ്ലാമിക തത്വചിന്തയില്‍, ‘അഖ്ല്‍’ എന്നത് കേവലം കണക്കുകൂട്ടാനും കാര്യങ്ങള്‍ വിലയിരുത്താനുമുള്ള കഴിവല്ല. മറിച്ച, ധാര്‍മ്മിക ഉത്തരവാദിത്തവും നൈതിക വിവേചനവും ആത്മീയ ദിശാബോധവും കൂടി ചേരുന്നതാണ്. നിലവില്‍ നിര്‍മിത ബുദ്ധിക്ക് ഈ ഗുണങ്ങള്‍ പ്രാപ്യമായിട്ടില്ല. എങ്കിലും, അവയുടെ കഴിവുകള്‍ മനുഷ്യന്റെ സത്താപരമായ സവിശേഷതയെക്കുറിച്ച് കൂടുതല്‍ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നുണ്ട്.